Skip to main content
[vorkady.com]

218. ഗ്രാമപഞ്ചായത്തുകളെ ജലമാർഗ്ഗം, നീരുറവകൾ, ജലസംഭരണികൾ മുതലായവ ഏൽപ്പിക്കൽ

(1) 1957-ലെ കേരള ഭൂസംരക്ഷണ ആക്റ്റിലോ (1958-ലെ 8) തത്സമയം പ്രാബല്യത്തിലുള്ള മറ്റ് ഏതെങ്കിലും നിയമത്തിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റ പ്രാബല്യത്തിൽ വരുന്ന സമയത്ത് നിലവിലുള്ളതോ അതിനുശേഷം ഉണ്ടാക്കുകയോ ഏർപ്പെടുത്തുകയോ പണിയുകയോ ചെയ്തിട്ടുള്ളതോ ആയതോ, അവ പഞ്ചായത്തു ചെലവിൽ ഉണ്ടാക്കുകയോ പണിയുകയോ ചെയ്തിട്ടുള്ളവ ആയിരുന്നാലുമല്ലെങ്കിലും, പൊതുജനങ്ങളുടെ ഉപയോഗത്തിന് ഒരു ചിരാനുഭവ അവകാശം നല്കത്തക്ക വിധത്തിൽ പൊതുജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്നവ ഉൾപ്പെടെ ഉള്ള, എല്ലാ പൊതുജലമാർഗ്ഗങ്ങളും (പഞ്ചായത്തുപ്രദേശത്തും മറ്റു പ്രദേശങ്ങളിലും കൂടി ഒഴുകുന്നതും സർക്കാർ ഗസറ്റ് വിജ്ഞാപനം വഴി നിർദ്ദേശിക്കാവുന്നതുമായ നദികളൊഴികെയുള്ളത്) നദികളുടെ തടങ്ങളും തീരങ്ങളും, ചെറുപുഴകളും, ജലസേചനത്തിനും ഡ്രെയിനേജിനുമുള്ള ചാലുകളും, തോടുകളും, തടാകങ്ങളും കായലുകളും, ജലമാർഗ്ഗങ്ങളും, കെട്ടിനില്ക്കുന്നതും ഒഴുകിപ്പോകുന്നതുമായ എല്ലാ ജലവും, നീരുറവകളും, ജലസംഭരണികളും, കുളങ്ങളും, നീർത്തടങ്ങളും, ജലധാരകളും, കിണറുകളും, കാപ്പുകളും, ചാലുകളും, സ്റ്റാന്റ് പൈപ്പുകളും മറ്റു ജലസംഭരണികളും അവയോടു ചേർന്നു കിടക്കുന്ന സ്വകാര്യ വസ്തു അല്ലാത്ത തൊട്ടടുത്തുള്ള ഏതെങ്കിലും ഭൂമിയും ഗ്രാമപഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്ത് പരിപൂർണ്ണമായും അതിൽ നിക്ഷിപ്തമായിരിക്കുന്നതുമാകുന്നു.

എന്നാൽ, ഈ ഉപവകുപ്പിൽ അടങ്ങിയിട്ടുള്ള യാതൊന്നും തന്നെ ഒരു ജലസേചനപ്പണിയേയോ അതോടു ബന്ധപ്പെട്ട ഏതെങ്കിലും പണിയേയോ അത്തരം പണിയോടു ചേർന്നുള്ളതും തൊട്ടടുത്തുള്ളതുമായ ഏതെങ്കിലും ഭൂമിയേയോ ബാധിക്കുന്നതല്ല.

(2) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, ജലമാർഗ്ഗങ്ങളെയും ഉറവകളെയും ജലസംഭരണികളെയും കുളങ്ങളെയും നീർത്തടങ്ങളെയും ജലധാരകളെയും കിണറുകളെയും കാപ്പുകളെയും ചാലുകളെയും സ്റ്റാന്റ് പൈപ്പുകളെയും മറ്റു ജല സംബന്ധമായ പണികളെയും സംബന്ധിച്ച സർക്കാരിന്റെ എല്ലാ അവകാശങ്ങളും ബാദ്ധ്യതകളും (1)-ആം ഉപവകുപ്പു പ്രകാരം ഗ്രാമ പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്നതും അപ്രകാരം നിക്ഷിപ്തമാകുന്ന തീയതി മുതൽക്ക് അവ ഗ്രാമപഞ്ചായത്തിന്റെ അവകാശങ്ങളും ബാദ്ധ്യതകളും ആയിത്തീരുന്നതുമാണ്.

(3) (1)-ആം ഉപവകുപ്പിലും (2)-ആം ഉപവകുപ്പിലും എന്തുതന്നെ അടങ്ങിയിരുന്നാലും, ഗസറ്റ് വിജ്ഞാപനം വഴി സർക്കാരിന്, ഗ്രാമ പഞ്ചായത്തുമായി ആലോചിച്ചശേഷവും, അതിന് ആക്ഷേപങ്ങൾ വല്ലതുമുണ്ടെങ്കിൽ അവയ്ക്ക് അർഹമായ പരിഗണന നൽകിയശേഷവും ഏതൊരു പൊതു ജല സ്രോതസ്സിന്റെയും അതിനുതൊട്ടുള്ളതും അതോടു ചേർന്നുള്ളതുമായ പൊതുഭൂമിയുടെയും ഭരണം ഏറ്റെടുക്കാവുന്നതാണ്.

(4) ഈ ആക്റ്റിൻകീഴിൽ ഗ്രാമപഞ്ചായത്തിന് കൈമാറുകയോ അഥവാ അതിൽ നിക്ഷിപ്തമാക്കുകയോ ചെയ്തിട്ടുള്ള പുറമ്പോക്കോ അല്ലാത്തതോ ആയ ഏതെങ്കിലും ഭൂമിയിൽ നിന്ന് ഏതെങ്കിലും ആൾ, ഇതിലേക്കായി ഗ്രാമപഞ്ചായത്ത് നല്കിയിട്ടുള്ള ഒരു പെർമിറ്റ് പ്രകാരവും അതിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസ്യതമായും ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച പ്രകാരമുള്ള നിരക്കിൽ ഫീസോ നഷ്ടപരിഹാരമോ നല്കിക്കൊണ്ടും, അല്ലാതെ, സ്വയം ഏതെങ്കിലും വൃക്ഷമോ മണ്ണോ മണലോ ലോഹമോ വെട്ടുകല്ലോ കക്കയോ അഥവാ ഗ്രാമപഞ്ചായത്ത് വിജ്ഞാപനം ചെയ്തതേക്കാവുന്ന മൂല്യമുള്ള മറ്റു വസ്തുക്കളോ നീക്കം ചെയ്യുകയോ തനിക്കായി കൈവശപ്പെടുത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കുന്നതാണ്.