Skip to main content
[vorkady.com]

127. പോളിങ്ങ് സ്റ്റേഷനിലോ അതിനടുത്തോ വച്ച് വോട്ടു പിടിക്കുന്നതിനുള്ള നിരോധനം

(1) യാതൊരാളും പോളിങ്ങ് നടക്കുന്ന ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിൽ, വോട്ടെടുപ്പ് നടത്തുന്ന തീയതിയിലോ തീയതികളിലോ, ആ പോളിങ്ങ് സ്റ്റേഷനകത്തു വച്ചോ പോളിങ്ങ് സ്റ്റേഷന്റെ ഇരുനൂറ് മീറ്റർ ദൂരത്തിനകത്തുള്ള ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ വച്ചോ താഴെപ്പറയുന്ന പ്രവൃത്തികളിൽ ഏതെങ്കിലും, അതായത്:-

(എ) വോട്ടുപിടിക്കുകയോ, അല്ലെങ്കിൽ

(ബി) ഏതെങ്കിലും സമ്മതിദായകന്റെ വോട്ടിനായി അഭ്യർത്ഥിക്കുകയോ, അല്ലെങ്കിൽ

(സി) ഏതെങ്കിലും പ്രത്യേക സ്ഥാനാർത്ഥിക്കുവേണ്ടി വോട്ട് ചെയ്യാതിരിക്കാൻ ഏതെങ്കിലും സമ്മതിദായകനെ പ്രേരിപ്പിക്കുകയോ, അല്ലെങ്കിൽ

(ഡി) ആ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതിരിക്കാൻ ഏതെങ്കിലും സമ്മതിദായകനെ പ്രേരിപ്പിക്കുകയോ, അല്ലെങ്കിൽ

(ഇ) ആ തിരഞ്ഞെടുപ്പ് സംബന്ധിച്ച് (ഒരു ഔദ്യോഗിക നോട്ടീസല്ലാത്ത) ഏതെങ്കിലും നോട്ടീസോ ചിഹ്നമോ പ്രദർശിപ്പിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

(2) (1)-ആം ഉപവകുപ്പിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാൾക്കും മൂന്നു മാസക്കാലത്തോളമാകാവുന്ന തടവുശിക്ഷയോ ആയിരം രൂപയോളമാകാവുന്ന പിഴശിക്ഷയോ നല്കാവുന്നതാണ്.