193. പഞ്ചായത്തുകൾ പിരിച്ചുവിടൽ
E1[(1) ഒരു സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പ് തൊട്ടടുത്ത സാമ്പത്തിക വർഷത്തെ പഞ്ചായത്തിന്റെ ബഡ്ജറ്റ് അംഗീകരിക്കുന്നതിൽ പഞ്ചായത്ത് പരാജയപ്പെടുകയും ആ കാരണത്താൽ അതിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്യുകയോ അല്ലെങ്കിൽ ഭൂരിപക്ഷം അംഗങ്ങൾ രാജിവയ്ക്കുകയോ അയോഗ്യരാക്കപ്പെടുകയോ ചെയ്യുകയോ ആണെങ്കിൽ, സർക്കാരിന് ഗസറ്റ് വിജ്ഞാപനംമൂലം അതിൽ പറയുന്ന തീയതി മുതൽ പഞ്ചായത്തിനെ പിരിച്ചുവിടാവുന്നതും അതിന്റെ ഒരു പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ അയച്ചു കൊടുക്കേണ്ടതുമാണ്:
എന്നാൽ, അപ്രകാരം പിരിച്ചുവിടുന്നതിനു മുമ്പായി പഞ്ചായത്തിന് പറയാനുള്ളത് പറയാൻ ന്യായമായ ഒരവസരം നൽകേണ്ടതാണ്.
(2) ഒരു പഞ്ചായത്ത് നിയമംമൂലം അതിൽ ചുമത്തപ്പെട്ടിരിക്കുന്ന കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിലോ അഥവാ സർക്കാർ നിയമാനുസൃതം പുറപ്പെടുവിച്ച ഉത്തരവുകളോ നിർദ്ദേശങ്ങളോ നടപ്പാക്കുന്നതിലോ നിരന്തരം വീഴ്ചവരുത്തുകയോ അതിന്റെ അധികാരങ്ങൾക്ക് അതീതമായി പ്രവർത്തിക്കുകയോ അവ ദുർവിനിയോഗം ചെയ്യുകയോ ചെയ്തതുവെന്ന് അഭിപ്രായമുള്ള പക്ഷം, സർക്കാരിന് ഗസറ്റ് വിജ്ഞാപനംമൂലം പ്രസ്തുത പഞ്ചായത്തിനെ പിരിച്ചുവിടാവുന്നതും അതിന്റെ ഒരു പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ അയച്ചുകൊടുക്കേണ്ടതുമാണ്:
എന്നാൽ അപ്രകാരം പിരിച്ചുവിടുന്നതിനു മുമ്പായി, സർക്കാർ പിരിച്ചുവിടാൻ ഉദ്ദേശിക്കുന്ന വിവരം അതിനുള്ള കാരണങ്ങൾ സഹിതം പഞ്ചായത്തിനെ അറിയിക്കേണ്ടതും അതിനെതിരെ കാരണം കാണിക്കാൻ പഞ്ചായത്തിന് ന്യായമായ ഒരവസരം അനുവദിക്കേണ്ടതും അതിന് എന്തെങ്കിലും ആക്ഷേപമോ വിശദീകരണമോ ഉണ്ടെങ്കിൽ അത് പരിഗണിക്കേണ്ടതുമാണ്:
എന്നിരുന്നാലും, പഞ്ചായത്തിന്റെ ആക്ഷേപമോ വിശദീകരണമോ പരിഗണിച്ചതിനുശേഷം പഞ്ചായത്ത് പിരിച്ചു വിടേണ്ടതാണെന്ന് കരുതുന്നുവെങ്കിൽ 271 ജി വകുപ്പുപ്രകാരം രൂപീകരിച്ച ഓംബുഡ്സ്മാന്റെ ഉപദേശം തേടേണ്ടതും ആ ഉപദേശപ്രകാരം അന്തിമതീരുമാനം എടുക്കേണ്ടതുമാണ്.]
(3) E1[(1)-ആം ഉപവകുപ്പോ (2)-ആം ഉപവകുപ്പോ പ്രകാരം] ഒരു വിജ്ഞാപനം പ്രസിദ്ധീകരിച്ചാൽ പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെ പഞ്ചായത്തിലെ എല്ലാ അംഗങ്ങളും ഉടൻതന്നെ അവരുടെ അങ്ങനെയുള്ളതായ ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിഞ്ഞിട്ടുള്ളതായി കരുതേണ്ടതും ഈ ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ടതുമാകുന്നു.
