Skip to main content
[vorkady.com]

204. തൊഴിൽ നികുതി

(1) നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി തൊഴിൽ നികുതി ഓരോ ഗ്രാമപഞ്ചായത്തു പ്രദേശത്തും ഓരോ അർദ്ധവർഷവും,-

(i) ആ പഞ്ചായത്ത് പ്രദേശത്ത് ആ അർദ്ധവർഷത്തിൽ മൊത്തം അറുപതു ദിവസത്തിൽ കുറയാതെ ഇടപാടു നടത്തുന്ന ഓരോ കമ്പനിയുടെയും;

(ii) ആ അർദ്ധവർഷത്തിൽ 

(എ)     (i) ആകെക്കൂടി അറുപതു ദിവസത്തിൽ കുറയാതെ ആ പഞ്ചായത്തു 
പ്രദേശത്തിനുള്ളിലോ; അഥവാ

(ii) ആകെക്കുടി അറുപതു ദിവസത്തിൽ കുറയാതെ ആ പഞ്ചായത്ത് പ്രദേശത്ത് താമസിച്ചുകൊണ്ട് അതിനു വെളിയിലോ, ഒരു തൊഴിലിലോ, കലയിലോ, ജോലിയിലോ ഏർപ്പെട്ടിരിക്കുന്നതോ അല്ലെങ്കിൽ ബിസിനസുനടത്തുകയോ പൊതുവോ സ്വകാര്യമായോ ആയ ഏതെങ്കിലും ഉദ്യോഗം വഹിക്കുന്നതോ; അഥവാ

(ബി) ആകെക്കുടി അറുപതുദിവസത്തിൽ കുറയാതെ ആ പഞ്ചായത്തു പ്രദേശത്ത് താമസിക്കുകയുംമുതൽ മുടക്കുകളിൽനിന്ന്എന്തെങ്കിലുംആദായം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവനോ ആയ ഏതൊരാളുടെയും, മേൽ ചുമത്തേണ്ടതാകുന്നു.

(2) നിർണ്ണയിക്കപ്പെട്ട പരമാവധി നിരക്കുകളിൽ കവിയാതെ ഗ്രാമപഞ്ചായത്ത് നിശ്ചയിക്കാവുന്ന നിരക്കുകളിൽ തൊഴിൽ നികുതി ചുമത്തേണ്ടതാകുന്നു.

(3) ഏതൊരാൾക്കും, നികുതിക്കുവിധേയമാണെന്ന് (1)-ആം ഉപവകുപ്പിൽ നിർദ്ദിഷ്ടമായ എല്ലാ മാർഗ്ഗങ്ങളിൽക്കുടിയുമുള്ള അയാളുടെ ആകെ വരുമാനത്തിന് അനുസൃതമായ വിഭാഗത്തിൽ അയാളെ ഉൾപ്പെടുത്തി നികുതി ചുമത്തേണ്ടതാകുന്നു.

M4[വിശദീകരണം - ഈ വകുപ്പിന്റെ ആവശ്യത്തിന് 'ആകെ വരുമാനം’ എന്നതിൽ വീട്ടുവാടക അലവൻസോ സിറ്റി കോമ്പൻസേറ്ററി അലവൻസോ യാത്രാസൗകര്യ അലവൻസോ യാത്രാ അലവൻസോ ഉൾപ്പെടുന്നതല്ല.]

(4) ഈ ആക്റ്റ് പ്രകാരം ചുമത്തപ്പെട്ട തൊഴിൽ നികുതിയോ, സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിൽ തൽസമയം നിയന്ത്രിക്കുന്ന ഏതെങ്കിലും നിയമപ്രകാരം ചുമത്തപ്പെട്ട തൊഴിൽ നികുതിയോ, 1924-ലെ കന്റോൺമെന്റ് ആക്റ്റ് പ്രകാരം ചുമത്തിയിട്ടുള്ള തൊഴിൽ നികുതിയുടെ സ്വഭാവത്തിലുള്ള ഏതെങ്കിലും നികുതിയോ, വകയിൽ ചെല്ലേണ്ട തുക സംസ്ഥാനത്തെ ഏതെങ്കിലും പഞ്ചായത്തിനോ നഗരപഞ്ചായത്തിനോ മുനിസിപ്പൽ കൗൺസിലിനോ മുനിസിപ്പൽ കോർപ്പറേഷനോ കന്റോൺമെന്റ് അധികാരസ്ഥാനത്തിനോ അതേ അർദ്ധവർഷത്തേക്ക് ഒരു കമ്പനിയോ ആളോ കൊടുത്തിട്ടുണ്ടെന്ന് ആ കമ്പനിയോ ആളോ തെളിയിച്ചാൽ, ഇടപാടുസ്ഥലം സംബന്ധിച്ചോ തൊഴിലിലോ കലയിലോ ജോലിയിലോ ഉദ്യോഗത്തിലോ ഏർപ്പെടുന്നതു സംബന്ധിച്ചോ വാസസ്ഥലം സംബന്ധിച്ചോ വല്ല മാറ്റവുമുണ്ടായി എന്ന കാരണത്താൽ മാത്രം, ആ കമ്പനിയോ ആളോ സംസ്ഥാനത്തെ മറ്റേതെങ്കിലും പഞ്ചായത്തിനോ നഗരപഞ്ചായത്തിനോ മുനിസിപ്പൽ കൗൺസിലിനോ മുനിസിപ്പൽ കോർപ്പറേഷനോ കന്റോൺമെന്റ് അധികാരസ്ഥാനത്തിനോ ആ തുകയും ഈ ആക്റ്റ് പ്രകാരമോ മുനിസിപ്പാലിറ്റികളേയോ കന്റോൺമെന്റിനെയോ നിയന്ത്രിക്കുന്ന നിയമമോ പ്രകാരം അർദ്ധ വർഷത്തേക്ക് ആ കമ്പനിയോ അയാളോ മറ്റു പ്രകാരം കൊടുക്കാൻ ബാദ്ധ്യസ്ഥമായ തൊഴിൽ നികുതിയോ കമ്പനി നികുതിയോ വകയിലുള്ള തുകയും തമ്മിലുള്ള വ്യത്യാസത്തിൽ കൂടുതൽ കൊടുക്കാൻ ബാദ്ധ്യസ്ഥരാകുന്നതല്ല.

