Skip to main content
[vorkady.com]

234. ലൈസൻസുകളും അനുവാദങ്ങളും നൽകുകയും പുതുക്കുകയും ചെയ്യുന്നതു സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാരിനുള്ള അധികാരം

(1) സർക്കാരിന്,-

(എ) 232-ആം വകുപ്പിൻകീഴിൽ ലൈസൻസുകൾ നല്കുകയോ പുതുക്കുകയോ ചെയ്യുന്നതിനെ നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യലും ആ ലൈസൻസുകൾ സാധുവായിരിക്കുന്ന കാലാവധി സംബന്ധിച്ചും,

(ബി) അത്തരം ലൈസൻസുകൾക്കോ അവ പുതുക്കുന്നതിനോ ഉള്ള അപേക്ഷകൾ എത്ര സമയത്തിനുള്ളിൽ നൽകണമെന്നതിനെ സംബന്ധിച്ചും,

(സി) 233-ആം വകുപ്പുപ്രകാരം അനുവാദം നല്കുന്നതു നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതു സംബന്ധിച്ചും, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.

(2) (1)-ആം ഉപവകുപ്പ് (സ) എന്ന ഖണ്ഡത്തിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾമൂലം, വ്യാവ സായിക കാര്യങ്ങൾക്ക് ഗ്രാമപഞ്ചായത്തു പ്രദേശത്തിനുള്ളിൽ നിർദ്ദിഷ്ട സ്ഥാനങ്ങൾ പ്രത്യേകം നീക്കി വയ്ക്കുന്നതിനും, അപ്രകാരമുള്ള സ്ഥാനങ്ങൾക്കു വെളിയിലുള്ള ഏതെങ്കിലും ഫാക്ടറിയെയോ, വർക്കുഷാപ്പിനേയോ, ജോലിസ്ഥലത്തെയോ പരിസരത്തെയോ സംബന്ധിച്ചിടത്തോളം 233-ആം വകുപ്പിൻ കീഴിൽ അനുവാദം നിഷേധിക്കാൻ വ്യവസ്ഥ ചെയ്യുന്നതിനും, അപ്രകാരമുള്ള സ്ഥലങ്ങളിലേക്ക് ഏതെങ്കിലും സ്ഥലത്ത് നേരത്തെ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും ഫാക്ടറിയെയോ, വർക്ക്ഷാപ്പിനേയോ, ജോലിസ്ഥലത്തെയോ അല്ലെങ്കിൽ നിർദ്ദിഷ്ട സ്ഥലങ്ങൾക്കുവെളിയിൽ സ്ഥിതി ചെയ്യുന്ന ഏതെങ്കിലും പരിസരത്തിലും നേരത്തെ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും യന്ത്രത്തെയോ നീക്കം ചെയ്യുന്നതിനും ഗ്രാമപഞ്ചായത്തിനെ അധികാരപ്പെടുത്താവുന്നതാണ്.

എന്നാൽ അപ്രകാരമുള്ള യാതൊരു ചട്ടവുംമൂലം കേന്ദ്ര സർക്കാരിന്റെയോ, സംസ്ഥാന സർക്കാരിന്റെയോ, അഥവാ 1933-ലെ മദിരാശി വാണിജ്യവിള മാർക്കറ്റ് ആക്റ്റോ മറ്റു ഏതെങ്കിലും നിയമത്തിൻ കീഴിലോ ഏർപ്പെടുത്തിയിട്ടുള്ള ഒരു മാർക്കറ്റ് കമ്മിറ്റിയുടെയോ കൈവശമുള്ളതോ നിയന്ത്രണത്തിലിരിക്കുന്നതോ ആയ ഏതെങ്കിലും പരിസരത്തിലും സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും ഫാക്ടറിയെയോ, വർക്ക്ഷാപ്പിനെയോ ജോലിസ്ഥലത്തെയോ, യന്ത്രത്തെയോ നീക്കുന്നതിന് അധി കാരപ്പെടുത്താൻ പാടില്ലാത്തതാകുന്നു.

E1[(3) xxxx]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.