Skip to main content
[vorkady.com]

E1[219എച്ച്. താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ അടിഞ്ഞുകുടിയിട്ടുള്ള ചവറും ഖര മാലിന്യങ്ങളും നീക്കം ചെയ്യൽ

(1) ചവറും അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളും മാലിന്യവും വാണിജ്യവർജ്യവസ്തുക്കളും പ്രത്യേക മാലിന്യങ്ങളും ആപൽക്കരമായ മാലിന്യങ്ങളും അവസ്കൃതമോ മലിനപ്പെട്ടതോ ആയ വസ്തുക്കളും, വലിയ അളവിൽ അടിഞ്ഞുകൂടിയിട്ടുള്ള,-

(എ) ഒരു ഫാക്ടറിയോ വർക്ക്ഷോപ്പോ അല്ലെങ്കിൽ എന്തെങ്കിലും നിർമ്മാണ പ്രക്രിയ നടക്കുന്ന സ്ഥലമോ; അഥവാ

(ബി) ഒരു മാർക്കറ്റോ, വ്യാപാര പരിസരമോ; അഥവാ

(സി) ഒരു കശാപ്പു ശാലയോ; അഥവാ

(ഡി) ഒരു ഹോട്ടലോ ഭക്ഷണപുരയോ റസ്റ്റോറന്റോ; അഥവാ

(ഇ) ഒരു ആശുപ്രതിയോ നേഴ്സസിംഗ് ഹോമോ; അഥവാ

(എഫ്) ഒരു പണ്ടകശാലയോ ഗോഡൗണോ; അഥവാ

(ജി) അനേകം ആളുകൾ സങ്കേതമാക്കുന്ന ഒരു സ്ഥലമോ;

എന്നിവയുടെ ഉടമസ്ഥനോടോ കൈവശക്കാരനോടോ സെക്രട്ടറിക്ക് അദ്ദേഹത്തിന് ആവശ്യമെന്നു തോന്നുന്നപക്ഷം രേഖാമൂലമുള്ള നോട്ടീസ് നൽകി അവിടെ അടിഞ്ഞുകൂടിയിട്ടുള്ള അങ്ങനെയുള്ള വസ്തുക്കൾ ശേഖരിക്കാനും നോട്ടീസിൽ പറഞ്ഞിട്ടുള്ള സമയത്തും രീതിയിലും മാർഗ്ഗേണയും അതിനെ ഒരു ഡിപ്പോയിലേക്കോ അല്ലെങ്കിൽ സെക്രട്ടറി ഏർപ്പെടുത്തിയിട്ടുള്ളതോ നിർദ്ദേശിച്ചിട്ടുള്ളതോ ആയ സ്ഥലത്തേക്കോ നീക്കം ചെയ്യുന്നതിന് ആവശ്യപ്പെടാവുന്നതാണ്.

എന്നാൽ, അപ്രകാരമുള്ള ഖരമാലിന്യങ്ങൾ ആരോഗ്യപരമായ കാരണങ്ങളാൽ സെക്രട്ടറി ആവശ്യപ്പെടുന്ന സ്ഥലത്തേക്കോ ഡിപ്പോയിലേക്കോ നീക്കം ചെയ്യുന്നതിന് സാധിക്കാത്തപക്ഷം സെക്രട്ടറിക്ക് അങ്ങനെയുള്ള ഉടമസ്ഥനോടോ കൈവശക്കാരനോടോ നോട്ടീസമൂലം അതിൽ പറയുന്ന സമയത്തിനുള്ളിൽ അങ്ങനെയുള്ള വസ്തുക്കൾ സ്വയം കൈയൊഴിക്കാൻ ആവശ്യപ്പെടാവുന്നതും അതിൽ വീഴ്ച വരുത്തുന്നപക്ഷം അയാളെ കുറ്റസ്ഥാപനത്തിൻമേൽ പതിനായിരം രൂപ വരെയുള്ള പിഴ ചുമത്തി ശിക്ഷിക്കാവുന്നതും അങ്ങനെ കുറ്റസ്ഥാപനം നടത്തിയ ശേഷം അപ്രകാരമുള്ള നിർദ്ദേശം അനുസരിക്കാൻ ഉപേക്ഷ കാണിക്കുന്നതായാൽ അയാളെ ആ കുറ്റം തുടർന്നു ചെയ്യുന്ന ഓരോ ദിവസവും നൂറുരൂപാ നിരക്കിൽ അധികപിഴയും ചുമത്തി ശിക്ഷിക്കാവുന്നതാണ്.

(2) (1)-ആം ഉപവകുപ്പിലെ നോട്ടീസ് പ്രകാരം ഉടമസ്ഥന്റേയോ കൈവശക്കാരന്റേയോ നഷ്ടോത്തരവാദിത്വത്തിൽ നീക്കം ചെയ്യേണ്ടതിനുള്ള ചെലവ് ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച് പ്രസ്തുത ഉടമസ്ഥനിൽ നിന്നോ കൈവശക്കാരനിൽ നിന്നോ ഈടാക്കേണ്ടതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999മുതൽ പ്രാബല്യത്തില്‍ വന്നു.