Skip to main content
[vorkady.com]

52. നാമനിർദ്ദേശപ്രതിക സമർപ്പിക്കലും സാധുവായ നാമനിർദ്ദേശത്തിനുവേണ്ട സംഗതികളും

(1) 49-ാം വകുപ്പ് (എ) ഖണ്ഡത്തിൻകീഴിൽ നിശ്ചയിക്കപ്പെടുന്ന തീയതിയിലോ അതിനുമുൻപോ ഓരോ സ്ഥാനാർത്ഥിയും നേരിട്ടോ തന്റെ നിർദ്ദേശകൻ വഴിയോ 50-ആം വകുപ്പിൻ കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള നോട്ടീസിൽ ഇതിലേക്ക് നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്തുവച്ച് ഉച്ചയ്ക്ക് മുൻപ്ത പതിനൊന്നു മണിക്കും ഉച്ചതിരിഞ്ഞ് മൂന്നുമണിക്കും ഇടയിൽ വരണാധികാരിക്ക് നിർണ്ണയിക്കപ്പെടുന്ന ഫാറത്തിൽ പൂരിപ്പിച്ചിട്ടുള്ളതും, സ്ഥാനാർത്ഥിയും നിർദ്ദേശകനായി നിയോജകമണ്ഡലത്തിലെ ഒരു സമ്മതിദായകനും ഒപ്പിട്ടതുമായ ഒരു നാമനിർദ്ദേശ പ്രതിക സമർപ്പിക്കേണ്ടതാകുന്നു.

L[(1എ) (1)-ആം ഉപവകുപ്പ് പ്രകാരം നാമനിർദ്ദേശ പ്രതിക സമർപ്പിക്കുന്ന ഓരോ സ്ഥാനാർത്ഥിയും പ്രസ്തുത നാമനിർദ്ദേശ പ്രതികയോടൊപ്പം നിർണ്ണയിക്കപ്പെടാവുന്ന രീതിയിലും, അപ്രകാരമുള്ള ഫാറത്തിലും, അയാളുടെ വിദ്യാഭ്യാസയോഗ്യത, നാമനിർദ്ദേശപ്രതിക സമർപ്പിക്കുന്ന സമയത്ത് അയാൾ ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസ്സുകൾ, അയാളുടെയും അയാളുടെ കുടുംബത്തിലെ മറ്റംഗങ്ങളുടെയും പേരിലുള്ള സ്വത്ത്, ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിനോ, സർക്കാരിനോ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ താൻ നൽകേണ്ടതായ കുടിശ്ശിഖ ഉൾപ്പെടെയുള്ള ബാദ്ധ്യതകൾ, 1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ആക്റ്റ് പ്രകാരം കൂറുമാറ്റത്തിന് അയോഗ്യത കൽപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ സമർപ്പിക്കാത്തപക്ഷം ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുവാൻ യോഗ്യനായി കരുതപ്പെടുന്നതല്ല.]

(2) പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോപെട്ടവർക്കുവേണ്ടി ഒരു സ്ഥാനം സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഒരു നിയോജകമണ്ഡലത്തിൽ ആ സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടാനുള്ള ഒരു സ്ഥാനാർത്ഥി താൻ ഏതു പ്രത്യേക ജാതിയിലോ വർഗ്ഗത്തിലോട്ട അംഗമാണെന്നു Q[രേഖപ്പെടുത്തിക്കൊണ്ട് അധികാരിതയുള്ള ഉദ്യോഗസ്ഥൻ നൽകിയ ജാതി സർട്ടിഫിക്കറ്റ് നാമനിർദ്ദേശപതികയോടൊപ്പം ഹാജരാക്കാതിരിക്കുകയും ജാതി സംബന്ധിച്ച ഒരു സത്യപ്രസ്താവന തന്റെ നാമനിർദ്ദേശപ്രതികയിൽ ഉൾക്കൊള്ളിച്ചിട്ടില്ലാതിരിക്കുകയും ചെയ്യുന്നപക്ഷം] സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുവാൻ യോഗ്യനായികരുതപ്പെടുന്നതല്ല.

(3) സ്ഥാനാർത്ഥി 34-ആം വകുപ്പ് (കെ) ഖണ്ഡത്തിൽ പരാമർശിച്ച ഏതെങ്കിലും ഉദ്യോഗം വഹിച്ചിരിക്കെ പിരിച്ചുവിടപ്പെട്ടിട്ടുള്ളതോ നീക്കം ചെയ്യപ്പെട്ടിട്ടുള്ളതോ ആയ ഒരാളായിരിക്കുകയും പിരിച്ചുവിടപ്പെട്ടതിനോ നീക്കംചെയ്യപ്പെട്ടതിനോ ശേഷം അഞ്ചുവർഷക്കാലം കഴിഞ്ഞിട്ടില്ലാതിരിക്കുകയും ചെയ്യുന്നിടത്ത്, അങ്ങനെയുള്ള ആൾ, അയാളുടെ നാമനിർദ്ദേശത്തോടൊപ്പം അഴിമതിപ്രവർത്തിക്കോ കൂറില്ലായ്മയോ അയാൾ പിരിച്ചുവിടപ്പെടുകയോ നീക്കംചെയ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നുള്ള അർത്ഥത്തിലുള്ളതും നിർണ്ണിയിക്കപ്പെടുന്ന രീതിയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയതുമായ ഒരു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലാത്ത പക്ഷം സ്ഥാനാർത്ഥിയായി മുറ്റപ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ടതായി കരുതപ്പെടുന്നതല്ല.

