Skip to main content
[vorkady.com]

200. ഗ്രാമപഞ്ചായത്തുകൾക്ക് ചുമത്താവുന്ന നികുതികൾ, ചുങ്കം മുതലായവ

(1) ഓരോ ഗ്രാമപഞ്ചായത്തും അതിന്റെ പ്രദേശത്ത് ഒരു E1[വസ്തു നികുതിയും], ഒരു തൊഴിൽ നികുതിയും, ഒരു പരസ്യനികുതിയും ഒരു വിനോദനികുതിയും ചുമത്താവുന്നതാണ്.

(2) ശുചിത്വപരിപാലനം, ജലവിതരണം, സ്കാവൻജിംഗ്, തെരുവ് വിളക്കുകളും ഡ്രെയിനേജും എന്നിവയ്ക്ക് അപ്രകാരം ഗ്രാമപഞ്ചായത്ത് സേവനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളിടത്തെല്ലാം E1[നിർണ്ണയിക്കപ്പെട്ട കുറഞ്ഞ നിരക്കിന് വിധേയമായി പഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കിൽ സേവനനികുതി ചുമത്താവുന്നതാണ്.]

(3) ഓരോ ഗ്രാമപഞ്ചായത്ത് പ്രദേശത്തും നടക്കുന്ന വസ്തു കൈമാറ്റങ്ങളിൽ 206-ആം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരമുള്ള ഒരു കരം കൂടി ചുമത്താവുന്നതാണ്.

A2[(3.എ) ഗ്രാമ പഞ്ചായത്തിന് ഒരു ഭൂഉടമയിൽനിന്നും അയാൾ കൈവശം വച്ചിരിക്കുന്ന തോട്ടമോ, കെട്ടിടം നിൽക്കുന്ന സ്ഥലമോ ആയി മാറ്റപ്പെട്ട നെൽപ്പാടമോ, ചതുപ്പു പ്രദേശമോ, കുളമോ, നീർമറി പ്രദേശമോ സംബന്ധിച്ച് ഒരു E1[നിർണ്ണയിക്കപ്പെട്ട നിരക്കിലും രീതിയിലും] ഭൂപരിവർത്തന ഉപനികുതി ചുമത്താവുന്നതാണ്.

വിശദീകരണം - ഈ വകുപ്പിലെ യാതൊന്നും 1967-ലെ കേരള ഭൂവിനിയോഗ ഉത്തരവിലെ ഏതെങ്കിലും വ്യവസ്ഥകളെ ബാധിക്കുന്നതായി കണക്കാക്കാൻ പാടുള്ളതല്ല.]

(4) (i) ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ നടത്തുന്ന എല്ലാ പ്രദർശനങ്ങളിൻമേലും സർക്കാർ ഇതിലേക്കായി നിർണ്ണയിച്ചിട്ടുള്ള നിരക്കുകളിൽ ഒരു പ്രദർശന നികുതി ചുമത്തേണ്ടതാണ്. 

വിശദീകരണം - "പ്രദർശനം" എന്ന പ്രയോഗത്തിൽ പണം നൽകുന്നതിൻമേൽ ആളുകൾക്ക് പ്രവേശനം നൽകുന്ന ഏതെങ്കിലും വിനോദം, പ്രദർശനം, അഭ്യാസപ്രകടനം, നേരംപോക്ക്, കളി, കായികവിനോദം, ഓട്ടപ്പന്തയം എന്നിവ ഉൾപ്പെടുന്നതാണ്.

(ii) ചുമത്താവുന്ന നികുതി, പ്രദർശനം നടത്തുന്ന പരിസരത്തിന്റെഉടമസ്ഥൻ പ്രദർശനത്തിന് വാടക വാങ്ങുന്നു എങ്കിൽ അയാളോ അല്ലെങ്കിൽ വാടകയൊന്നും കൊടുക്കുന്നില്ലെങ്കിൽ പ്രദർശനത്തിന്റെ നടത്തിപ്പിന് ഉത്തരവാദിയായ ഏതെങ്കിലും ആളുൾപ്പെടെ പ്രദർശനത്തിന്റെ ഉടമയോ കൊടുക്കേണ്ടതും അയാളുടെ പക്കൽനിന്നും ഈടാക്കേണ്ടതുമാകുന്നു.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995 മുതൽ പ്രാബല്യത്തില്‍ വന്നു