Skip to main content
[vorkady.com]

235ഇസഡ്. നിയമാനുസൃതമല്ലാത്ത കെട്ടിട നിർമ്മാണത്തിന് പിഴ

(1) ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണമോ പുനർനിർമ്മാണമോ മാറ്റം വരുത്തലോ,

(എ) സെക്രട്ടറിയുടെ അനുവാദം കൂടാതെ ആരംഭിക്കുകയോ,

(ബി) അനുവാദത്തിന് ആധാരമായ സംഗതികൾ അനുസരിച്ചല്ലാതെ നടത്തിക്കൊണ്ടിരി ക്കുകയോ പൂർത്തിയാക്കുകയോ,

(സി) ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥയോ അതിൻകീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ചട്ടത്തിനോ ബൈലായ്തക്കോ നിയമാനുസൃതം നൽകിയിട്ടുള്ള ഏതെങ്കിലും നിർദ്ദേശത്തിനോ ആവശ്യപ്പെടലിനോ വിരുദ്ധമായിട്ടോ നടത്തിക്കൊണ്ടിരിക്കുകയോ പൂർത്തിയാക്കുകയോ,

(ഡി) തൽസംബന്ധമായി 235 എൻ വകുപ്പ് പ്രകാരം പുറപ്പെടുവിച്ചു നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്ന മാറ്റമോ കൂട്ടിച്ചേർക്കലോ യഥാവിധി വരുത്താതിരിക്കുകയോ,

(ഇ) തൽസംബന്ധമായി 235 ഡബ്ലിയു വകുപ്പ് പ്രകാരം സെക്രട്ടറി ഏതെങ്കിലും ആളിന് നൽകിയ നിർദ്ദേശം അനുസരിക്കുന്നതിൽ അയാൾ വീഴ്ച വരുത്തുകയോ,

ചെയ്യുന്ന സംഗതിയിൽ, കെട്ടിടത്തിന്റെ ഉടമസ്ഥനിൽ നിന്നോ അങ്ങനെയുള്ള ആളിൽ നിന്നോ, അതതു സംഗതിപോലെ, കുറ്റസ്ഥാപനത്തിൻമേൽ, ഒരു കെട്ടിടത്തെ സംബന്ധിച്ചാണെങ്കിൽ പതിനായിരം രൂപ വരെയാകാവുന്ന പിഴയും കുടിലിനെ സംബന്ധിച്ചാണെങ്കിൽ ആയിരം രൂപ വരെ ആകാവുന്ന പിഴയും കുറ്റം തുടർന്ന് പോകുന്ന ഓരോ ദിവസത്തിനും, കെട്ടിടത്തെ സംബന്ധിച്ചാണെങ്കിൽ ആയിരം രൂപവരെയും കുടിലിനെ സംബന്ധിച്ചാണെങ്കിൽ പത്ത് രൂപ വരെയും ആകാവുന്ന അധിക പിഴയും ഈടാക്കാവുന്നതാണ്.

എന്നാൽ, കെട്ടിടത്തിന്റെ നിർമ്മാണമോ പുനർ നിർമ്മാണമോ, 235 ഡബ്ലിയു വകുപ്പ പ്രകാരം ക്രമവൽക്കരിക്കാവുന്നതും അപ്രകാരം സെക്രട്ടറി ക്രമവൽക്കരിച്ചിട്ടുള്ളതാണെങ്കിൽ ഈ ഉപവകുപ്പ് പ്രകാരം യാതൊരാളെയും കുറ്റസ്ഥാപനം നടത്താൻ പാടുള്ളതല്ല.

(2) ഒരു കെട്ടിടത്തിന്റെ നിർമ്മാണം സംബന്ധിച്ച ഈ ആക്റ്റിലേയോ അതിൻ കീഴിലുണ്ടായിട്ടുള്ള ചട്ടങ്ങളിലേയോ ഏതെങ്കിലും വ്യവസ്ഥയിലോ നിയമാനുസൃതം നൽകപ്പെട്ടിട്ടുള്ള ഏതെങ്കിലും നിർദ്ദേശത്തിലോ പ്രത്യേകം പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങളുടെയോ നിർദ്ദേശങ്ങളുടെയോ ലംഘനം പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആയിരിക്കുകയോ മനുഷ്യജീവന് അപ്രകടമായിരിക്കു കയോ ചെയ്യുന്നിടത്ത് ആ കെട്ടിടത്തിന്റെ ഉടമസ്ഥനോ അതിന്റെ നിർമ്മാതാവോ, കുറ്റസ്ഥാപന ത്തിൻമേൽ ഒരു വർഷം വരെ ആകാവുന്ന തടവു ശിക്ഷയ്ക്ക് അർഹനായിരിക്കുന്നതാണ്.