(5) ഈ വകുപ്പിൽ അടങ്ങിയിട്ടുള്ള യാതൊന്നുംതന്നെ ഒരു തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ പ്രാദേശിക പരിധിക്കുള്ളിൽ താമസിക്കുകയും മറ്റേതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തി ന്റെയോ അധികാരസ്ഥാനങ്ങളുടെയോ അതിർത്തിക്കുള്ളിൽ തന്റെ തൊഴിലിലോ, കലയിലോ ജോലിയിലോ ഏർപ്പെടുകയും അല്ലെങ്കിൽ ബിസിനസു നടത്തുകയും അല്ലെങ്കിൽ ഏതെങ്കിലും ഉദ്യോഗം വഹിക്കുകയും ചെയ്യുന്ന ആളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേതെങ്കിലും ചുമത്താവുന്ന നികുതിത്തുക്കളിൽ ഏതു തുകയാണോ കൂടുതലായിട്ടുള്ളത് ആ തുകയിലും കൂടുതലായ ഉയർന്ന തൊഴിൽ നികുതിക്ക് ബാദ്ധ്യസ്ഥനാക്കുന്നതായി കരുതുവാൻ പാടില്ലാത്തതാകുന്നു. അപ്രകാരമുള്ള സംഗതികളിൽ ഉയർന്ന നിരക്കിലുള്ള നികുതിചുമത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനം നികുതി വസൂലാക്കേണ്ടതും നിർണ്ണയിക്കപ്പെട്ട അനുപാതത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കിടയിൽ വീതിച്ചുകൊടുക്കേണ്ടതുമാകുന്നു:

എന്നാൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊരെണ്ണം ഒരു കന്റോൺമെന്റ് അധികാരസ്ഥാനമോ ഒരു മേജർ തുറമുഖത്തിന്റെ പോർട്ട് അതോറിറ്റിയോ ആയിരിക്കുന്നപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനം, നിർണ്ണയിക്കപ്പെടുന്ന രീതിയിൽ കേന്ദ്രസർക്കാരിൽനിന്നും നേടുന്ന സമ്മതത്തിന് വിധേയമായിരിക്കുന്നതാണ്.

(6) ഒരു ഫേമിൽനിന്നോ സംഘടനയിൽനിന്നോ വസൂലാക്കേണ്ട തൊഴിൽ നികുതി അതതു സംഗതിപോലെ ഫേമിന്റെയോ സംഘടനയുടെയോ ഏജന്റിൽനിന്ന് വസൂലാക്കാവുന്നതാണ്.

(7) (എ) ഒരു കമ്പനിയോ ആളോ ഏതെങ്കിലും തദ്ദേശപരിധിയിലെ ഒരു ഗ്രാമപഞ്ചായത്തിൽ ഇടപാടു നടത്തേണ്ട ആവശ്യത്തിനായി ആ കമ്പനിയേയോ ആ ആളെയോ, പ്രതിനിധാനം ചെയ്യാൻഒരു ജീവനക്കാരനെയോ ഏജന്റിനെയോ നിയമിക്കുന്ന പക്ഷം, ആ കമ്പനിയോ ആളോ തദ്ദേശപരിധിയിൽ ഇടപാടു നടത്തുന്നതായി കരുതപ്പെടേണ്ടതും, ആ ജീവനക്കാരനോ ഏജന്റോ, ആ കമ്പനിയുടെയോ ആളുടെയോ ഇടപാടു സംബന്ധിച്ച തൊഴിൽ നികുതിക്ക്, ആ കമ്പനിക്കോ ആൾക്കോ വേണ്ടി അവരെ ബാദ്ധ്യസ്ഥരാക്കുന്ന കരാറുകളിലേർപ്പെടുന്നതിന് ആ ജീവനക്കാരനോ ഏജന്റിനോ അധികാരമുണ്ടായിരുന്നാലും ഇല്ലെങ്കിലും, ബാദ്ധ്യസ്ഥനാകുന്നതുമാണ്.

(ബി) ഒരു കമ്പനിയോ ആളോ മറ്റൊരു കമ്പനിയുടെയോ ആളുടെയോ ഏജന്റാണെങ്കിൽ ആദ്യത്തെ കമ്പനിയുടെ ആളോ പ്രധാനി (പ്രിൻസിപ്പൽ) യുടെ അതേ ആദായത്തിൻമേലുള്ള തൊഴിൽ നികുതിക്ക് വെവ്വേറെ ബാദ്ധ്യസ്ഥനാകുന്നതല്ല.


M4. 2005-ലെ 31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.08.2005 മുതൽ പ്രാബല്യത്തില്‍ വന്നു.