(4) പുനർ രൂപീകരിക്കപ്പെട്ട പഞ്ചായത്തിലെ അംഗങ്ങൾ പഞ്ചായത്ത് പുനർ രൂപീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള തീയതിയിൽ അവരുടെ ഔദ്യോഗിക സ്ഥാനങ്ങൾ ഏൽക്കേണ്ടതും ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം പിരിച്ചുവിടപ്പെട്ട പഞ്ചായത്തിന് അത് അപ്രകാരം പിരിച്ചുവിടപ്പെട്ടില്ലിയിരുന്നുവെങ്കിൽ ശേഷിക്കുമായിരുന്ന കാലയളവിൽ മാത്രം, തുടരേണ്ടതുമാണ്.
E1[(5) ഒരു പഞ്ചായത്തു പിരിച്ചുവിട്ടതിനും പുനർരൂപീകരിക്കുന്നതിനും ഇടയ്ക്കുള്ള ഇടവേളയിൽ പഞ്ചായത്തിന്റെ ഭരണം 151-ആം വകുപ്പ് (2)-ആം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെട്ട സ്പെഷ്യൽ ആഫീസറോ ഭരണ നിർവ്വഹണ കമ്മിറ്റിയോ നിർവ്വഹിക്കേണ്ടതാണ്.]
(6) E1[(1)-ആം ഉപവകുപ്പോ (2)-ആം ഉപവകുപ്പോ പ്രകാരം] ഒരു പഞ്ചായത്ത് പിരിച്ചുവിടുമ്പോൾ അതിനെ പുനർ രൂപീകരിക്കുന്ന തീയതിവരെ സർക്കാർ നിയമിക്കുന്ന E1[ഭരണ നിർവ്വഹണ കമ്മിറ്റിക്കോ സ്പെഷ്യൽ ആഫീസർക്കോ] അതിനുശേഷം രൂപീകരിക്കപ്പെടുന്ന പഞ്ചായത്തിനോ യഥാക്രമം പിരിച്ചുവിടലിന്റെ തീയതിയിലും പുനഃസംഘടിപ്പിക്കുന്ന തീയതിയിലും പഞ്ചായത്തിനുള്ള എല്ലാ ആസ്തികൾക്കും അവകാശമുണ്ടായിരിക്കുന്നതും എല്ലാ ബാദ്ധ്യതകൾക്കും വിധേയമായിരിക്കുന്നതുമാകുന്നു.
(7) E1[(1)-ആം ഉപവകുപ്പോ (2)-ആം ഉപവകുപ്പോ പ്രകാരം] പുറപ്പെടുവിക്കുന്ന ഏതൊരു വിജ്ഞാപനവും, അത് പുറപ്പെടുവിച്ചതിനുശേഷം കഴിയുന്നത്രവേഗം, നിയമ സഭാ യോഗം ചേർന്നിരിക്കുമ്പോൾ അതിന്റെ മുമ്പാകെ ആകെ പതിന്നാലു ദിവസക്കാലത്തേക്ക്, അത് ഒരു സമ്മേളനത്തിലോ തുടർച്ചയായ രണ്ടു സമ്മേളനങ്ങളിലോപെടാം, വയ്ക്കേണ്ടതും; അത് അപ്രകാരം വയ്ക്കുന്ന സമ്മേളനമോ അതിനു തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിനുമുമ്പ്, നിയമസഭ വിജ്ഞാപനത്തിൽ വല്ല ഭേദഗതിയും വരുത്തുകയോ അല്ലെങ്കിൽ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം, വിജ്ഞാപനത്തിന് അതിനുശേഷം, അതതു സംഗതിപോലെ, അങ്ങനെ ഭേദഗതി ചെയ്ത രൂപത്തിൽമാത്രം പ്രാബല്യമുണ്ടായിരിക്കുന്നതോ അഥവാ യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുന്നതോ ആകുന്നു; എന്നിരുന്നാലും അങ്ങനെയുള്ള ഏതൊരു ഭേദഗതിയോ റദ്ദാക്കലോ ആ വിജ്ഞാപനത്തിൻകീഴിൽ നേരത്തെ ചെയ്ത യാതൊന്നിന്റെയും സാധുതയ്ക്ക് ദൂഷ്യം വരുത്താത്ത വിധത്തിലായിരിക്കേണ്ടതാണ്.
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
No Comments