Skip to main content
[vorkady.com]

161. പഞ്ചായത്തുകളുടെ യോഗങ്ങൾ

(1) ഏതു തലത്തിൽപെട്ട ഒരു പഞ്ചായത്തിന്റെ യോഗവും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന അങ്ങനെയുള്ള ഇടവേളകളിൽ നടത്തേണ്ടതാണ്:

എന്നാൽ രണ്ട് യോഗങ്ങൾ തമ്മിലുള്ള ഇടവേള ഒരു മാസത്തിൽ കൂടുതലാകാൻ പാടില്ലാത്തതാകുന്നു.

E1[(1എ) 6-ആം വകുപ്പ് (1)-ആം ഉപവകുപ്പ് പ്രകാരം സർക്കാർ വിജ്ഞാപനം ചെയ്ത അംഗ സംഖ്യയുടെ മൂന്നിൽ ഒന്നിൽ കുറയാത്ത എണ്ണം വരുന്ന അംഗങ്ങൾ ഏതാവശ്യത്തിനാണോ യോഗം കുടേണ്ടതെന്ന് വ്യക്തമാക്കിക്കൊണ്ട് രേഖാമൂലം ഒരു നോട്ടീസ് പ്രസിഡന്റിന് നൽകുകയാണെങ്കിൽ അക്കാര്യം പരിഗണിക്കുന്നതിനായി പഞ്ചായത്തിന്റെ ഒരു പ്രത്യേകയോഗം അദ്ദേഹം വിളിച്ചു കുട്ടേണ്ടതാണ്.]

(2) പഞ്ചായത്തിന്റെ ഏതൊരു യോഗത്തിലും അതിന്റെ പ്രസിഡന്റോ, അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റോ, രണ്ടുപേരുടേയും അസാന്നിദ്ധ്യത്തിൽ യോഗത്തിൽ സന്നിഹിതരായിരിക്കുന്ന അംഗങ്ങൾ തദവസരത്തിൽ ആദ്ധ്യക്ഷം വഹിക്കുന്നതിനായി തിരഞ്ഞെടുത്ത ഒരംഗമോ, ആദ്ധ്യക്ഷം വഹിക്കേണ്ടതാണ്.

(3) ആദ്ധ്യക്ഷം വഹിക്കുന്ന ആൾ യോഗത്തിന്റെ സമാധാനം പരിപാലിക്കുകയും യോഗങ്ങളിലോ യോഗങ്ങളെ സംബന്ധിച്ചോ ഉണ്ടാകുന്ന എല്ലാ ക്രമപ്രശ്നങ്ങളും തീർപ്പുകൽപ്പിക്കുകയും ചെയ്യേണ്ടതാണ്. യാതൊരു ക്രമപ്രശ്നത്തേയുംപറ്റി ചർച്ചചെയ്യാൻ പാടില്ലാത്തതും, ഏതെങ്കിലും ക്രമപ്രശ്നം സംബന്ധിച്ച ആദ്ധ്യക്ഷം വഹിക്കുന്ന ആളിന്റെ തീർപ്പ് അന്തിമമായിരിക്കുന്നതുമാണ്.

(4) ഈ ആക്റ്റിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ ഒരു പഞ്ചായത്തിന്റെ ഒരു യോഗത്തിന്റെ സമയവും സ്ഥലവും അതിന്റെ കോറം അതു വിളിച്ചുകൂട്ടുന്നതിനുള്ള നടപടിക്രമം, യോഗത്തിന്റെ നടപടിക്രമം, എന്നിവ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന പ്രകാരം ആയിരിക്കേണ്ടതാണ്.

