Skip to main content
[vorkady.com]

85. തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കും അവയുടെ പരമാവധിയും

(1) ഒരു തിരഞ്ഞെടുപ്പിലെ ഏതൊരു സ്ഥാനാർത്ഥിയും താൻ നാമനിർദ്ദേശം ചെയ്യപ്പെട്ട തീയതിക്കും, തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കപ്പെടുന്ന തീയതിക്കും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ തീരഞ്ഞെടുപ്പ് സംബന്ധമായി താനോ തന്റെ തിരഞ്ഞെടുപ്പ് ഏജന്റോ വഹിച്ചതോ, അധികാരപ്പെടുത്തിയതോ ആയ എല്ലാ ചെലവിന്റെയും പ്രത്യേകം പ്രത്യേകമുള്ളതും ശരിയായതുമായ ഒരു കണക്ക് താൻ തന്നെയോ തന്റെ തിരഞ്ഞെടുപ്പു ഏജന്റ് മുഖേനയോ, സൂക്ഷിക്കേണ്ടതാണ്.

വിശദീകരണം 1 - ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു സംബന്ധിച്ച് ഒരു രാഷ്ട്രീയ കക്ഷിയോ, അല്ലെങ്കിൽ ആളുകളുടെ മറ്റേതെങ്കിലും സമാജമോ നികായമോ, അല്ലെങ്കിൽ (സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ അല്ലാത്ത) ഏതെങ്കിലും വ്യക്തിയോ വഹിച്ചതോ അധികാരപ്പെടുത്തിയതോ ആയ ഏതെങ്കിലും ചെലവ്, ഈ ഉപ വകുപ്പിന്റെ ആവശ്യങ്ങൾക്ക്, തിരഞ്ഞെടുപ്പ് സംബന്ധിച്ച് സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ വഹിക്കുന്നതോ അധികാരപ്പെടുത്തിയതോ ആയ ചെലവായി കരുതപ്പെടാൻ പാടില്ല.

വിശദീകരണം 2 - സർക്കാരിന്റെ സേവനത്തിലുള്ളതും 120-ആം വകുപ്പ് (8) ആം ഖണ്ഡത്തിൽ പറഞ്ഞ വിഭാഗങ്ങളിൽ ഏതിലെങ്കിലും പെട്ടതുമായ ഏതെങ്കിലും ആൾ ആ ഖണ്ഡത്തിനുള്ള പരിമിതി വ്യവസ്ഥയിൽ പറഞ്ഞ പ്രകാരമുള്ള തന്റെ ഔദ്യോഗിക കർത്തവ്യം നിർവ്വഹിക്കുന്നതിലോ നിർവ്വഹിക്കുന്നതായി കരുതിക്കൊണ്ടോ ചെയ്യുന്ന ഏതെങ്കിലും ഏർപ്പാടുകളോ നൽകുന്ന ഏതെങ്കിലും സൗകര്യങ്ങളോ ചെയ്യുന്ന മറ്റേതെങ്കിലും പ്രവൃത്തിയോ, കാര്യമോ സംബന്ധിച്ച് വഹിക്കുന്ന ഏതെങ്കിലും ചെലവ് ഈ ഉപവകുപ്പിന്റെ ആവശ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച് സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ വഹിക്കുന്നതോ അധികാരപ്പെടുത്തിയതോ ആയ ചെലവായി കരുതപ്പെടുന്നതല്ലെന്ന്, സംശയനിവാരണത്തിനായി. ഇതിനാൽ പ്രഖ്യാപിക്കുന്നു.

(2) പ്രസ്തുത കണക്കിൽ നിർണ്ണയിക്കപ്പെടുന്ന വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതാണ്.

(3) പ്രസ്തുത ചെലവിന്റെ ആകെ തുക, നിർണ്ണയിക്കപ്പെട്ടേക്കാവുന്നതുകയിൽ കവിയാൻ പാടുള്ളതല്ല.