Skip to main content
[vorkady.com]

E1[219എഫ്. ഖരമാലിന്യങ്ങൾ ആത്യന്തികമായി കൈയൊഴിയുന്നതിനുള്ള വ്യവസ്ഥകൾ

(1) മാലിന്യങ്ങൾ ആത്യന്തികമായി കൈയൊഴിക്കുന്ന ആവശ്യത്തിലേക്കായി ഗ്രാമപഞ്ചായത്ത് പ്രദേശത്തിന്റെ ഉള്ളിലോ വെളിയിലോ ആയി ഓരോ ഗ്രാമപഞ്ചായത്തും അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുകയും വിജ്ഞാപനം ചെയ്യുകയും ചെയ്യേണ്ടതാണ്.

(2) (1)-ആം ഉപവകുപ്പുപ്രകാരം സ്ഥലം വിജ്ഞാപനം ചെയ്യുമ്പോൾ ആരോഗ്യസംബന്ധവും പരിസ്ഥിതിപരവുമായ വശങ്ങൾ ഗ്രാമപഞ്ചായത്ത് പരിഗണനയിൽ എടുക്കേണ്ടതാണ്.

(3) കൂട്ടുവളം തയ്യാറാക്കുന്നതിന് ഖരമാലിന്യങ്ങൾ വിനിയോഗിക്കുന്നതിനും അതു വിൽപ്പന മൂലം കൈയൊഴിക്കുന്നതിനും പര്യാപ്തമായ ഏർപ്പാടുകൾ ഓരോ ഗ്രാമപഞ്ചായത്തിനും ചെയ്യാവുന്നതാണ്.

(4) മാലിന്യങ്ങൾ കൂട്ടുവളമാക്കുന്നത് സാദ്ധ്യമല്ലായെന്നോ പ്രായോഗികമല്ലായെന്നോ കാണുന്നിടത്ത്, ഗ്രാമപഞ്ചായത്ത് പ്രത്യേകം പറയുന്ന രീതിയിൽ ലാന്റ് ഫിൽസൈറ്റുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ആരോഗ്യകരമായ ലാന്റ്ഫിൽ സമ്പ്രദായം സ്വീകരിക്കാവുന്നതാണ്.

(5) കാലാകാലങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രത്യേകം പറയുന്ന ആശുപ്രതികളിലും നഴ്സസിംഗ് ഹോമുകളിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും നിന്നു പുറത്തുവിടുന്ന അണുരോഗബാധയ്ക്കു കാരണമായ മാലിന്യങ്ങളും വ്യവസായങ്ങളിൽ നിന്നുള്ളതല്ലാത്ത ആപത്കരമായ മാലിന്യങ്ങളും, ഗ്രാമപഞ്ചായത്ത് ഭസ്മീകരണത്തിന് വിധേയമാക്കേണ്ടതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999മുതൽ പ്രാബല്യത്തില്‍ വന്നു.