Skip to main content
[vorkady.com]

254. ചട്ടങ്ങൾ ഉണ്ടാക്കാൻ സർക്കാരിനുള്ള അധികാരം

(1) സർക്കാരിന് ഈ ആക്റ്റിലെ എല്ലാമോ ഏതെങ്കിലുമോ വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിനായി, ഗസറ്റ് വിജ്ഞാപനം മുഖേന, പിൽക്കാല പ്രാബല്യത്തോടുകൂടിയോ മുൻകാലപ്രാബല്യത്തോടുകൂടിയോ, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.

(2) പ്രത്യേകമായും മേൽപ്പറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്കു ഹാനികൂടാതെയും, സർക്കാരിന്,- 

(i) ശവം മറവുചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ ഏർപ്പെടുത്തുന്നതും, സ്വകാര്യ ശ്മശാനസ്ഥലങ്ങൾക്ക് ലൈസൻസ് നൽകുന്നതും, അങ്ങനെ ഏർപ്പെടുത്തിയതോ ലൈസൻസു നൽകിയതോ ആയ എല്ലാ സ്ഥലങ്ങളുടെയും ഉപയോഗത്തെ നിയന്ത്രിക്കുന്നതും, അങ്ങനെയുള്ള ഏതെങ്കിലും സ്ഥലം അടയ്ക്കുന്നതും, അമ്മാതിരി സ്ഥലങ്ങളിലോ അനുവാദം നൽകിയിട്ടുള്ള മറ്റു സ്ഥലങ്ങളിലോ അല്ലാതെ ശവം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതു നിരോധിക്കുന്നതും സംബന്ധിച്ചും;

(ii) പന്നികൾക്കും പട്ടികൾക്കും ഉള്ള ലൈസൻസ് നൽകുന്നതും, ലൈസൻസില്ലാത്ത പന്നികളേയും പട്ടികളേയും നശിപ്പിക്കുന്നതും സംബന്ധിച്ചും,

(iii) ഏതെങ്കിലും നിർദ്ദിഷ്ട കാര്യത്തിനു ഏതെങ്കിലും പൊതു നീരുറവയോ കുളമോ, കിണറോ ജലമാർഗ്ഗമോ അല്ലെങ്കിൽ ഏതെങ്കിലും സ്വകാര്യവക നീരുറവയോ കുളമോ കിണറോ ജലമാർഗ്ഗമോ, അതിന്റെ ഉടമസ്ഥന്റെ സമ്മതത്തോടുകൂടിയോ അല്ലാതെയോ, ഉപയോഗിക്കുന്നത് നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതു സംബന്ധിച്ചും;

(iv) ഈ ആക്റ്റോ, മറ്റേതെങ്കിലും നിയമമോ ചട്ടങ്ങളോ, ബൈലാകളോ പ്രകാരം ഗ്രാമ പഞ്ചായത്തിന് കിട്ടേണ്ട ഏതെങ്കിലും നികുതിയോ, മറ്റു തുകയോ ഒരു മജിസ്ട്രേട്ടിന്റെ മുമ്പാകെയുള്ള പ്രോസികൃഷൻ മൂലമോ, വ്യവഹാരം മൂലമോ ജംഗമവസ്തു ജപ്തതിചെയ്ത് ലേലത്തിൽ വിൽപ്പന നടത്തിയോ മറ്റുവിധത്തിലോ ഈടാക്കുന്നത് സംബന്ധിച്ചും;

(v) വണ്ടിത്താവളങ്ങളുടെയും മറ്റും ഉപയോഗം സംബന്ധിച്ച് കിട്ടേണ്ട ഫീസ്, ബന്ധപ്പെട്ട വാഹനമോ മൃഗത്തേയോ അല്ലെങ്കിൽ അതു വഹിക്കുന്ന ചുമടിന്റെ ഏതെങ്കിലും ഭാഗമോ പിടിച്ചെ ടുത്ത് വിറ്റോ മറ്റു വിധത്തിലോ ഈടാക്കുന്നത് സംബന്ധിച്ചും,

(vi) ഏതെങ്കിലും സംഗതിയെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും, സാക്ഷികളെ സമൻസയച്ച് വരുത്തി വിസ്തരിക്കുകയും, പ്രമാണങ്ങൾ ഹാജരാക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതിന് സെക്രട്ടറിക്കുള്ള അധികാരങ്ങളെക്കുറിച്ചും,

