97. കുറ്റക്കാരനാക്കാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതും നഷ്ടോത്തരവാദ സർട്ടിഫിക്കറ്റും
(1) യാതൊരു സാക്ഷിയേയും ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണയിൽ, വിചാരണ വിഷയത്തിന് പ്രസക്തമായ ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഏതെങ്കിലും ചോദ്യത്തിന് ഉത്തരം പറയുന്നതിൽനിന്ന്, അങ്ങനെയുള്ള ചോദ്യത്തിന്റെ ഉത്തരം, തന്നെ കുറ്റക്കാരനാക്കുകയോ കുറ്റക്കാരനാക്കാനിടവരുത്തുകയോ ചെയ്യാവുന്നതാണെന്നോ അല്ലെങ്കിൽ തന്നെ ഏതെങ്കിലും പിഴയ്ക്കാ കണ്ടുകെട്ടലിനോ വിധേയനാക്കുകയോ വിധേയനാകാനിടവരുത്തുകയോ ചെയ്യാവുന്ന താണെന്നോ ഉള്ള കാരണത്താൽ, ഒഴിവാക്കുവാൻ പാടില്ലാത്തതാകുന്നു;
എന്നാൽ -
(എ) തന്നോട് ഉത്തരം പറയാൻ ആവശ്യപ്പെടുന്ന എല്ലാ ചോദ്യങ്ങൾക്കും, സത്യസന്ധമായി ഉത്തരം പറയുന്ന ഒരു സാക്ഷിക്ക് കോടതിയിൽ നിന്ന് ഒരു നഷ്ടോത്തരവാദ സർട്ടിഫിക്കറ്റ കിട്ടാൻ അവകാശമുണ്ടായിരിക്കുന്നതും,
(ബി) കോടതിയോ കോടതിയുടെ മുൻപാകെയോ വച്ച് ചോദിക്കുന്ന ചോദ്യത്തിന്, സാക്ഷി നൽകുന്ന ഉത്തരം, ആ തെളിവ് സംബന്ധിച്ച് കള്ളസാക്ഷി പറയുന്ന ഏതെങ്കിലും ക്രിമിനൽ നടപടിയുടെ സംഗതിയിലൊഴികെ, അയാൾക്കെതിരായുള്ള ഏതെങ്കിലും സിവിൽ നടപടിയിലോ ക്രിമിനൽ നടപടിയിലോ തെളിവായി സ്വീകരിക്കപ്പെടുന്നതല്ലാത്തതും,ആകുന്നു.
(2) ഏതെങ്കിലും സാക്ഷിക്ക് നഷ്ടോത്തരവാദ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളപ്പോൾ, അയാൾക്ക് അത് ഏതെങ്കിലും കോടതിയിൽ വാദമായി ഉദ്ധരിക്കാവുന്നതും അത് ഏത് കാര്യത്തെ സംബന്ധിച്ചുള്ളതാണോ ആ കാര്യത്തിൽ നിന്നും ഉൽഭവിക്കുന്ന ഇൻഡ്യൻ ശിക്ഷാ നിയമസംഹിത (1860ലെ 45-ആം കേന്ദ്ര ആക്റ്റ്) യിലെ അദ്ധ്യായം IXഎ-ക്കോ ഈ ആക്റ്റിലെ അദ്ധ്യായം IX-നോ കീഴിലോ ഉള്ള ഏതെങ്കിലും കുറ്റാരോപണത്തിലോ കുറ്റാരോപണത്തിൻമേലോ പൂർണ്ണവും സമഗ്രവുമായ എതിർവാദം ആയിരിക്കുന്നതും, എന്നാൽ അത് അയാളെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഈ ആക്റ്റോ മറ്റേതെങ്കിലും നിയമമോ ചുമത്തുന്ന ഏതെങ്കിലും അയോഗ്യതയിൽനിന്ന് വിമുക്തനാക്കുന്നതായി കരുതപ്പെടുന്നതല്ലാത്തതും ആകുന്നു.
No Comments