281. കമ്പനികൾ ചെയ്യുന്ന കുറ്റങ്ങൾ
(1) ഈ ആക്റ്റിൻ കീഴിൽ ആ ആൾ ഒരു കമ്പനിയാണെങ്കിൽ ഒരു കുറ്റം ചെയ്യുന്നു, ആ കുറ്റം ചെയ്ത സമയത്ത് കമ്പനിയുടെ കാര്യാദികൾ നടത്തുന്നതിനായി അതിന്റെ ചാർജ്ജ് വഹിക്കുകയും കമ്പനിയോട് ഉത്തരവാദപ്പെട്ടിരിക്കുകയും ചെയ്ത ഏതൊരാളും, ആ കമ്പനിയും, ആ കുറ്റം ചെയ്തതായി കരുതപ്പെടുന്നതും അതനുസരിച്ച് നടപടിയെടുത്തു ശിക്ഷിക്കപ്പെടുന്നതിന് വിധേയനോ വിധേയമോ ആയിരിക്കുന്നതുമാകുന്നു.
എന്നാൽ കുറ്റം ചെയ്തിട്ടുള്ളത് തന്റെ അറിവോടുകൂടിയല്ലന്നോ അഥവാ അങ്ങനെയുള്ള കുറ്റം ചെയ്യുന്നത് തടയുന്നതിനായി താൻ യഥാവിധി എല്ലാ ശ്രദ്ധയും ചെലുത്തിയിരുന്നുവെന്നോ അയാൾ തെളിയിക്കുകയാണെങ്കിൽ ഈ ഉപവകുപ്പിൽ അടങ്ങിയ യാതൊന്നും തന്നെ അങ്ങനെയുള്ള യാതൊരാളെയും യാതൊരു ശിക്ഷയ്ക്കും വിധേയനാക്കുന്നതല്ല.
(2) (1)-ആം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റു് പ്രകാരമുള്ള ഒരു കുറ്റം ഒരു കമ്പനി ചെയ്തിരിക്കുകയും കമ്പനിയിലെ ഏതെങ്കിലും ഡയറക്ടറുടേയോ മാനേജരുടേയോ സെക്രട്ടറിയുടേയോ അഥവാ കമ്പനിയിലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റേയോ സമ്മതത്തോടോ മൗനാനുവാദത്തോടോ അശ്രദ്ധ നിമിത്തമോ ആണ് ആ കുറ്റം ചെയ്തിട്ടുള്ളതെന്ന് തെളിയുകയും ചെയ്യുന്നതായാൽ പ്രസ്തുത ഡയറക്ടറോ മാനേജരോ സെക്രട്ടറിയോ അഥവാ മറ്റ് ഉദ്യോഗസ്ഥനോ കൂടി ആ കുറ്റം ചെയ്തതായി കരുതപ്പെടേണ്ടതും അതനുസരിച്ചുള്ള നടപടിയെടുക്കപ്പെടുന്നതിനും ശിക്ഷിക്കപ്പെടുന്നതിനും വിധേയനായിരിക്കുന്നതുമാകുന്നു.
വിശദീകരണം - ഈ വകുപ്പിന്റെ ആവശ്യങ്ങൾക്കായി
(എ) "കമ്പനി" എന്നാൽ ഒരു ഏകാംഗീകൃത നികായമെന്നർത്ഥമാകുന്നതും അതിൽ ഒരു ഫേമോ ആളുകളുടെ മറ്റുസംഘടനയോ സംഘമോ, ഒരു സഹകരണസംഘമോ ഉൾപ്പെടുന്നതുമാകുന്നു;
(ബി) ഒരു ഫേമിനെ സംബന്ധിച്ച "ഡയറക്ടർ" എന്നാൽ ഫേമിലെ ഒരു പങ്കാളി എന്നർത്ഥമാകുന്നു.
No Comments