(5) (4)-ആം ഉപവകുപ്പിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളിൽ, ഏതെങ്കിലും അംഗമോ, പ്രസിഡന്റോ അല്ലെങ്കിൽ ഒരു കമ്മിറ്റിയിലെ ഏതെങ്കിലും അംഗമോ, ചെയർമാനോ, പൊതുജനങ്ങളെ സാമാന്യമായി ബാധിക്കുന്നതൊഴികെ അദ്ദേഹത്തിന് നേരിട്ടോ അല്ലെങ്കിൽ മറ്റൊരാൾ മുഖാന്തിരമോ, പ്രത്യക്ഷമായോ പരോക്ഷമായോ ആയ ഏതെങ്കിലും ധനപരമായ അവകാശബന്ധമുള്ള ഏതെങ്കിലും കാര്യത്തിൽ വോട്ടുചെയ്യുകയോ അല്ലെങ്കിൽ അതിനെപ്പറ്റിയുള്ള ചർച്ചകളിൽ പങ്കെടുക്കുകയോ അഥവാ അപ്രകാരമുള്ള ഏതെങ്കിലും കാര്യത്തെപ്പറ്റി ചർച്ച നടക്കുമ്പോൾ പഞ്ചായത്തിന്റേയോ കമ്മിറ്റിയുടേയോ ഏതെങ്കിലും യോഗത്തിൽ സന്നിഹിതനാകുകയോ ആദ്ധ്യക്ഷം വഹിക്കുകയോ ചെയ്യുന്നതിനെ നിരോധിക്കുന്നതിന് വ്യവസ്ഥ ചെയ്യാവുന്നതാണ്.

(6) ഒരു പഞ്ചായത്തിന്റെ യോഗത്തിന് മുൻപാകെ വരുന്ന എല്ലാ പ്രശ്നങ്ങളിലും സന്നിഹിതരായിട്ടുള്ള അംഗങ്ങളുടെ ഭൂരിപക്ഷം വോട്ടുകളനുസരിച്ച് തീരുമാനിക്കേണ്ടതും, വോട്ടുകൾ തുല്യമാകുന്ന എല്ലാ സംഗതികളിലും ഈ ആക്റ്റിൽ മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ലാത്തപക്ഷം യോഗത്തിൽ ആദ്ധ്യക്ഷം വഹിക്കുന്ന ആളിന് ഒരു കാസ്റ്റിംഗ് വോട്ട് M4[കൂടി] ഉണ്ടായിരിക്കുന്നതുമാണ്.

(7) ഒരു പഞ്ചായത്തിന്റെ യാതൊരു പ്രമേയവും അത് അങ്ങനെ പാസ്സാക്കുന്ന തീയതിമുതൽ മൂന്നുമാസ കാലാവധിക്കുള്ളിൽ, അങ്ങനെയുള്ള പഞ്ചായത്തിന്റെ മുഴുവൻ അംഗസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം അംഗങ്ങൾ അംഗീകരിച്ച ഒരു പ്രമേയത്താലൊഴികെ, ആ പഞ്ചായത്ത് ഭേദഗതി ചെയ്യുകയോ, മാറ്റം വരുത്തുകയോ റദ്ദ് ചെയ്യുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.

E1[(8) യോഗത്തിൽ സന്നിഹിതനായിരുന്ന ഏതൊരംഗത്തിനും പഞ്ചായത്ത് പാസ്സാക്കിയ പ്രമേയത്തിന് എതിരായി താൻ വോട്ടു ചെയ്തിട്ടുണ്ടെങ്കിൽ അപ്രകാരമുള്ള പ്രമേയത്തെ സംബന്ധിച്ച തന്റെ ഭിന്നാഭിപ്രായകുറിപ്പ് യോഗം അവസാനിച്ച നാൽപ്പത്തിയെട്ട് മണിക്കുറിനുള്ളിൽ സെക്രട്ടറിക്ക് നൽകുവാൻ അവകാശമുണ്ടായിരിക്കുന്നതാണ്.

(9) പഞ്ചായത്തിന്റെ ഓരോ യോഗത്തിലേയും നടപടികുറിപ്പുകളുടെ ഒരു പകർപ്പും (8)-ആം ഉപവകുപ്പ് പ്രകാരം ഏതെങ്കിലും ഭിന്നാഭിപ്രായ കുറിപ്പ് കിട്ടിയിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പും യോഗ ദിവസം കഴിഞ്ഞ് പത്ത് ദിവസത്തിനകം സെക്രട്ടറി സർക്കാരിലേക്കോ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അയച്ചുകൊടുക്കേണ്ടതാണ്.]

 


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.