Skip to main content
[vorkady.com]

23. വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പുകൾ തിരുത്തൽ

ഒരു നിയോജക മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്, തനിക്കു നൽകുന്ന അപേക്ഷയിൻമേലോ അഥവാ സ്വമേധയായോ, തനിക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണവിചാരണയ്ക്കുശേഷം പഞ്ചായത്തിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ഏതെങ്കിലും ഉൾക്കുറിപ്പ്,

(എ) ഏതെങ്കിലും വിശദാംശം സംബന്ധിച്ച പിശകാണെന്നോ ന്യൂനതയുള്ളതാണെന്നോ, അല്ലെങ്കിൽ

(ബി) ബന്ധപ്പെട്ട ആൾ നിയോജകമണ്ഡലത്തിനുള്ളിലെ തന്റെ സാധാരണ താമസസ്ഥലം മാറ്റി എന്ന കാരണത്താൽ പട്ടികയിലെ മറ്റൊരു സ്ഥാനത്തേക്ക് മാറ്റേണ്ടതാണെന്നോ, അല്ലെങ്കിൽ

(സി) ബന്ധപ്പെട്ടയാൾ മരിച്ചുപോയെന്നോ അഥവാ നിയോജകണ്ഡലത്തിൽ സാധാരണ താമസക്കാരനല്ലാതായിത്തീർന്നെന്നോ അഥവാ ആ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിന് മറ്റു വിധത്തിൽ അവകാശമുള്ളവനല്ലെന്നോ ഉള്ള കാരണത്താൽ നീക്കം ചെയ്യേണ്ടതാണെന്നോ, ബോദ്ധ്യപ്പെടുന്നപക്ഷം, തിരഞ്ഞെടുപ്പു രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിലേക്കായി നൽകിയേക്കാവുന്ന സാമാന്യമോ പ്രത്യേകമോ ആയ നിർദ്ദേശങ്ങൾ വല്ലതുമുണ്ടെങ്കിൽ അവയ്ക്ക് വിധേയമായി, ആ ഉൾക്കുറിപ്പ് ഭേദഗതി ചെയ്യുകയോ, സ്ഥാനം മാറ്റുകയോ, നീക്കം ചെയ്യുകയോ ചെയ്യേണ്ടതാണ്.

എന്നാൽ, (എ) ഖണ്ഡത്തിന്റെയോ (ബി) ഖണ്ഡത്തിന്റെയോ കീഴിലുള്ള ഏതെങ്കിലും കാരണത്തിൻമേലുള്ള എന്തെങ്കിലും നടപടിയോ, അല്ലെങ്കിൽ ബന്ധപ്പെട്ട ആൾ നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനല്ലാതായിത്തീർന്നെന്നോ അയാൾ ആ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിന് മറ്റ് വിധത്തിൽ അവകാശമുള്ളവനല്ലെന്നോ ഉള്ള കാരണത്തിൻമേൽ (സി) ഖണ്ഡത്തിൻകീഴിലുള്ള ഏതെങ്കിലും നടപടിയോ എടുക്കുന്നതിന് മുൻപായി, തിരഞ്ഞെടുപ്പു രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട ആളിന് അയാളെ സംബന്ധിച്ച് എടുക്കാനുദ്ദേശിക്കുന്ന നടപടിയെ സംബന്ധിച്ച് അയാൾക്ക് പറയാനുള്ളത് പറയുവാൻ ന്യായമായ ഒരവസരം നൽകേണ്ടതാണ്.