Skip to main content
[vorkady.com]

188. പഞ്ചായത്തുകളുടെ രേഖകളും മറ്റും പരിശോധിക്കുന്നതിനുള്ള അധികാരം

(1) സർക്കാരിനോ അല്ലെങ്കിൽ ഇതിലേക്കായി സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ,-

(എ) ഏതെങ്കിലും പഞ്ചായത്തിന്റെ കൈവശത്തിലോ നിയന്ത്രണത്തിൻ കീഴിലോ ഉള്ള ഏതെങ്കിലും രേഖകളോ രജിസ്റ്ററുകളോ മറ്റു പ്രമാണങ്ങളോ ആവശ്യപ്പെടാവുന്നതും:

E1[എന്നാൽ, പഞ്ചായത്ത് നൽകിയ രേഖയുടെയോ രജിസ്റ്ററിന്റെയോ റെക്കാർഡിന്റെയോ അസൽ സർക്കാരിന് ലഭിച്ച തൊണ്ണൂറു ദിവസത്തിനകം പഞ്ചായത്തിന് തിരികെ നൽകേണ്ടതും, ആവശ്യമെങ്കിൽ, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സർക്കാരിന് കൈവശം വയ്ക്കാവുന്നതുമാണ്.]

(ബി) ഏതെങ്കിലും പഞ്ചായത്തിനോട് ഏതെങ്കിലും റിട്ടേണോ, പ്ലാനോ, എസ്റ്റിമേറ്റോ, കണക്കോ സ്ഥിതി വിവരക്കണക്കോ നൽകാൻ ആവശ്യപ്പെടാവുന്നതും; 

(സി) ഏതെങ്കിലും പഞ്ചായത്തിനോട് പ്രസ്തുത പഞ്ചായത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഗതിയെ സംബന്ധിച്ച ഏതെങ്കിലും വിവരമോ റിപ്പോർട്ടോ, നൽകാൻ ആവശ്യപ്പെടാവുന്നതും;

(ഡി) ഏതെങ്കിലും അവകാശം ഉപേക്ഷിക്കുന്നതിനോ വരുമാനമുള്ള ഏതെങ്കിലും സ്ഥാപനം അടച്ചുപൂട്ടുന്നതിനോ മുൻപ്ത് അവരുടെ മുൻകൂട്ടിയുള്ള അനുമതി തേടുന്നതിന് ഏതെങ്കിലും പഞ്ചായത്തിനോട് ആവശ്യപ്പെടാവുന്നതും;

(ഇ) E1[ഏതെങ്കിലും പഞ്ചായത്തിന്റെ] നടപടിക്രമങ്ങളെയോ കർത്തവ്യങ്ങളെയോ സംബന്ധിച്ച ഏതെങ്കിലും അഭിപ്രായങ്ങൾ പഞ്ചായത്തിന്റെ പരിഗണനയ്ക്കായി എഴുതി രേഖപ്പെടുത്താവുന്നതും; 
(എഫ്) പഞ്ചായത്തിന്റെ ഏതെങ്കിലും ഓഫീസോ ഏതെങ്കിലും രേഖകളോ അല്ലെങ്കിൽ മറ്റു പ്രമാണങ്ങളോ അല്ലെങ്കിൽ അവിടെ സൂക്ഷിച്ചിട്ടുള്ള ജംഗമസ്വത്തുക്കളോ അല്ലെങ്കിൽ പഞ്ചായത്തിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ഏതെങ്കിലും പണിയോ സ്ഥാപനമോ വസ്തുവോ പരിശോധിക്കുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതും
ആകുന്നു.

(2) (1)-ആം ഉപവകുപ്പ് E1[xxxx] പ്രകാരമുള്ള കർത്തവ്യങ്ങൾ വിനിയോഗിക്കുന്നതിനായി സൗകര്യം ചെയ്യുവാൻ ഓരോ പഞ്ചായത്തും അതിന്റെ പ്രസിഡന്റും സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥൻമാരും ബാദ്ധ്യസ്ഥരായിരിക്കുന്നതാണ്.

E1[(3) പഞ്ചായത്തിന്റെ ഭരണത്തെ സംബന്ധിച്ചുള്ള ആനുകാലിക പെർഫോമൻസ് ആഡിറ്റ് നടത്തുന്നതിന് നിർണ്ണയിക്കപ്പെട്ട രീതിയിൽ സർക്കാരിന് ഏർപ്പാട് ചെയ്യാവുന്നതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.