Skip to main content
[vorkady.com]

271എഫ്. നിർവ്വചനങ്ങൾ

ഈ അദ്ധ്യായത്തിന്റെ ആവശ്യങ്ങൾക്കായി-

(എ) ‘നടപടി’ എന്നാൽ തീരുമാനമോ ശുപാർശയോ പ്രമേയമോ കണ്ടെത്തലോ അവയുടെ നടപ്പാക്കലോ മറ്റേതെങ്കിലും വിധത്തിലുള്ള ഭരണപരമോ നിയമാനുസൃതമോ ആയ ചുമതലകൾ നിർവ്വഹിക്കുന്നതിന് എടുത്ത നടപടിയോ എന്നർത്ഥമാകുന്നതും അതിൽ നടപടി എടുക്കുന്നതിൽ വരുത്തുന്ന മനഃപൂർവമായ വീഴ്ചയോ വിട്ടുകളയലോ ഉൾപ്പെടുന്നതും അങ്ങനെയുള്ള നടപടിയെ സംബന്ധിച്ച് എല്ലാ പദപ്രയോഗങ്ങളും അതിനനുസൃതമായി വ്യാഖ്യാനിക്കേണ്ടതുമാണ്;

(ബി) 'ആരോപണം' എന്നാൽ,-

(എ) ഒരു പബ്ലിക്ക് സർവെന്റിനെ സംബന്ധിച്ച്

(i) അയാൾക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും ആൾക്കോ എന്തെങ്കിലും നേട്ടമോ ആനുകുല്യമോ ലഭിക്കുന്നതിനോ അല്ലെങ്കിൽ മറ്റെതെങ്കിലും ആളിന് അനാവശ്യമായി ഉപദ്രവമോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്നതിനോ വേണ്ടി അപ്രകാരമുള്ള പബ്ലിക്സ് സർവെന്റ് എന്നുള്ള അയാളുടെ സ്ഥാനം ദുരുപയോഗപ്പെടുത്തിയെന്നോ;

(ii) വ്യക്തിതാൽപര്യത്താലോ അല്ലെങ്കിൽ അനുചിതവും ദുരുദ്ദേശപരവുമായ ലക്ഷ്യത്തോടുകൂടിയോ ഒരു പബ്ലിക്സ് സർവെന്റ് എന്ന നിലയിൽ തന്റെ ചുമതലകൾ നിർവ്വഹിക്കാൻ പ്രേരണാത്മകമായി പ്രവർത്തിക്കുകയുണ്ടായെന്നോ;

(iii) പബ്ലിക്സ് സർവെന്റ് എന്ന നിലയിൽ അഴിമതിക്കോ പക്ഷപാതത്തിനോ സ്വജനപക്ഷപാതത്തിനോ സത്യസന്ധതയില്ലായ്മയ്ക്കക്കോ കുറ്റക്കാരനാണെന്നോ;

(iv) തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ധനമോ മറ്റു വസ്തുവോ പബ്ലിക്സ് സർവെന്റ് എന്ന നിലയിൽ തന്റെ നടപടിദൂഷ്യം മൂലമോ മനഃപൂർവമായ ഉപേക്ഷകൊണ്ടോ നഷ്ടപ്പെടുത്തുകയോ പാഴാക്കുകയോ ദുർവിനിയോഗം ചെയ്യുന്നതിന് സൗകര്യപ്പെടുത്തുകയോ കാരണമാക്കുകയോ ചെയ്തതിന് കുറ്റക്കാരനാണെന്നോ, ഉള്ള ദൃഢപ്രസ്താവന എന്നർത്ഥമാകുന്നു. 

(ബി) ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തെ സംബന്ധിച്ച്,അങ്ങനെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനം നിയമംമൂലം അതിൽ ചുമത്തപ്പെട്ടിരിക്കുന്ന കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിലോ അല്ലെങ്കിൽ സർക്കാർ നിയമാനുസൃതം പുറപ്പെടുവിച്ച ഉത്തരവുകളോ നിർദ്ദേശങ്ങളോ നടപ്പാക്കുന്നതിലോ വീഴ്ച വരുത്തുകയോ അതിന്റെ അധികാരങ്ങൾക്ക് അതീതമായി പ്രവർത്തിക്കുകയോ അവ ദുർവിനിയോഗം ചെയ്യുകയോ ചെയ്തതു എന്നുള്ള ദൃഢപ്രസ്താവന എന്നർത്ഥമാകുന്നു.

