Skip to main content
[vorkady.com]

241. പ്രവേശിക്കുവാനും പരിശോധന നടത്തുവാനുമുള്ള അധികാരങ്ങൾ

(1) നിർണ്ണയിക്കപ്പെടാവുന്ന നിയന്ത്രണങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി, പഞ്ചായത്തിന്റെ സെക്രട്ടറിക്കോ അദ്ദേഹമോ പഞ്ചായത്തോ അധികാരപ്പെടുത്തുന്ന ഏതെങ്കിലും ആൾക്കോ സഹായികളോടോ ജോലിക്കാരോടോ കൂടിയോ കൂടാതെയോ ഏതെങ്കിലും സ്ഥലത്തോ കെട്ടിടത്തിലോ, ഭൂമിയിലോ,-

(എ) ഈ ആക്റ്റിലെയോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിലേയോ, ബൈലായിലേയോ, ഉത്തരവിലെയോ വ്യവസ്ഥകൾമൂലം അധികാരപ്പെടുത്തിയിട്ടുള്ളതോ, ഈ ആക്റ്റിന്റെ ഏതെങ്കിലും ആവശ്യങ്ങൾക്കുംവേണ്ടിയോ പ്രസ്തുത വ്യവസ്ഥകളിൽ ഏതെങ്കിലും അനുസരിച്ചോ നടത്തുകയോ നിർവ്വഹിക്കുകയോ ചെയ്യേണ്ടതായിട്ടുള്ളതോ ആയ ഏതെങ്കിലും അന്വേഷണമോ, പരിശോധനയോ, ടെസ്റ്റോ, പരീക്ഷയോ, സർവ്വേയോ, അളവെടുപ്പോ, E1[മൂല്യനിർണ്ണയമോ നടത്തുന്നതിനോ മറ്റ് ഏതെങ്കിലും ജോലി നിർവ്വഹിക്കുന്നതിനോ];

(ബി) പ്രസ്തുത വ്യവസ്ഥകളിൽ ഏതെങ്കിലും പ്രകാരം ലൈസൻസോ അനുവാദമോ ആവശ്യമുള്ള സ്ഥലത്തോ കെട്ടിടത്തിലോ ഭൂമിയിലോ ഏതെങ്കിലും സംഗതിയ്ക്ക് അപ്രകാരമുള്ള ലൈസൻസോ അനുവാദമോ, കൂടാതെയോ, അല്ലെങ്കിൽ വാങ്ങിയിട്ടുള്ള ലൈസൻസിലെയോ, അനുവാദത്തിലെയോ നിബന്ധനകൾക്ക് അനുയോജ്യമായിട്ടല്ലാതെയോ മറ്റു വിധത്തിൽ യാതൊന്നും ചെയ്യുന്നില്ലെന്ന് E1[സ്വയം ബോദ്ധ്യം വരുത്തുന്നതിനോ, പ്രവേശിക്കാവുന്നതാണ്]: 

എന്നാൽ

(i) അപ്രകാരം ഒരു കെട്ടിടത്തിൽ പ്രവേശിക്കുന്നത് സൂര്യാസ്തമനത്തിനും സൂര്യോദയത്തിനുമിടയ്ക്ക് ആകുവാൻ പാടുള്ളതല്ലാത്തതും,

(ii) കൈവശക്കാരന്റെ അനുവാദം കൂടാതെ അങ്ങനെ പ്രവേശിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടെന്നു കാണിച്ച കൈവശക്കാരന് കുറഞ്ഞത് ഇരുപത്തിനാല് മണിക്കുർ സമയത്തെ നോട്ടീസ് കൊടുക്കാതെയോ ഒരു വാസഗൃഹത്തിലോ സ്ഥലത്തോ അപ്രകാരം പ്രവേശിക്കാൻ പാടുള്ളതല്ലാത്തതും,

(iii) വാസഗൃഹത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ള സ്ത്രീകൾക്കു മാറി പോകുന്നതിനു ന്യായമായ അവസരവും സൗകര്യവും അനുവദിച്ചു കൊടുക്കേണ്ടതും,

(iv) അങ്ങനെ പ്രവേശിക്കപ്പെടുന്ന സ്ഥലങ്ങളിലെ കൈവശക്കാരുടെ സാമൂഹ്യവും മത പരവുമായ ആചാരങ്ങൾക്ക് കഴിയുന്നിടത്തോളം അർഹമായ ആദരവും നൽകേണ്ടതാണ്.

(2) സെക്രട്ടറിയോ പഞ്ചായത്തോ ചുമതലപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥന് ഏതെങ്കിലും സ്ഥലത്ത് പ്രവേശിക്കുന്നതിനുവേണ്ടി, ഏതെങ്കിലും വാതിലോ ഗേറ്റോ മറ്റു തടസ്സങ്ങളോ തുറക്കുന്നതോ തുറപ്പിക്കുന്നതോ,-

(എ) അങ്ങനെ പ്രവേശിക്കുന്നതിനുവേണ്ടി അത് തുറക്കേണ്ടത് ആവശ്യമാണെന്ന് തനിക്കു തോന്നുന്നപക്ഷവും,

(ബി) ഉടമസ്ഥനോ കൈവശക്കാരനോ അസന്നിഹിതനായിരിക്കുകയോ, സന്നിഹിതനായിരുന്നിട്ടും അങ്ങനെയുള്ള വാതിലോ, ഗേറ്റോ, തടസ്സങ്ങളോ തുറക്കാൻ വിസമ്മതിക്കുകയോ ചെയ്യുന്നപക്ഷവും, നിയമാനുസൃതമായിരിക്കുന്നതാണ്.

(3) (2)-ആം ഉപവകുപ്പ് പ്രകാരം ഏതെങ്കിലും സ്ഥലത്ത് പ്രവേശിക്കുകയോ, വാതിലോ, ഗേറ്റോ മറ്റു തടസ്സങ്ങളോ തുറക്കുകയോ തുറപ്പിക്കുകയോ ചെയ്യുന്നതിനു മുമ്പ് ഇതിലേക്കായി അധികാര പ്പെടുത്തിയിട്ടുള്ള ആൾ, പ്രവേശിക്കേണ്ട സ്ഥലം സ്ഥിതി ചെയ്യുന്നിടത്തുള്ള രണ്ടോ അതിലധികമോ ആളുകളോട് അങ്ങനെ പ്രവേശിക്കുന്നതിനോ തുറക്കുന്നതിനോ സാക്ഷ്യം വഹിക്കാനാവശ്യപ്പെടേണ്ടതും അങ്ങനെ ചെയ്യുന്നതിന് അവരോടോ അവരിൽ ആരോടെങ്കിലുമോ രേഖാമൂലം ഉത്തരവ നൽകാവുന്നതുമാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.