AD[(3) ഒരു എംപാനൽഡ് ലൈസൻസി കുറഞ്ഞ അപകടസാധ്യതയുള്ള കെട്ടിടങ്ങളുടെ നിർമ്മാണത്തിനോ പുനർനിർമ്മാണത്തിനോ സ്വയം സാക്ഷ്യപത്രം നൽകുന്ന സംഗതിയിൽ, ഈ ആക്റ്റിലേയോ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളിലെയോ വ്യവസ്ഥകളോ നിയമാനുസൃതം നൽകിയിട്ടുള്ള ഏതെങ്കിലും നിർദ്ദേശമോ തത്സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകളോ ലംഘിച്ചുകൊണ്ടോ അല്ലെങ്കിൽ ഏതെങ്കിലും വസ്തുതകൾ മറച്ചുവച്ചോ ആണ് അപ്രകാരമുള്ള കെട്ടിടത്തിന് സ്വയം സാക്ഷ്യപത്രം നൽകിയത് എന്ന് രജിസ്റ്ററിംഗ് അധികാരി, കാണുന്നപക്ഷം, അപ്രകാരമുള്ള രജിസ്റ്ററിംഗ് അധികാരിക്ക് എംപാനൽഡ് ലൈസൻസിയെ അഞ്ച് വർഷത്തിൽ കുറയാത്ത ഒരു കാലയളവിലേക്ക് സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്താവുന്നതും അപ്രകാരമുള്ള ലൈസൻസിക്ക് എതിരെ കാരണം കാണിക്കൽ നോട്ടിസ് നൽകിയതിനു ശേഷം, അപ്രകാരമുള്ള ലൈസൻസിയിൽ നിന്നും (4)-ആം ഉപവകുപ്പിൽ വ്യവസ്ഥ ചെയ്ത പ്രകാരമുള്ള പിഴ ഈടാക്കാവുന്നതുമാണ്.

(4) സ്വയം സാക്ഷ്യപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് നിർമ്മിക്കുകയോ പുനർനിമ്മിക്കുകയോ ചെയ്തു കെട്ടിടങ്ങളുടെ സംഗതിയിൽ, അപ്രകാരം സ്വയം സാക്ഷ്യപത്രം നൽകിയ കെട്ടിടത്തിന്റെ ഉടമസ്ഥനും എംപാനൽഡ് ലൈസൻസിക്കും, ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനുശേഷം, അപ്രകാരമുള്ള ഉടമസ്ഥനും ലൈസൻസിയും നൽകുന്ന മറുപടി ഏതെങ്കിലും ഉണ്ടെങ്കിൽ, അത് പരിഗണിച്ചതിനു ശേഷവും  അപ്രകാരമുള്ള ആളുകളിൽനിന്നും, നൂറ് ചതുരശ്രമീറ്റർ വരെ നിർമ്മിത വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും, ഇരുന്നൂറ് ചതുരശ്രമീറ്റർ വരെ നിർമ്മിത വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക് നാല് ലക്ഷം രൂപ വീതവും, മുന്നൂറ് ചതുരശ്രമീറ്റർ വരെ നിർമ്മിത വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക് ആറ് ലക്ഷം രൂപ വീതവും പിഴ ഈടാക്കാവുന്നതാണ്.

(5) രജിസ്റ്ററിംഗ് അധികാരി എടുത്ത നടപടികളോ പുറപ്പെടുവിച്ച ഉത്തരവോമൂലം സങ്കടമനുഭവിക്കുന്ന ആളിന് അപ്രകാരമുള്ള ഉത്തരവുകൾക്കോ നടപടികൾക്കോ എതിരായി സർക്കാരിൽ (3)-ആം ഉപവകുപ്പുപ്രകാരമുള്ള ഉത്തരവ് ലഭിച്ച തീയതി മുതൽ മുപ്പത് ദിവസങ്ങൾക്കകം ഒരു അപ്പീൽ സമർപ്പിക്കാവുന്നതാണ്.]


AD. 2021-ലെ 11-ആം ആക്ട് പ്രകാരം പ്രകാരം കൂട്ടി ചേര്‍ക്കപ്പെട്ടു. 12.02.2021  മുതല്‍ പ്രാബല്യത്തില്‍ വന്നു.