Skip to main content
[vorkady.com]

205. തൊഴിലുടമകളാൽ തൊഴിൽനികുതി പിരിച്ചെടുക്കൽ

(1) ശമ്പളത്തിനോ വേതനത്തിനോ വേണ്ടി ആളുകളെ നിയമിച്ചിട്ടുള്ള ഏതെങ്കിലും ആഫീസിന്റെയോ സംരംഭത്തിന്റെയോ അല്ലെങ്കിൽ സ്ഥാപനത്തിന്റെയോ ആഫീസ് തലവനോ തൊഴിലുടമയോ തൊഴിൽ നികുതിയുടെ ബില്ലോ ഡിമാന്റ് നോട്ടീസോ കിട്ടിയാൽ കഴിയുന്നത്രവേഗത്തിൽ, അങ്ങനെയുള്ള ബില്ലോ നോട്ടീസോ, ജീവനക്കാരന് കൊടുക്കേണ്ടതും ആ ബില്ലിന്റെയോ നോട്ടീസിന്റെയോ രണ്ടാം പകർപ്പ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തിന്റെ സെക്രട്ടറിക്ക് മടക്കി അയക്കേണ്ടതുമാണ്.

(2) ബില്ലോ ഡിമാന്റ് നോട്ടീസോ നൽകിയശേഷം നിർണ്ണയിക്കപ്പെട്ടേക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി ഓഫീസ് തലവനോ തൊഴിലുടമയോ ബില്ലിലോ നോട്ടീസിലോ പറയുന്ന കാലയളവു കഴിഞ്ഞതിനുശേഷം ബില്ലിലോ നോട്ടീസിലോ കാണിച്ചിട്ടുള്ള തൊഴിൽ നികുതിത്തുക ജീവനക്കാരുടെ ശമ്പളത്തിലോ വേതനത്തിലോ കുറവുചെയ്തതോ അല്ലാതെയോ ശേഖരിക്കുകയോ വസൂലാക്കുകയോ ചെയ്ത് നിർണ്ണയിക്കപ്പെടുന്ന തരത്തിൽ അത് ഗ്രാമപഞ്ചായത്തിൽ അടയ്ക്കക്കേണ്ടതാണ്.

(3) ഈ വകുപ്പിൽ ആവശ്യപ്പെടുന്നപ്രകാരം ഒരു ബില്ലിലോ ഡിമാന്റ് നോട്ടീസിലോ ഉൾപ്പെടുത്തിയിട്ടുള്ള തൊഴിൽ നികുതിത്തുക ശേഖരിക്കുന്നതിലും അത് അടയ്ക്കുന്നതിലും, ഓഫീസ് തലവന്റെയോ തൊഴിലുടമയുടെയോ ഭാഗത്തു നിന്നുമുള്ള വീഴ്ച കാരണം കുടിശ്ശിക വരുത്തുമ്പോൾ ആ തുക, അപ്രകാരമുള്ള ഓഫീസ് തലവനിൽനിന്നോ തൊഴിലുടമയിൽനിന്നോ, അത് അയാളിൽ നിന്നുമുള്ള ഒരു കുടിശ്ശിക എന്നപോലെ, നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി വസൂലാക്കാവുന്നതാണ്.

എന്നാൽ ശമ്പളം നേരിട്ടു വാങ്ങുന്ന ഉദ്യോഗസ്ഥൻമാരുടെ സംഗതിയിൽ, ഓഫീസ് തലവനോ തൊഴിലുടമയോ, അത്തരം ബില്ലിലോ നോട്ടീസിലോ ഉൾപ്പെട്ട തൊഴിൽ നികുതി അങ്ങനെയുള്ള ഉദ്യോഗസ്ഥൻ അടച്ചതായി ഉറപ്പുവരുത്തുന്നതിന് നിർണ്ണയിക്കപ്പെടാവുന്ന തരത്തിലുള്ള നടപടികൾ എടുക്കേണ്ടതാണ്.