Skip to main content
[vorkady.com]

126. ഉദ്യോഗസ്ഥൻമാർ മുതലായവർ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികൾക്കു വേണ്ടി പ്രവർത്തിക്കുകയോ വോട്ടു ചെയ്യുന്നതിനെ സ്വാധീനിക്കുകയോ ചെയ്യാൻ പാടില്ലെന്ന്

(1) തിരഞ്ഞെടുപ്പിലെ ഒരു ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോ അസിസ്റ്റന്റ് വരണാധികാരിയോ ഒരു തിരഞ്ഞെടുപ്പിലെ പ്രിസൈഡിംഗ് ആഫീസറോ പോളിംഗ് ആഫീസറോ അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പു സംബന്ധിച്ച് ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനോ ജീവനക്കാരനോ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിലോ, കാര്യനിർവ്വഹണത്തിലോ ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിന്റെ വിജയസാദ്ധ്യത വർദ്ധിപ്പിക്കുവാനുള്ള ഏതെങ്കിലും പ്രവൃത്തി (വോട്ടു നൽകുന്നതൊഴികെ) ചെയ്യാൻ പാടുള്ളതല്ല.

(2) മുൻപറഞ്ഞ പ്രകാരമുള്ള യാതൊരാളും, പോലീസ് സേനയിലെ യാതൊരംഗവും -

(എ) ഒരു തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ആളെ അയാളുടെ വോട്ടു നല്കാൻ പ്രേരിപ്പിക്കുകയോ,

(ബി) ഏതെങ്കിലും  ആളെ ഒരു തിരഞ്ഞെടുപ്പിൽ തന്റെ വോട്ടു നല്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുകയോ,

(സി) ഒരു തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ആൾ വോട്ടു ചെയ്യുന്നതിനെ ഏതെങ്കിലും രീതിയിൽ സ്വാധീനിക്കുകയോ, ചെയ്യുന്നതിന് പരിശ്രമിക്കുവാൻ പാടുള്ളതല്ല.

(3) (1)-ആം ഉപവകുപ്പിലെയോ (2)-ആം ഉപവകുപ്പിലെയോ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാളും മൂന്നു വർഷത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടുംകൂടിയോ നല്കി ശിക്ഷിക്കപ്പെടുന്നതാകുന്നു.

(4) (3)-ആം ഉപവകുപ്പിൻകീഴിൽ ശിക്ഷിക്കപ്പെടാവുന്ന കുറ്റം കോഗ്നൈസബിൾ ആയിരിക്കുന്നതാണ്.