Skip to main content
[vorkady.com]

271ജെ. ഓംബുഡ്സ്മാന്റെ ചുമതലകൾ

(1) ഓംബുഡ്സ്മാൻ താഴെ പറയുന്ന എല്ലാമോ ഏതെങ്കിലുമോ ചുമതലകൾ നിർവ്വഹിക്കേണ്ടതാണ്, അതായത്,-

(i) ഒരു പരാതിയിൽ അടങ്ങിയിട്ടുള്ളതോ, സർക്കാർ പരാമർശിച്ചിട്ടുള്ളതോ ഓംബുഡ്സ്മാന്റെ അറിവിൽപ്പെട്ടിട്ടുള്ളതോ ആയ ഏതെങ്കിലും ആരോപണത്തെ സംബന്ധിച്ച സൂക്ഷ്മമായ അന്വേഷണം നടത്തുക;

(ii) ഒരു പബ്ലിക് സർവ്വന്റിന്റെയോ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ അഴിമതിയോ ദുർഭരണമോ ആരോപിച്ചിട്ടുള്ള ഏതെങ്കിലും പരാതിയിൻമേൽ അന്വേഷണം നടത്തുക;

(iii) ആരോപണത്തിൻമേൽ താഴെ പറയുന്ന വിധം ഒരു ഉത്തരവ് പാസ്സാക്കുക, അതായത്-

(എ) ക്രമക്കേട് ഒരു പബ്ലിക്ക് സർവ്വന്റ് ചെയ്ത ഒരു ക്രിമിനൽ കുറ്റം ഉൾപ്പെട്ടതാണെങ്കിൽ ആ സംഗതി കുറ്റ വിചാരണ നടത്തുന്നതിനായി സമുചിത അധികാരസ്ഥന് അയച്ചുകൊടുക്കേണ്ടതും, 

(ബി) ക്രമക്കേട്, ഏതെങ്കിലും ഒരു പൗരന് നഷ്ടമോ അസൗകര്യമോ ഉണ്ടാക്കുന്നതാണെങ്കിൽ അയാൾക്ക് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം മുഖേന നഷ്ടപരിഹാരം നൽകുവാനും ക്രമക്കേടിന് ഉത്തരവാദികളായിട്ടുള്ളവരിൽ നിന്നും ആ നഷ്ടം ഈടാക്കി നൽകേണ്ടതും, 

(സി) ക്രമക്കേട്, ഏതെങ്കിലും നഷ്ടമോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫണ്ടിന്റെ ധൂർത്തോ ദുർവിനിയോഗമോ ഉൾപ്പെടുന്നതാണെങ്കിൽ ക്രമക്കേടിനുത്തരവാദികളായവരിൽ നിന്ന് ആ നഷ്ടം ഈടാക്കി നൽകേണ്ടതും, 

(ഡി) ക്രമക്കേട്, വിട്ടുപോയതുകൊണ്ടോ നിഷ്ട്രക്രിയത്വം കൊണ്ടോ ഉണ്ടായിട്ടുള്ളതാണെങ്കിൽ വിട്ടുപോയത് ചേർക്കുവാനും തെറ്റുതിരുത്തുവാനും ഇടയാക്കേണ്ടതും, ആകുന്നു.

(2) (1)-ആം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള ചുമതലകൾക്ക് പുറമേ, പരാതിക്കാധാരമായ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നടപടികൾ മൂലം പരാതിക്കാരന് വൻ നഷ്ടമോ പരിക്കോ ഉണ്ടാകാമെന്ന് ബോദ്ധ്യപ്പെടുന്ന പക്ഷം, ഓംബുഡ്സ്മാൻ പരാതിക്കാരന്റെ താത്പര്യത്തിന് വിഘാതമായി എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തെ തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പാസ്സാക്കാവുന്നതാണ്.

(3) ക്രമക്കേട് വ്യക്തിപരമായ നേട്ടത്തിനുവേണ്ടി നടത്തിയ അഴിമതി ഉൾപ്പെടുന്നതാണെന്ന് ഓംബുഡ്സ്മാന് അഭിപ്രായമുള്ള പക്ഷം അതിന്, അതിന്റെ ഉത്തരവിൽ നഷ്ടപരിഹാരത്തിനു പുറമേ പിഴയും ചുമത്താവുന്നതാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.