(4) നാമനിർദ്ദേശപ്രതിക സമർപ്പിക്കുമ്പോൾ വരണാധികാരി നാമനിർദ്ദേശപ്രതികയിൽ ചേർത്തിരിക്കുന്ന സ്ഥാനാർത്ഥിയുടേയും അയാളുടെ നിർദ്ദേശകന്റെയും പേരുകളും വോട്ടർ പട്ടിക നമ്പരുകളും വോട്ടർ പട്ടികകളിൽ ചേർത്ത അതേപ്രകാരംതന്നെ ആണെന്ന് സ്വയം ബോദ്ധ്യം വരുത്തേണ്ടതാകുന്നു.

എന്നാൽ, വോട്ടർ പട്ടികയിലോ നാമനിർദ്ദേശ പ്രതികയിലോ സ്ഥാനാർത്ഥിയുടേയോ അയാളുടെ നിർദ്ദേശകന്റെയോ മറ്റേതെങ്കിലും ആളുടേയോ പേർ സംബന്ധിച്ചോ ഏതെങ്കിലും സ്ഥലം സംബന്ധിച്ചോ ഉള്ള പേരിലെ തെറ്റോ ശരിയല്ലാത്ത വിവരണമോ കൈത്തെറ്റോ സാങ്കേതികമായോ അച്ചടിയിലുള്ളതോ ആയ പിശകോ വോട്ടർ പട്ടികയിലോ നാമനിർദ്ദേശ പ്രതികയിലോ ഉള്ള ഏതെങ്കിലും ആളുടെ വോട്ടർ പട്ടിക നമ്പരുകൾ സംബന്ധിച്ച കൈത്തെറ്റോ സാങ്കേതികമായതോ അച്ചടിയിലുള്ളതോ ആയ പിശകോ അങ്ങനെയുള്ള ആളുടെ പേരോ അങ്ങനെയുള്ള സ്ഥലമോ സംബന്ധിച്ച വിവരണം സാധാരണയായി മനസ്സിലാകുന്ന വിധത്തിലുള്ളതായിരിക്കുന്ന ഏതെങ്കിലും സംഗതിയിൽ ആ ആളെയോ സ്ഥലത്തേയോ സംബന്ധിച്ച വോട്ടർപട്ടികയുടേയോ നാമനിർദ്ദേശപത്രികയുടേയോ പൂർണ്ണമായ പ്രവർത്തനത്തെ ബാധിക്കുന്നതല്ലാത്തതും, വരണാധികാരി, അങ്ങനെയുള്ള ഏതെങ്കിലും പേരിലെ തെറ്റോ ശരിയല്ലാത്ത വിവരണമോ, കൈത്തെറ്റോ സാങ്കേതികമായതോ അച്ചടിയിലുള്ളതോ ആയ പിശകോ തിരുത്താൻ അനുവദിക്കേണ്ടതും, ആവശ്യമുള്ളിടത്ത് വോട്ടർ പട്ടികയിലോ നാമനിർദ്ദേശപ്രതികയിലോ ഉള്ള അങ്ങനെയുള്ള പേരിലെ തെറ്റോ ശരിയല്ലാത്ത വിവരണമോ, കൈത്തെറ്റോ സാങ്കേതികമായതോ അച്ചടിയിലുള്ളതോ ആയ പിശകോ അവഗണിക്കേണ്ടതാണെന്ന് നിർദ്ദേശിക്കേണ്ടതുമാണ്.

(5) സ്ഥാനാർത്ഥി വേറെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ സമ്മതിദായകനായിരിക്കുന്നിടത്ത്, ആ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയുടേയോ അതിന്റെ പ്രസക്ത ഭാഗത്തിന്റെയോ ഒരു പകർപ്പോ അങ്ങനെയുള്ള പട്ടികയിലെ പ്രസക്ത ഉൾക്കുറിപ്പുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പോ, അത് നാമനിർദ്ദേശപ്രതിക സഹിതം സർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ, സൂക്ഷ്മപരിശോധനാ സമയത്ത് വരണാധികാരിയുടെ മുൻപാകെ ഹാജരാക്കേണ്ടതാണ്.

(6) ഈ വകുപ്പിലെ യാതൊന്നും തന്നെ ഏതെങ്കിലും സ്ഥാനാർത്ഥിയെ ഒന്നിലധികം നാമനിർദ്ദേശപ്രതികകൾ വഴി നാമനിർദ്ദേശം 
ചെയ്യപ്പെടുന്നതിൽനിന്നും തടയുന്നതല്ല.

എന്നാൽ, മൂന്നിലധികം നാമനിർദ്ദേശപ്രതികകൾ ഏതെങ്കിലും സ്ഥാനാർത്ഥിയോ സ്ഥാനാർത്ഥിക്കുവേണ്ടിയോ സമർപ്പിക്കുകയോ വരണാധികാരി സ്വീകരിക്കുകയോ ചെയ്യുവാൻ പാടുള്ളതല്ല.


L. 2005-ലെ 30-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 22.08.2005 മുതൽ പ്രാബല്യത്തിൽ വന്നു.

Q. 2009-ലെ31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 07.10.2009 മുതൽ പ്രാബല്യത്തിൽ വന്നു.