Skip to main content
[vorkady.com]

Q[207. നികുതി, ഉപനികുതി മുതലായവയിൽ നിന്ന് ഒഴിവാക്കൽ

(1) താഴെ പറ യുന്ന കെട്ടിടങ്ങളെയും ഭൂമികളെയും 203-ആം വകുപ്പ് പ്രകാരം ചുമത്താവുന്ന വസ്തു നികുതിയിൽ നിന്നും 200-ആം വകുപ്പ് (2)-ആം ഉപവകുപ്പ് പ്രകാരം ചുമത്താവുന്ന സേവന ഉപനികുതിയിൽ നിന്നും ഒഴിവാക്കേണ്ടതാണ്, അതായത്-

(എ) പൊതു ആരാധനയ്ക്കായി നീക്കിവച്ചിട്ടുള്ളതും യഥാർത്ഥത്തിൽ അപ്രകാരം ഉപയോഗിക്കുന്നതും അല്ലെങ്കിൽ അനുബന്ധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ കെട്ടിടങ്ങൾ മതപഠന ശാലകൾ;

AF[(ബി) കേന്ദ്ര സർക്കാർ വകയോ, സംസ്ഥാന സർക്കാർ വകയോ, എയ്ഡഡോ, കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ ധനസഹായത്തോടെ പ്രവർത്തിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുളള വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അല്ലെങ്കിൽ വിദ്യാഭ്യാസ അനുബന്ധ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന കെട്ടിടങ്ങളും പ്രസ്തുത സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ താമസിക്കുന്നതുമായ ഹോസ്റ്റൽ കെട്ടിടങ്ങളും;]

S2, AF1[(ബിഎ) XXX]

(സി) രോഗികൾക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന ആതുരാലയങ്ങൾ;

(ഡി) അഗതികൾക്കോ അനാഥർക്കോ ശാരീരികമായോ മാനസികമായോ വെല്ലുവിളി നേരിടുന്നവർക്കോ മാരകരോഗികൾക്കോ മൃഗങ്ങൾക്കോ അഭയം നൽകുന്നതും, ധർമ്മ കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രവേശനം നൽകുന്നതുമായ കെട്ടിടങ്ങൾ;

(ഇ) പൊതുജനങ്ങൾക്ക് പ്രവേശിക്കാവുന്ന ഗ്രന്ഥശാലകളും, വായനശാലകളും AF2[സൗജന്യമായി ഉപയോഗിക്കാവുന്ന കളിസ്ഥലങ്ങളും]

(എഫ്) പ്രാചീന സ്മാരകങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച് തൽസമയം നിലവിലിരിക്കുന്ന നിയമപ്രകാരം സംരക്ഷിക്കപ്പെട്ടുപോരുന്ന പ്രാചീന സ്മാരകങ്ങളും, വാസഗൃഹങ്ങളായോ പൊതു ഓഫീസുകളായോ ഉപയോഗിക്കപ്പെടാത്ത അവയുടെ ഭാഗങ്ങളും; 

(ജി) ശവം അടക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്ന സ്ഥലങ്ങൾ;

(എച്ച്) ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വക കെട്ടിടങ്ങളും, സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് വിട്ടുകൊടുത്ത സ്ഥാപനങ്ങളോട് അനുബന്ധിച്ച കെട്ടിടങ്ങളും; 

AF[(ഐ) ഉടമസ്ഥൻ സ്വന്തം വാസഗൃഹമായി ഉപയോഗിക്കുന്നതും തറ വിസ്തീർണ്ണം അറുപത് ചതുരശ്ര മീറ്ററിൽ കൂടാത്തതുമായ കെട്ടിടങ്ങൾ.]

