228. സ്വകാര്യ വണ്ടിത്താവളങ്ങൾ
(1) യാതൊരാളും ഗ്രാമപഞ്ചായത്തിൽ നിന്നും ലൈസൻസു വാങ്ങാത്തപക്ഷം ഒരു പുതിയ സ്വകാര്യ വണ്ടിത്താവളം തുറക്കുകയോ, സ്വകാര്യ വണ്ടിത്താവളം തുറന്നു വച്ചുകൊണ്ടിരിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. അങ്ങനെയുള്ള ലൈസൻസ് ഓരോ വർഷവും ലൈസൻസുകാരൻ പുതുക്കിക്കേണ്ടതാണ്.
(2) ഗ്രാമപഞ്ചായത്ത്, അപേക്ഷിക്കപ്പെട്ടിരിക്കുന്ന ലൈസൻസ്, നിർണ്ണയിക്കപ്പെട്ട ഫീസ് അടയ്ക്കുന്നതിന് വിധേയമായും, മേൽനോട്ടം പരിശോധന എന്നിവയേയും ശുചീകരണത്തേയും, നിർണ്ണയിക്കപ്പെടാവുന്ന മറ്റു കാര്യങ്ങളേയും സംബന്ധിച്ചിടത്തോളം യുക്തമെന്ന് ഗ്രാമപഞ്ചായത്ത് കരുതുന്ന ഉപാധികൾക്ക് വിധേയമായും നിയമപ്രകാരം നേരത്തെതന്നെ സ്ഥാപിതമായ സ്വകാര്യവണ്ടിത്താവളങ്ങളെ സംബന്ധിച്ചിടത്തോളം, നൽകേണ്ടതും പുതിയ സ്വകാര്യ വണ്ടിത്താവളങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ യുക്താനുസരണം നൽകാവുന്നതും; അല്ലെങ്കിൽ ഗ്രാമപഞ്ചായത്തിന് ഏതെങ്കിലും പുതിയ വണ്ടിത്താവളത്തിന് അപ്രകാരമുള്ള ലൈസൻസ് നൽകാതിരിക്കാവുന്നതുമാണ്.
(3) ഗ്രാമപഞ്ചായത്തിന് ലൈസൻസിലെ ഉപാധികൾ ഒരു നിർദ്ദിഷ്ട തീയതി മുതൽ പ്രാബല്യത്തിൽ വരത്തക്കവണ്ണം ഭേദഗതി ചെയ്യാവുന്നതാണ്.
(4) ഗ്രാമപഞ്ചായത്തിന്, (2)-ആം ഉപവകുപ്പുപ്രകാരം നൽകപ്പെട്ട ഏതൊരു ലൈസൻസും അതിലെ ഉപാധികൾ ലംഘിച്ചാൽ ഏതവസരത്തിലും സസ്പെന്റു ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാവുന്നതാണ്.
(5) ഈ വകുപ്പുപ്രകാരം ഓരോ പ്രാവശ്യവും ലൈസൻസു നൽകുകയോ പുതുക്കുകയോ ചെയ്യുമ്പോൾ ഇരുന്നുറു രൂപയിൽ കവിയാത്ത ഫീസ് ഗ്രാമപഞ്ചായത്തിന് വസൂലാക്കാവുന്നതാണ്.
(6) ഒരു സ്വകാര്യ വണ്ടിത്താവളത്തിന്റെ ലൈസൻസുകാരന് നിർണ്ണയിക്കപ്പെട്ട പരമാവധിയിൽ കവിയാത്ത നിരക്കുകളിൽ ഫീസ് വസൂലാക്കാവുന്നതാണ്.
No Comments