Skip to main content
[vorkady.com]

149. അംഗങ്ങളുടെ ഉദ്യോഗകാലാവധി

(1) ഒരു ഗ്രാമപഞ്ചായത്തിലേയോ, ഒരു ബ്ലോക്ക് പഞ്ചായത്തിലേയോ അല്ലെങ്കിൽ ഒരു ജില്ലാ പഞ്ചായത്തിലേയോ അംഗങ്ങളുടെ ഉദ്യോഗകാലാവധി ആ പഞ്ചായത്തിന്റെ ആദ്യ യോഗം ചേരുന്നതിനു നിശ്ചയിച്ച തീയതി മുതൽ അഞ്ചു വർഷം ആയിരിക്കുന്നതാണ്.

(2) ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലെ അംഗങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന സാധാരണ ഒഴിവുകൾ, ആ ഒഴിവുകൾ ഉണ്ടാകുന്നതിനുമുൻപുള്ള മൂന്ന് മാസത്തിനുള്ളിൽ, സർക്കാർ യുക്തമെന്ന് കരുതുന്ന അങ്ങനെയുള്ള തീയതിയിലോ തീയതികളിലോ നടത്തുവാൻ നിശ്ചയിക്കുന്ന പൊതുതിരഞ്ഞെടുപ്പ് മുഖാന്തിരം നികത്തേണ്ടതാണ്.

T2[എന്നാൽ സന്ദർഭം ആവശ്യപ്പെടുന്നപക്ഷം വിവിധ തലങ്ങളിലെ പഞ്ചായത്തുകളിലേക്ക് ഒരേസമയം പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത് സാദ്ധ്യമാകുന്നതിന്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്നതനുസരിച്ച്, ഒഴിവുകളുണ്ടാകുന്നതിനു മുൻപുള്ള ആറുമാസത്തിനുള്ളിൽ പൊതു തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്.]

(3) ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്ത് അംഗത്തിന്റെ സ്ഥാനത്തിലുണ്ടാകുന്ന ആകസ്മിക ഒഴിവ്, ആ ഒഴിവ് ഉണ്ടായതിനുശേഷം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, B3(ആറ് മാസത്തിനകം] ഉപതിരഞ്ഞെടുപ്പു മുഖേന നികത്തേണ്ടതാണ്.

(4) കാലാവധി അവസാനിച്ച് സാധാരണ വിരമിക്കുവാനുള്ള തീയതിക്ക് ആറു മാസത്തിനുള്ളിലുണ്ടാകുന്ന ഒഴിവുകൾ നികത്തുന്നതിനായി ഉപതിരഞ്ഞെടുപ്പ് നടത്തുവാൻ പാടുള്ളതല്ല.

F2[(4എ) ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്ത് അംഗത്തിന്റെ സ്ഥാനത്തിലുണ്ടാകുന്ന ആകസ്മിക ഒഴിവ് ആ ഒഴിവ് ഉണ്ടായി ഏഴു ദിവസത്തിനകം ബന്ധപ്പെട്ട സെക്രട്ടറി നേരിട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിക്കേണ്ടതും പ്രസ്തുത സമയത്തിനുള്ളിൽ ഒഴിവ് കമ്മീഷനെ അറിയിക്കുന്നതിൽ ന്യായമായ കാരണം കൂടാതെ വീഴ്ച വരുത്തുന്ന സെക്രട്ടറി ആയിരം രൂപയോളം ആകാവുന്ന പിഴശിക്ഷ നൽകി ശിക്ഷിക്കപ്പെടാവുന്നതും ഇതിലേക്ക് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടായിരിക്കുന്നതുമാകുന്നു.]

(5) ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലേക്ക് ഒരു ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട അംഗം ഉടൻ തന്നെ ഉദ്യോഗത്തിൽ പ്രവേശിക്കേണ്ടതും, എന്നാൽ, ഏത് അംഗത്തിന്റെ സ്ഥാനത്തിലേയ്ക്കാണോ താൻ തിരഞ്ഞെടുക്കപ്പെട്ടത് ആ അംഗത്തിന് ഒഴിവ് ഉണ്ടായില്ലായിരുന്നുവെങ്കിൽ വഹിക്കുവാൻ അവകാശമുണ്ടാകുമായിരുന്നത്ര കാലയളവിലേക്ക് മാത്രം അയാൾ ഉദ്യോഗം വഹിക്കേണ്ടതും ആകുന്നു.


T2. 2014-ലെ 34-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 14.06.2010 മുതൽ പ്രാബല്യത്തിൽ വന്നു. 

B3. 1996-ലെ 7-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്യപ്പെട്ടു..27.03.1996 മുതൽ പ്രാബല്യത്തിൽ വന്നു.

F2. 2000-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 18.01.2000 മുതൽ പ്രാബല്യത്തിൽ വന്നു.