235ഡബ്ലിയു. നിയമവിരുദ്ധമായി ആരംഭിച്ചതോ നടത്തിക്കൊണ്ടിരിക്കുന്നതോ പൂർത്തീകരിച്ചതോ ആയ കെട്ടിടത്തിന്റെ പണി പൊളിച്ചു കളയുകയോ മാറ്റം വരുത്തുകയോ ചെയ്യൽ
(1) സെക്രട്ടറിക്ക്,-
(i) ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണമോ പുനർനിർമ്മാണമോ മാറ്റം വരുത്തലോ,
(എ) സെക്രട്ടറിയുടെ അനുവാദം കൂടാതെയോ അല്ലെങ്കിൽ ഗ്രാമപഞ്ചായത്തിന്റെ തീരു മാനത്തിന് വിരുദ്ധമായോ ആരംഭിച്ചിട്ടുണ്ടെന്നോ;
(ബി) അങ്ങനെയുള്ള അനുവാദത്തിനോ തീരുമാനത്തിനോ ആധാരമായ പ്ലാനുകളോ വിവരങ്ങളോ അനുസരിച്ചല്ലാതെ മറ്റു വിധത്തിൽ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നോ അല്ലെങ്കിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നോ;
(സി) ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥക്കോ, അതിൻപ്രകാരം ഉണ്ടാക്കിയതോ പുറപ്പെടുവിച്ചതോ ആയ ഏതെങ്കിലും ചട്ടത്തിനോ ബൈലായ്മക്കോ, ഉത്തരവിനോ, അഥവാ ഈ ആക്സ്റ്റോ അങ്ങനെയുള്ള ചട്ടങ്ങളോ ബൈലാകളോ അല്ലെങ്കിൽ ഉത്തരവോ പ്രകാരം നിയമാനുസൃതം നൽകിയിട്ടുള്ള ഏതെങ്കിലും നിർദ്ദേശത്തിനോ ആവശ്യപ്പെടലിനോ വിരുദ്ധമായി നടത്തി ക്കൊണ്ടിരിക്കുന്നുണ്ടെന്നോ അല്ലെങ്കിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നോ;
(ii) 235എൻ വകുപ്പു പ്രകാരം പുറപ്പെടുവിച്ച ഏതെങ്കിലും നോട്ടീസ് മൂലം ആവശ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും മാറ്റങ്ങൾ യഥാവിധി വരുത്തിയിട്ടില്ലെന്നോ;
(iii) ഏതെങ്കിലും കെട്ടിടത്തിലെ ഏതെങ്കിലും മാറ്റം വരുത്തലോ കൂട്ടിച്ചേർക്കലോ അല്ലെങ്കിൽ ഏതെങ്കിലും ആവശ്യത്തിനായി ഏതെങ്കിലും കെട്ടിടത്തിലോ കെട്ടിടത്തിനു മുകളിലോ ഉണ്ടാക്കിയതോ ചെയ്തതോ ആയ മറ്റേതെങ്കിലും പണിയോ 235 വി വകുപ്പിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ആരംഭിച്ചിട്ടുണ്ടെന്നോ നടത്തിക്കൊണ്ടിരിക്കുന്നെന്നോ അല്ലെങ്കിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നോ, ബോദ്ധ്യപ്പെടുന്നപക്ഷം, അദ്ദേഹത്തിന് ഉടമസ്ഥനോടോ ആർക്ക് വേണ്ടിയാണോ പണി നടത്തുന്നത് അയാളോടോ, ചെയ്ത പണിയോ സെക്രട്ടറിയുടെ അഭിപ്രായത്തിൽ നിയമരഹിതമായി നടത്തിയ പണിയുടെ അത്രയും ഭാഗമോ, പൊളിച്ചു കളയുവാനോ, സെക്രട്ടറിയുടെ അഭിപ്രായത്തിൽ ആ പണി മേൽപ്പറഞ്ഞ പ്രകാരമുള്ള ആക്റ്റിലെ വ്യവസ്ഥകൾക്കോ ബൈലാകൾക്കോ ചട്ടങ്ങൾക്കോ നിർദ്ദേശത്തിനോ ഉത്തരവിനോ ആവശ്യപ്പെട്ട കാര്യത്തിനോ, അല്ലെങ്കിൽ അങ്ങനെയുള്ള അനുവാദത്തിനോ തീരുമാനത്തിനോ ആധാരമായ പ്ലാനുകൾക്കോ വിവരങ്ങൾക്കുമോ അനുയോജ്യമാക്കിത്തീർക്കുന്നതിന് വേണ്ട മാറ്റങ്ങൾ വരുത്തുവാനോ ആവശ്യപ്പെട്ടുകൊണ്ട് താൽക്കാലിക ഉത്തരവ് പുറപ്പെടുവിക്കുകയും മേൽപ്പറഞ്ഞ ഉത്തരവ് അനുസരിക്കുന്നതുവരെ ഉടമസ്ഥനോ അങ്ങനെയുള്ള ആളോ പണി തുടരുന്നതിൽ നിന്ന് പിൻമാറണമെന്ന് നിർദ്ദേശിക്കുകയും ചെയ്യാവുന്നതാകുന്നു.
