Skip to main content
[vorkady.com]

E1 159. പഞ്ചായത്തംഗങ്ങൾ സ്വത്തുവിവരം സംബന്ധിച്ച് സ്റ്റേറ്റമെന്റ് നൽകണമെന്ന്

(1) ഒരു പഞ്ചായത്തംഗം തന്റെ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ R,Y[മുപ്പത് മാസങ്ങൾക്കകം] നിശ്ചിത ഫാറത്തിൽ അയാളുടേയും അയാളുടെ കുടുംബത്തിലെ മറ്റംഗങ്ങളുടേയും, സ്വത്തുകളുടേയും ബാദ്ധ്യതകളുടേയും സ്റ്റേറ്റമെന്റ് സർക്കാർ ഇതിലേക്കായി വിജ്ഞാപനം മുഖേന അധികാരപ്പെടുത്തുന്ന കോമ്പിറ്റന്റ് അതോറിറ്റിക്ക് സമർപ്പിക്കേണ്ടതാണ്:

എന്നാൽ, ഈ പ്രാബല്യത്തിൽ വരുന്ന സമയം പഞ്ചായത്തംഗമായിരിക്കുന്ന ഒരാൾ, സർക്കാർ ഇതിലേക്കായി നിശ്ചയിക്കുന്ന തീയതിക്ക് മുമ്പ്, അപ്രകാരമുള്ള ഒരു സ്റ്റേറ്റമെന്റ് കോമ്പിറ്റന്റ് അതോറിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.

(2) (1)-ആം ഉപവകുപ്പ് പ്രകാരം ഒരു സ്റ്റേറ്റുമെന്റ് സമർപ്പിച്ച ഒരു പഞ്ചായത്തംഗം അതിനു ശേഷം അയാളുടേയോ അയാളുടെ കുടുംബത്തിലെ മറ്റംഗങ്ങളുടേയോ പേരിൽ കൂടുതലായി ഏതെങ്കിലും സ്വത്ത് ആർജ്ജിക്കുകയോ സ്റ്റേറ്റുമെന്റിൽ പറയുന്ന ഏതെങ്കിലും സ്വത്ത് കയ്യൊഴിയുകയോ ബാദ്ധ്യതപ്പെടുത്തുകയോ ചെയ്താൽ, അതതു സംഗതിപോലെ, അപ്രകാരം ആർജ്ജിക്കുകയോ കയ്യൊഴിയുകയോ ബാദ്ധ്യതപ്പെടുത്തുകയോ ചെയ്യുന്ന തീയതി മുതൽ മൂന്നു മാസത്തിനകം അതു സംബന്ധിച്ച സ്റ്റേറ്റുമെന്റ് കോമ്പിറ്റന്റ് അതോറിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.

(3) (1)-ആം ഉപവകുപ്പും (2)-ആം ഉപവകുപ്പും പ്രകാരം ഒരു പഞ്ചായത്തംഗം, കളവായതും കളവാണെന്ന് താനറിയുകയോ വിശ്വസിക്കുകയോ ചെയ്യുന്നതോ അല്ലെങ്കിൽ സത്യമാണെന്ന് താൻ വിശ്വസിക്കാത്തതോ ആയ ഒരു സ്റ്റേറ്റമെന്റ് നൽകുന്നുവെങ്കിൽ അപ്രകാരം കളവായി വിവരം നൽകിയതിന്  ആ പഞ്ചായത്തംഗത്തിനെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

(4) (1)-ആം ഉപവകുപ്പിലും (2)-ആം ഉപവകുപ്പിലും പറഞ്ഞിട്ടുള്ള തീയതിക്കുള്ളിൽ ഒരു പഞ്ചായത്തംഗം അപ്രകാരമുള്ള സ്റ്റേറ്റുമെന്റ് കോമ്പിറ്റന്റ് അതോറിറ്റിക്ക്സമർപ്പിച്ചിട്ടില്ലാത്ത പക്ഷം 35-ാം വകുപ്പ പ്രകാരം പഞ്ചായത്തംഗമായി തുടരുന്നതിന് അയോഗ്യത കൽപ്പിക്കുവാൻ നടപടി സ്വീകരിക്കാവുന്നതാണ്.

വിശദീകരണം 1 - ഈ വകുപ്പിന്റെ ആവശ്യത്തിലേക്ക് ഒരു പഞ്ചായത്തംഗത്തിന്റെ 'കുടുംബം' എന്നാൽ ആ അംഗത്തിന്റെ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, അയാളെ ആശ്രയിച്ച് കഴിയുന്ന അയാളുടെ അച്ഛനമ്മമാരും അവിവാഹിതരായ സഹോദരിമാരും മക്കളും എന്നർത്ഥമാകുന്നു.

വിശദീകരണം 2 - ഈ വകുപ്പിന്റെ ആവശ്യത്തിലേക്ക് 'സ്വത്ത്' എന്നാൽ എല്ലാ സ്ഥാവര വസ്തുക്കളും പതിനായിരം രൂപയിൽ കുറയാത്ത മൂല്യമുള്ള ജംഗമ- വസ്തുക്കളും എന്നർത്ഥമാകുന്നു.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു.24.03.1999മുതൽ പ്രാബല്യത്തിൽ വന്നു. 

R. 2013-ലെ 5-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 01.11.2010 മുതൽ പ്രാബല്യത്തിൽ വന്നു. 

Y. 2018-ലെ 27 -ആം ആക്റ്റ് പ്രകാരം "പതിനഞ്ച് മാസങ്ങൾക്കകം" എന്നീ വാക്കുകൾക്കു പകരം ചേർക്കപ്പെട്ടു. 12.11.2015 മുതൽ പ്രാബല്യത്തിൽ വന്നു.