Skip to main content
[vorkady.com]

234ബി. നിലവിലുള്ള ജലവിതരണവും അഴുക്കുചാലും പദ്ധതികൾ സംബന്ധിച്ച പഞ്ചായത്തിന്റെ നിർവ്വഹണാധികാരം

(1) 1986-ലെ ജല വിതരണവും അഴുക്കുചാലും സംബ ന്ധിച്ച ആക്റ്റി (1986-ലെ 14),ലോ മറ്റേതെങ്കിലും നിയമത്തിലോ എന്തുതന്നെ അടങ്ങിയിരുന്നാലും 234 എ വകുപ്പു പ്രകാരം പഞ്ചായത്തിലേക്ക് നിക്ഷിപ്തമാക്കാനും അതിലേക്ക് മാറ്റാനും സാധിക്കാത്തതു ഒന്നിൽ കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭൂപ്രദേശത്തിനുള്ളിലെ താമസക്കാർക്ക് ഉപകരിക്കുന്നതുമായ ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച പദ്ധതികളുടെ സംരക്ഷണവും നടത്തിപ്പും സർക്കാർ ഇതിലേക്ക് രൂപീകരിക്കുന്ന കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.

(2) (1)-ആം ഉപവകുപ്പിൽ പരാമർശിക്കുന്ന കമ്മിറ്റിയിൽ,-

(എ) ബന്ധപ്പെട്ട മുനിസിപ്പാലിറ്റികളുടെ ചെയർപേഴ്സസൺമാർ; (ബി) ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാർ,

(സി) ബന്ധപ്പെട്ട പദ്ധതിയുടെ ജലഅതോറിറ്റിയിലെ സീനിയറായ എൻജിനീയർ, അദ്ദേഹം അതിന്റെ സെക്രട്ടറിയും കൺവീനറും ആയിരിക്കുന്നതാണ്;

എന്നിവർ അംഗങ്ങളായിരിക്കുന്നതും ബന്ധപ്പെട്ട പദ്ധതി ഏത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ കൂടുതലായി ഉപകരിക്കുന്നത് ആ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ചെയർ പേഴ്സസണോ പ്രസിഡന്റോ കമ്മിറ്റിയുടെ ചെയർമാൻ ആയിരിക്കുന്നതുമാണ്.

(3) കമ്മിറ്റിയുടെ അധികാരങ്ങളും ചുമതലകളും നിർവ്വഹിക്കുന്നതിനാവശ്യമായ ഫണ്ടും ആവശ്യമായ ജീവനക്കാരുടെ സേവനവും ജലഅതോറിറ്റി നൽകേണ്ടതാണ്.