എന്നാൽ, പ്ലാനിന് സെക്രട്ടറിയുടെ അംഗീകാരം ഇല്ലാതെയോ അംഗീകാരമുള്ള പ്ലാനിൽ നിന്ന് വ്യതിചലിച്ചോ കെട്ടിടം നിർമ്മിക്കുകയോ പുനർനിർമ്മിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അങ്ങനെയുള്ള നിർമ്മാണമോ പുനർനിർമ്മാണമോ ഈ ആക്റ്റിലോ അതിനുകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങളോ നിർദ്ദേശങ്ങളോ ലംഘിക്കുന്നതല്ലെങ്കിൽ സെക്രട്ടറിക്ക് സർക്കാർ നിശ്ചയിക്കുന്ന പ്രകാരമുള്ള രാജിയാക്കൽ ഫീസ് ഈടാക്കിക്കൊണ്ട് അവ ക്രമവൽക്കരിക്കാവുന്നതാണ്.
(2) (1)-ആം ഉപവകുപ്പുപ്രകാരം പുറപ്പെടുവിച്ച താൽക്കാലിക ഉത്തരവിന്റെ ഒരു പകർപ്പ് സെക്രട്ടറി ഉടമസ്ഥനോ അല്ലെങ്കിൽ ആർക്കുവേണ്ടിയാണോ അങ്ങനെയുള്ള പണി നടത്തുന്നത് അയാൾക്കോ ആ ഉത്തരവ് എന്തുകൊണ്ട സ്ഥിരപ്പെടുത്തിക്കുടാ എന്നുള്ളതിന് കാരണം കാണിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നോട്ടീസ് സഹിതം അയയ്ക്കക്കേണ്ടതും അങ്ങനെയുള്ള നോട്ടീസിൽ കാരണം കാണിക്കുന്നതിനുള്ള ന്യായമായ സമയ പരിധി കാണിച്ചിരിക്കേണ്ടതുമാണ്.
(3) ഉടമസ്ഥനോ ആർക്കുവേണ്ടിയാണോ പണി നടത്തുന്നത് അയാളോ സെക്രട്ടറിക്ക് തൃപ്തികരമായ വിധത്തിൽ കാരണം കാണിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സെക്രട്ടറിക്ക് ഉത്തരവ് സ്ഥിരപ്പെടുത്തുകയോ യുക്തമെന്ന് തോന്നുന്ന അത്രത്തോളം ഉത്തരവിന് ഭേദഗതി വരുത്തുകയോ ചെയ്യാവുന്നതും അങ്ങനെയുള്ള ഉത്തരവ് അപ്പപ്പോൾ ഉടമസ്ഥനെയോ അല്ലെങ്കിൽ ആർക്കുവേണ്ടിയാണോ പണി നടത്തുന്നത് അയാളെയോ ബന്ധിക്കുന്നതും ഉത്തരവിനനുസരിച്ച്, പ്രവർത്തിക്കുന്നതിൽ വീഴ്ചവരുത്തുന്നപക്ഷം സെക്രട്ടറിക്ക് അതതു സംഗതിപോലെ, കെട്ടിടമോ അതിന്റെ ഭാഗമോ പൊളിച്ച മാറ്റാവുന്നതും അതിനുവേണ്ടിവരുന്ന ചെലവ് ഉടമസ്ഥനിൽ നിന്നോ അങ്ങനെയുള്ള ആളിൽ നിന്നോ ഈടാക്കാവുന്നതുമാണ്.
(4) (2)-ആം ഉപവകുപ്പിലോ (3)-ആം ഉപവകുപ്പിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ഉടമസ്ഥനോ അല്ലെങ്കിൽ ആർക്കുവേണ്ടിയാണോ പണിനടത്തുന്നത് അയാൾക്കോ എതിരായി കുറ്റവിചാരണ നടപടി ആരംഭിക്കാവുന്നതാണ്.
(5) ഈ ആക്റ്റിലെയോ അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയോ വ്യവസ്ഥകളോ സർക്കാരോ സെക്രട്ടറിയോ നിയമപ്രകാരം നൽകിയ ഏതെങ്കിലും നിർദ്ദേശമോ ലംഘിച്ചുകൊണ്ടാണ് ഏതെങ്കിലും കെട്ടിടം നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തത് എന്ന് സർക്കാരിന് ബോദ്ധ്യമാവുകയാണെങ്കിൽ, അങ്ങനെയുള്ള നിർമ്മാണമോ പുനർ നിർമ്മാണമോ മാറ്റമോ പൊളിച്ചുകളയിക്കുവാൻ ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിയോട് സർക്കാരിന് നിർദ്ദേശിക്കാവുന്നതും ആ നിർദ്ദേശം അങ്ങനെയുള്ള നിർദ്ദേശത്തിൽ പ്രത്യേകം പറയുന്ന സമയ പരിധിക്കുള്ളിൽ നടപ്പാക്കിയില്ലെങ്കിൽ, പൊളിച്ചു മാറ്റുന്നതിന് ഏർപ്പാട് ചെയ്യാവുന്നതും അതിന്റെ ചെലവ് ഗ്രാമപഞ്ചായത്തിൽ നിന്ന് ഈടാക്കാവുന്നതുമാണ്.
No Comments