(ജെ) സർക്കാരോ അർദ്ധ സർക്കാർ സ്ഥാപനങ്ങളോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യമായി നിർമ്മിച്ചുകൊടുക്കുന്ന വാസഗൃഹങ്ങൾ; 

വിശദീകരണം.- (1)-ആം ഉപവകുപ്പ് പ്രകാരം അനുവദിച്ചിട്ടുള്ള ഒഴിവ്, ഉടമസ്ഥർ വാടക ഈടാക്കുന്ന കെട്ടിടങ്ങൾക്കും, വിദ്യാഭ്യാസസ്ഥാപനങ്ങളോട് ചേർന്നതും എന്നാൽ ഹോസ്റ്റലുകളല്ലാത്തതുമായ വാസഗൃഹങ്ങൾക്കും, ഗ്രന്ഥശാലകളോടു ചേർന്ന വാസഗൃഹങ്ങൾക്കും നൽകാവുന്നതല്ല.

(2) സർക്കാരിനും സർക്കാരിന്റെ അനുവാദത്തോടുകൂടി ഗ്രാമപഞ്ചായത്തിനും, ആരുടെ ഉടമ സ്ഥതയിലുമുള്ള ഏത് വിഭാഗം കെട്ടിടങ്ങളേയും ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരമുള്ള നികുതിയോ ഉപനികുതിയോ കരമോ നൽകേണ്ടതിൽ നിന്ന് പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കാവുന്നതാണ്.]


AF. 2023-ലെ 18-ആം ആക്റ്റ് പ്രകാരം (ബി) ഖണ്ഡത്തിനു പകരം ചേർക്കപ്പെട്ടു. 01.04.2023 മുതൽ പ്രാബല്യത്തില്‍ വന്നു. അതിനു മുമ്പ് ഇങ്ങനെ,
“(ബി) സർക്കാർ വകയോ എയ്ഡഡോ, സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അല്ലെങ്കിൽ അനുബന്ധ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന കെട്ടിടങ്ങളും പ്രസ്തുത സ്ഥാപനത്തിലെ വിദ്യാർത്ഥികൾ താമസിക്കുന്നതുമായ ഹോസ്റ്റൽ കെട്ടിടങ്ങളും;”
S2. 2013-ലെ 23-ആം ആക്റ്റ് പ്രകാരം 25.11.2012 തീയതി പ്രാബല്യത്തില്‍ (ബിഎ) ഖണ്ഡം കൂട്ടി ചേർക്കപ്പെട്ടു. 
AF1. 2023-ലെ 18-ആം ആക്റ്റ് പ്രകാരം 01.04.2023 തീയതി പ്രാബല്യത്തില്‍ (ബിഎ) ഖണ്ഡം ഒഴിവാക്കപ്പെട്ടു. അതിനു മുമ്പ് ഇങ്ങനെ,
“(ബിഎ) സർക്കാരിന്റെ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും ഹയർ സെക്കന്‍റ്റി തലം വരെയുള്ളതുമായ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന കെട്ടിടങ്ങളും, അത്തരം സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടങ്ങളും;”
AF2. 2023-ലെ 18-ആം ആക്റ്റ് പ്രകാരം 01.04.2023 തീയതി പ്രാബല്യത്തില്‍ “കളിസ്ഥലങ്ങളും” എന്ന വാക്കിനു പകരം ചേര്‍ക്കപ്പെട്ടു. 
AF. 2023-ലെ 18-ആം ആക്റ്റ് പ്രകാരം 01.04.2023 തീയതി പ്രാബല്യത്തില്‍ (ഐ) ഖണ്ഡത്തിനു പകരം  ചേര്‍ക്കപ്പെട്ടു.
“(ഐ) ഉടമസ്ഥൻ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളയാളാണെങ്കിൽ, അയാൾ സ്വന്തം വാസഗൃഹമായി ഉപയോഗിക്കുന്നതും തറവിസ്തീർണ്ണം മുപ്പത് ചതുരശ്ര മീറ്ററിൽ കുറവുള്ളതുമായ കെട്ടിടങ്ങൾ;”
Q. 2009-ലെ 31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 07.10.2009 മുതൽ പ്രാബല്യത്തില്‍ വന്നു.