Skip to main content
[vorkady.com]

238. അപായകരമായ വൃക്ഷങ്ങളുടെ കാര്യത്തിൽ മുൻകരുതലുകളും, വേലികളുംവൃക്ഷങ്ങളും വെട്ടിയൊതുക്കലും

(1) (എ) ഏതെങ്കിലും വൃക്ഷമോ, വൃക്ഷത്തിന്റെ ഏതെങ്കിലും ശാഖയോ ഭാഗമോ ഏതെങ്കിലും വൃക്ഷത്തിന്റെ കായ്ക്കുകളോ വീഴാനും തൻമൂലം ഏതെങ്കിലും ആൾക്കോ, ഏതെങ്കിലും എടുപ്പിനോ കൃഷിക്കോ ആപത്തുണ്ടാകാനും ഇടയുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് കരുതുന്നപക്ഷം ഗ്രാമ പഞ്ചായത്തിന് അതിൽ നിന്ന് എന്തെങ്കിലും അപകടം ഉണ്ടാക്കുന്നത് തടയുന്നതിലേക്കായി നോട്ടീസുമൂലം ആ വൃക്ഷത്തിന്റെ ഉടമസ്ഥനോട് ആ വൃക്ഷം ഉറപ്പിച്ചു നിർത്തുകയോ, ഛേദിക്കുകയോ, വെട്ടിക്കളയുകയോ ചെയ്യുന്നതിനോ അല്ലെങ്കിൽ അതിന്റെ കായ്ക്കുകൾ നീക്കം ചെയ്യുന്നതിനോ ആവശ്യപ്പെടാവുന്നതാകുന്നു.

(ബി) സത്വര നടപടി ആവശ്യമാണെങ്കിൽ അങ്ങിനെയുള്ള നോട്ടീസ് കൊടുക്കുന്നതിനു മുമ്പോ, അങ്ങനെയുള്ള നോട്ടീസിലെ കാലാവധി തീരുന്നതിനു മുമ്പോ, ഗ്രാമപഞ്ചായത്ത് സ്വയമേവ അങ്ങനെയുള്ള വൃക്ഷം ഉറപ്പിച്ചു നിറുത്തുകയോ, ചേരദിക്കുകയോ, വെട്ടിക്കളയുകയോ, അതിലെ കായ്ക്കുകൾ നീക്കം ചെയ്യുകയോ, ഏതെങ്കിലും തെരുവിന്റെ ഒരു ഭാഗം വേലികെട്ടി മറയ്ക്കുകയോ, അപകടം ഒഴിവാക്കുന്നതിനായി യുക്തമെന്നു തോന്നുന്ന മറ്റു താൽക്കാലിക നടപടികൾ സ്വീകരിക്കുകയോ ചെയ്യേണ്ടതും, അങ്ങനെ ചെയ്യുന്നതിനുള്ള ചെലവ് ഭൂമിയിൻമേലുള്ള പൊതു നികുതി കുടിശ്ശിക എന്നപോലെ ആ വൃക്ഷത്തിന്റെ ഉടമസ്ഥനിൽ നിന്നും ഈടാക്കേണ്ടതുമാകുന്നു.

E1[(സി) ഗ്രാമപഞ്ചായത്തിന്റെ അഭിപ്രായത്തിൽ, ഏതെങ്കിലും വൃക്ഷമോ അതിന്റെ ശാഖയോ ഏതെങ്കിലും കിണറ്റിലെയോ ടാങ്കിലെയോ കുടിവെള്ളം മലിനപ്പെടാൻ ഇടയാക്കുന്നുവെങ്കിൽ അങ്ങനെയുള്ള വൃക്ഷമോ അതിന്റെ ശാഖയോ വെട്ടി മാറ്റുന്നതിന് വൃക്ഷത്തിന്റെ ഉടമസ്ഥനോട് നോട്ടീസ് മൂലം ഗ്രാമപഞ്ചായത്തിന് ആവശ്യപ്പെടാവുന്നതാണ്.] 

 (2) നോട്ടീസ് കൂടാതെ, ഒരു ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറിക്ക് 

(എ) തൊട്ടുകിടക്കുന്ന റോഡ് ലെവലിൽ നിന്ന് ഇതിനായി വ്യവസ്ഥ ചെയ്തിട്ടുള്ള ഉയരത്തിൽ കവിയാതിരിക്കത്തക്കവണ്ണം, ഒരു പൊതു തെരുവിന്റെ അതിർത്തിയിൽ നിൽക്കുന്ന ഏതെങ്കിലും വേലി വെട്ടി ഒതുക്കുകയോ കോതിക്കളയുകയോ, അഥവാ

(ബി) പ്രസ്തുത തെരുവിന്റെ മുകളിൽ തൂങ്ങിക്കിടക്കുന്നതും അതിനെയോ ഗതാഗതം ചെയ്യുന്നവരുടെ കാഴ്ചയെയോ തടസ്സപ്പെടുത്തുന്നതും അല്ലെങ്കിൽ അതിനു നാശനഷ്ടം വരുത്തുകയും ചെയ്യുന്നതുമായ ഏതെങ്കിലും വേലിയോ മരങ്ങളോ മുറിച്ചുകളയുകയോ വെട്ടി ഒതുക്കുകയോ, അഥവാ

(സി) പൊതുവഴികളിലും ജലമാർഗ്ഗങ്ങളിലും ഗതാഗതത്തിനു തടസ്സമുണ്ടാക്കുംവിധം വീണു കിടക്കുന്ന മരങ്ങളെ നീക്കം ചെയ്യുകയോ, ചെയ്യാവുന്നതാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.