Skip to main content
[vorkady.com]

S2[279എ. ലൈസൻസ് കൂടാതെ പുറമ്പോക്ക് കൈവശപ്പെടുത്തൽ

(1) പഞ്ചായ ത്തിന്റെ വകയായതോ അതിൽ നിക്ഷിപ്തമായതോ അതിന്റെ നിയന്ത്രണത്തിലുള്ളതോ ആയ ഏതെങ്കിലും ഭൂമി, അതിന്റെ മുൻകൂട്ടിയുള്ള അനുമതി കൂടാതെ ആരെങ്കിലും കൈവശം വയ്ക്കുകയാണെങ്കിൽ, അങ്ങനെ കൈവശം വച്ചത് സംബന്ധിച്ച് അതാതുകാലങ്ങളിൽ പിഴ എന്ന നിലയിൽ പഞ്ചായത്ത് ആവശ്യപ്പെടുന്ന ഒരു തുക, നിർണ്ണയിക്കപ്പെടാവുന്ന പരിധികൾക്ക് വിധേയമായി, കൊടുക്കുവാൻ അങ്ങനെ ഭൂമി കൈവശം വച്ചിട്ടുള്ള ആൾ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.

എന്നാൽ, ഈ ഉപവകുപ്പ് പ്രകാരം ഒരാളോട് ഏതെങ്കിലും തുക ആവശ്യപ്പെടുന്നതിനുമുമ്പ്, അങ്ങനെ ആവശ്യപ്പെടുന്നതിനെതിരെ കാരണം ബോധിപ്പിക്കുവാൻ അയാൾക്ക് ഒരവസരം നൽകേണ്ടതാണ്.

(2) (1)-ആം ഉപവകുപ്പ് പ്രകാരമുള്ള ഏതെങ്കിലും തുക കൊടുക്കുവാൻ ഒരാൾ വീഴ്ച വരുത്തുന്നപക്ഷം, സെക്രട്ടറിയുടെ അപേക്ഷയിന്മേൽ, പഞ്ചായത്ത് പ്രദേശത്തിനുമേൽ അധികാരിതയുള്ള മജിസ്ട്രേട്ടിന് ആ തുക കോടതി ചുമത്തിയ ഒരു പിഴ എന്നതുപോലെ അതേ വിധത്തിൽ വസൂലാക്കാവുന്നതാണ്.

(3) (എ) ഏതെങ്കിലും ഭൂമി അനധികൃതമായി കൈവശം വയ്ക്കുകയും, അങ്ങനെ കൈവശം വച്ചത് സംബന്ധിച്ച (1)-ആം ഉപവകുപ്പ് പ്രകാരം പിഴ കൊടുക്കാൻ ബാദ്ധ്യസ്ഥനായിരിക്കുകയും ചെയ്യുന്ന ഏതൊരാളെയും സെക്രട്ടറിക്ക് കൈയോടെ ഒഴിപ്പിക്കാവുന്നതും, ആ ഭൂമിയിൽ കൃഷി ചെയ്ത ഏതെങ്കിലും വിളയോ, മറ്റുൽപ്പന്നമോ കണ്ടുകെട്ടലിന് വിധേയമാകുന്നതും അതിൽ ഉണ്ടാക്കിയ ഏതെങ്കിലും കെട്ടിടമോ, എടുപ്പോ അഥവാ നിക്ഷേപിക്കപ്പെട്ട ഏതെങ്കിലും സാധനമോ ന്യായമെന്ന് സെക്രട്ടറി കരുതുന്ന രേഖാമൂലമായ നോട്ടീസ് നൽകിയശേഷവും അയാൾ നീക്കം ചെയ്യാത്തപക്ഷം കണ്ടുകെട്ടലിന് വിധേയമാകുന്നതും അപ്രകാരം കണ്ടുകെട്ടിയ ഏതൊരു വസ്തുവും പഞ്ചായത്ത് നിർദ്ദേശിക്കാവുന്ന നടപടിക്രമമനുസരിച്ച കയ്യൊഴിയേണ്ടതുമാണ്.

(ബി) ഏതെങ്കിലും ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ആൾക്കോ അയാളുടെ ഏജന്റിനോ നോട്ടീസ് ലഭിച്ചശേഷം, ന്യായമെന്ന് സെക്രട്ടറി കരുതുന്ന സമയത്തിനുള്ളിൽ ഭൂമി ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു നോട്ടീസ് അയയ്ക്കുകയും, അങ്ങനെയുള്ള നോട്ടീസ് അനുസരിച്ച് അയാൾ പ്രവർക്കാതിരിക്കുകയും ചെയ്യുന്നപക്ഷം, അത് ഒഴിഞ്ഞു കൊടുക്കുവാൻ വിസമ്മതിക്കുന്ന ഏത് ആളെയും നീക്കം ചെയ്യുകയോ അല്ലെങ്കിൽ  നീക്കം ചെയ്യുവാൻ ഒരു കീഴുദ്യോഗസ്ഥനെ നിയോഗിക്കുകയോ ചെയ്യേണ്ടതും അങ്ങനെയുള്ള ഏതൊരാളെയും നീക്കം ചെയ്യുന്ന ഉദ്യോഗസ്ഥനെ ആരെങ്കിലും എതിർക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുകയാണെങ്കിൽ, സെക്രട്ടറിക്ക് ആ വസ്തുത കളക്ടർക്ക് റിപ്പോർട്ട് ചെയ്യാവുന്നതും, അങ്ങനെ ചെയ്താൽ കളക്ടർ ആ കേസ് സംബന്ധിച്ച സമ്മറി എൻക്വയറി നടത്തേണ്ടതും എതിർപ്പോ, തടസ്സമോ തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ബോധ്യമാകുന്നപക്ഷം, പ്രസ്തുത ആളെ അറസ്റ്റ് ചെയ്യുവാൻ ഒരു വാറണ്ട് പുറപ്പെടുവിക്കാവുന്നതും, അയാൾ ഹാജരാകുമ്പോൾ നിർണ്ണയിക്കപ്പെടാവുന്ന ഫാറത്തിലുള്ള ഒരു വാറണ്ടോടുകൂടി അയാളെ, അങ്ങനെയുള്ള തടസ്സമോ, എതിർപ്പോ തുടരുന്നത് തടയുവാൻ ആവശ്യമായേക്കാവുന്നതും മുപ്പതു ദിവസത്തിൽ കവിയാത്തതുമായ കാലത്തേക്ക് തടവുശിക്ഷയ്ക്കായി സിവിൽ ജയിലിൽ അയയ്ക്കാവുന്നതുമാണ്.

എന്നാൽ, ഈ വകുപ്പ് പ്രകാരം അങ്ങനെ തടവുശിക്ഷയ്ക്ക് അയയ്ക്കപ്പെടുന്ന യാതൊരാളെയും അതേ വസ്തുതകൾ സംബന്ധിച്ച് 1860-ലെ ഇന്ത്യൻ ശിക്ഷാ നിയമസംഹിതയിലെ (1860-ലെ 45-ആം കേന്ദ്രഅക്റ്റ്) 183, 186, 188 എന്നീ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷാ നടപടി കൾക്ക് വിധേയനാക്കുവാൻ പാടില്ലാത്തതാണ്.]


S2. 2013-ലെ 23-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 25.11.2012 മുതൽ പ്രാബല്യത്തില്‍ വന്നു.