Skip to main content
[vorkady.com]

137. ബുത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം

ബുത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം ചെയ്യുന്ന ഏതൊരാളും ആറു മാസത്തിൽ കുറയാത്തതും മൂന്നു വർഷക്കാലത്തോളമാകാവുന്നതുമായ

തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും ശിക്ഷിക്കപ്പെടാവുന്നതും അപ്രകാരമുള്ള കുറ്റകൃത്യം ചെയ്യുന്ന ഒരു ആൾ സർക്കാരിലോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ, ജോലിചെയ്യുന്നയാളാണെങ്കിൽ, മുന്നുവർഷത്തിൽ കുറയാത്തതും അഞ്ചുവർഷക്കാലത്തോളമാകാവുന്നതുമായ തടവുശിക്ഷക്കും പിഴശിക്ഷക്കും ശിക്ഷിക്കപ്പെടാവുന്നതുമാണ്.

വിശദീകരണം - ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി "ബുത്ത് പിടിച്ചെടുക്കൽ' എന്നതിൽ മറ്റ് സംഗതികളോടൊപ്പം താഴെപ്പറയുന്ന എല്ലാമോ അഥവാ ഏതെങ്കിലുമോ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതാണ്, അതായത് :-

(എ) ഏതെങ്കിലും ആളോ ആളുകളോ ഒരു പോളിംഗ് സ്റ്റേഷനോ പോളിംഗിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലമോ പിടിച്ചെടുക്കുകയോ പോളിംഗ് അധികാരികൾ ബാലറ്റ് പേപ്പറുകളോ വോട്ടിംഗ് യന്ത്രങ്ങളോ വിട്ടുകൊടുക്കുന്നതിന് ഇടയാക്കുകയോ തിരഞ്ഞെടുപ്പിന്റെ ക്രമമായ നടത്തിപ്പിനെ ബാധിക്കുന്ന മറ്റ് ഏതെങ്കിലും പ്രവർത്തി ചെയ്യുകയോ ചെയ്യുക,

(ബി) ഏതെങ്കിലും ആളോ ആളുകളോ പോളിംഗ് സ്റ്റേഷനോ പോളിംഗിന് നിശ്ചയിച്ച സ്ഥലമോ കൈവശപ്പെടുത്തുകയും അയാളുടെയോ അവരുടെയോ അനുയായികളെ മാത്രം വോട്ടവകാശം വിനിയോഗിക്കുന്നതിന് അനുവദിക്കുകയും മറ്റുള്ളവരെ വോട്ട് ചെയ്യുന്നതിൽനിന്ന് തടയുകയും ചെയ്യുക;

(സി) ഏതെങ്കിലും വോട്ടറെ ഭീഷണിപ്പെടുത്തി പോളിംഗ് സ്റ്റേഷനിലേക്കോ പോളിംഗിന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്കോ വോട്ടു രേഖപ്പെടുത്തുന്നതിനായി പോവുന്നതിൽ നിന്നും തടയുക.

(ഡി) ഏതെങ്കിലും ആളോ ആളുകളോ വോട്ടെണ്ണുന്നതിനുള്ള സ്ഥലം പിടിച്ചെടുക്കുകയോ വോട്ടെണ്ണൽ അധികാരികൾ ബാലറ്റ് പേപ്പറുകളോ വോട്ടിംഗ് യന്ത്രങ്ങളോ വിട്ടുകൊടുക്കുന്നതിന് ഇടയാക്കുകയോ വോട്ടിംഗിന്റെ ക്രമമായ എണ്ണലിനെ ബാധിക്കുന്ന എന്തെങ്കിലും കാര്യം ചെയ്യുകയോ ചെയ്യുക,

(ഇ) സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ സേവനത്തിലിരിക്കുന്ന ഏതെങ്കിലും ആൾ ഒരു സ്ഥാനാർത്ഥിയുടെ വിജയസാദ്ധ്യത മെച്ചപ്പെടുത്തുന്നതിന് മേല്പറഞ്ഞ എല്ലാമോ ഏതെങ്കിലുമോ പ്രവൃത്തികൾ ചെയ്യുകയോ അതിൽ സഹായിക്കുകയോ ഒത്താശ ചെയ്യുകയോ ചെയ്യുക.