(സി) ‘പരാതി' എന്നാൽ ഒരു പബ്ലിക് സർവന്റോ അല്ലെങ്കിൽ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനമോ അഴിമതിയോ അല്ലെങ്കിൽ ദുർഭരണമോ നടത്തി എന്നാരോപിക്കുന്ന ഒരു പരാതി എന്നർത്ഥമാകുന്നതും അതിൽ ഒരാരോപണത്തെ സംബന്ധിച്ച് സ്വമേധയാ ഉള്ള അന്വേഷണം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലോ സർക്കാരിൽ നിന്ന് അന്വേഷണത്തിന് ശുപാർശ ഉണ്ടായിട്ടുണ്ടെങ്കിലോ അപ്രകാരമുള്ള ഒരാരോപണത്തെപ്പറ്റിയുള്ള ഏതെങ്കിലും പരാമർശം ഉൾപ്പെടുന്നതും ആകുന്നു;

(ഡി)'അഴിമതി’ എന്നാൽ ഇന്ത്യൻ ശിക്ഷാനിയമ സംഹിതയുടെ X-ആം അദ്ധ്യായത്തിന്റെ (1860-ലെ 45-ആം കേന്ദ്ര ആക്റ്റ്) കീഴിലോ 1988-ലെ അഴിമതി നിരോധന ആക്റ്റിന്റെ (1988-ലെ 49-ആം കേന്ദ്ര ആക്റ്റ്) കീഴിലോ ശിക്ഷിക്കപ്പെടാവുന്ന എന്തും ഉൾപ്പെടുന്നതാണ്;

(ഇ) ‘ദുർഭരണം' എന്നാൽ ഏതെങ്കിലും സംഗതിയിൽ ഭരണപരമായ ചുമതലകൾ നിറവേറ്റുന്നതിനിടയിൽ എടുത്തതോ എടുക്കാനുദ്ദേശിച്ചിട്ടുള്ളതോ ആയ നടപടി

(i) അങ്ങനെയുള്ള നടപടി അല്ലെങ്കിൽ ഭരണപരമായ നടപടിക്രമം അല്ലെങ്കിൽ അങ്ങനെയുള്ള നടപടിക്കാധാരമായ പ്രവൃത്തി യുക്തിരഹിതവും അന്യായവും ദുസ്സഹവും പക്ഷപാതപരവും സ്വജന പക്ഷപാതപരവും ആർക്കെങ്കിലും അവിഹിതമായി നേട്ടമോ നഷ്ടമോ ഉണ്ടാകുന്നതും അല്ലെങ്കിൽ അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതും ആയതോ; അല്ലെങ്കിൽ

(ii) അങ്ങനെയുള്ള നടപടി എടുക്കുന്നതിൽ മനഃപൂർവമായ ഉപേക്ഷയോ അമിതമായ കാലതാമസമോ ഉണ്ടായിരിക്കുകയോ അല്ലെങ്കിൽ ആ നടപടിയെ ക്രമപ്പെടുത്തുന്ന ഭരണ നടപടി ക്രമമോ രീതിയോ അമിതമായ കാലതാമസം വരുത്തുന്നതോ, എന്നർത്ഥമാകുന്നതും അതിൽ നഷ്ടത്തിലേക്കും പാഴ്സ്ചെലവിലേക്കും നയിക്കുന്ന നടപടിയോ ദുർവിനിയോഗത്താലോ നിയമവിരുദ്ധമോആയുള്ള ഫണ്ടിന്റെ ദുരുപയോഗമോ ഉൾപ്പെടുന്നതുമാകുന്നു

(എഫ്) ‘ഓംബുഡ്സ്മാൻ' എന്നാൽ 271ജി G[വകുപ്പിൽ പരാമർശിക്കുന്ന] ഓംബുഡ്സ്മാൻ എന്നർത്ഥമാകുന്നു

(ജി) 'പബ്ലിക് സർവെന്റ്' എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള ഒരു ജീവനക്കാരനോ, ഉദ്യോഗസ്ഥനോ അല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റോ ചെയർപേഴ്സസണോ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട ഒരംഗമോ എന്നർത്ഥമാകുന്നതും അതിൽഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം തദ്ദേശഭരണ സ്ഥാപനത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഏതെങ്കിലും ഓഫീസിലെയോ സ്ഥാപനത്തിലേയോ ഒരു ജീവനക്കാരനോ ഉദ്യോഗസ്ഥനോ ഉൾപ്പെടുന്നതുമാകുന്നു. 

(എച്ച്) ‘സെക്രട്ടറി' എന്നാൽ 271ജി G[വകുപ്പിൽ പരാമർശിക്കുന്ന]ഓംബുഡ്സ്മാന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു

(ഐ) 'അന്വേഷണോദ്യോഗസ്ഥൻ' എന്നാൽ ഒരു ആരോപണത്തെയോ പരാതിയെയോ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി ഓംബുഡ്സ്മാൻ അധികാരപ്പെടുത്തുന്ന ഒരു ഉദ്യോ ഗസ്ഥൻ എന്ന് അർത്ഥമാകുന്നു.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.