24. വോട്ടർ പട്ടികകളിൽ പേർ ഉൾപ്പെടുത്തൽ
(1) ഒരു നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലാത്ത ഏതൊരാൾക്കും ആ പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനോട് അപേക്ഷിക്കാവുന്നതാണ്.
(2) വോട്ടർ പട്ടികയിൽ, രജിസ്റ്റർ ചെയ്യപ്പെടുവാൻ അപേക്ഷൻ അവകാശമുള്ളവനാണെന്ന് ബോദ്ധ്യപ്പെടുന്നപക്ഷം, അയാളുടെ പേര് അതിൽ ഉൾപ്പെടുത്തുവാൻ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ രേഖാമൂലം നിർദ്ദേശിക്കേണ്ടതാണ്. എന്നാൽ, അപേക്ഷകൻ മറ്റേതെങ്കിലും ഒരു നിയോജകണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ അങ്ങനെയുള്ള മറ്റേ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനെ വിവരം അറിയിക്കേണ്ടതും, ആ ഉദ്യോഗസ്ഥൻ അങ്ങനെ അറിയിപ്പു കിട്ടിയാലുടൻ ആ പട്ടികയിൽ നിന്നും അപേക്ഷകന്റെ പേർ വെട്ടിക്കളയേണ്ടതുമാണ്.
(3) ഒരു നിയോജകമണ്ഡലത്തിലെ ഒരു തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപ്രതികകൾ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസത്തിനു ശേഷവും ആ തിരഞ്ഞെടുപ്പിന്റെ പൂർത്തീകരണത്തിനു മുൻപും, 23-ആം വകുപ്പിൻ കീഴിൽ, ഏതെങ്കിലും ഉൾക്കുറിപ്പിൽ ഏതെങ്കിലും ഭേദഗതിയോ സ്ഥാനം മാറ്റലോ നീക്കംചെയ്യലോ നടത്തുവാനോ ഈ വകുപ്പിൻ കീഴിൽ ഒരു നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുവാനുള്ള നിർദ്ദേശം നല്കുവാനോ പാടില്ലാത്തതാണ്.
No Comments