(vii) അംഗങ്ങൾ പ്രസിഡന്റിനോട് ചോദ്യങ്ങൾ ചോദിക്കുന്നതും, യോഗങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിക്കുന്നതും സംബന്ധിച്ചും,

(viii) ഓഡിറ്റർമാർക്കും, പരിശോധനയും മേൽനോട്ടവും വഹിക്കുന്ന ഉദ്യോഗസ്ഥൻമാർക്കും അന്വേഷണ വിചാരണ നടത്താൻ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻമാർക്കും സാക്ഷികളെ സമൻസയച്ചു വരുത്തി വിസ്ത്രിക്കുന്നതിനും പ്രമാണങ്ങളും ആഡിറ്റ്, പരിശോധന, മേൽനോട്ടം എന്നിവ സംബന്ധിച്ചുള്ള മറ്റെല്ലാ രേഖകളും ഹാജരാക്കിക്കുന്നതിനും ഉള്ള അധികാരങ്ങളെ സംബന്ധിച്ചും,

(ix) പഞ്ചായത്തുകൾക്കോ, അവയ്ക്കുവേണ്ടിയോ ഏതേതുപാധികളിൻമേലും, ഏതേതു രീതികളിലും കരാറുകളിൽ ഏർപ്പെടാമെന്നതു സംബന്ധിച്ചും,

(x) പഞ്ചായത്തുകളുടെ സ്റ്റാന്റിംഗ് കമ്മിറ്റികളുടെയും പ്രവർത്തന കമ്മിറ്റികളുടെയും ഘടനയും, അവയിൽ പുറമേ നിന്നുള്ളവരെ ഉൾപ്പെടുത്തുന്നതും ആ കമ്മിറ്റികൾക്ക് ജോലികൾ ഏൽപ്പിച്ചു കൊടുക്കുന്നതും സംബന്ധിച്ചും,

(xi) പണികളുടെ പ്ലാനുകളും അടങ്കലുകളും തയ്യാറാക്കുന്നതിനേയും, അടങ്കലുകൾക്ക് സാങ്കേതികമോ ഭരണപരമോ ആയ അനുവാദം നൽകുന്നതിന് പഞ്ചായത്തുകൾക്കും, കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഉദ്യോഗസ്ഥൻമാർക്കുമുള്ള അധികാരത്തെയും സംബന്ധിച്ചും,

(xii) പഞ്ചായത്തു വക പണം സൂക്ഷിക്കുന്നതിനേയും, നിക്ഷേപിക്കുന്നതിനേയും, കൂടാതെ ആ വക പണം എങ്ങനെയാണ് എടുക്കേണ്ടത്തെന്നതിനേയും സംബന്ധിച്ചും; 

(xiii) പഞ്ചായത്തിന്റെ ഏതെങ്കിലും ജോലി പ്രസിഡന്റിനോ, വൈസ് പ്രസിഡന്റിനോ, സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനോ, അംഗത്തിനോ, പഞ്ചായത്തിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥനോ, കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഏതെങ്കിലും ഉദ്യോഗസ്ഥനോ ഏൽപ്പിച്ചു കൊടുക്കുന്നതിനെക്കുറിച്ചും,

(xiv) സർക്കാരോ സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും അധികാരിയോ രഹസ്യമെന്നു കൽപ്പിച്ച തരംതിരിച്ചിട്ടുള്ള ഏതെങ്കിലും കാര്യത്തെ സംബന്ധിക്കുന്നതല്ലാത്ത, പഞ്ചായത്തിലെ ഏതെങ്കിലും നടപടിയുടെയോ രേഖയുടെയോ പകർപ്പ് പൊതുജനങ്ങൾക്കു നൽകുന്നതിനേയും അപ്രകാരം നൽകുന്ന പകർപ്പുകൾക്ക് ചുമത്തേണ്ട ഫീസിനേയും സംബന്ധിച്ചും,

(xv) ഈ ആക്റ്റ് പ്രകാരം നൽകുകയോ പുറപ്പെടുവിക്കുകയോ ചെയ്യുന്ന ലൈസൻസുക ളുടേയും അനുവാദപത്രങ്ങളുടെയും നോട്ടീസുകളുടേയും ഫാറവും ഉള്ളടക്കവും അവ പുറപ്പെടുവിക്കേണ്ട വിധവും, അല്ലെങ്കിൽ നടത്തേണ്ട രീതിയും, അവയുടെ ഭേദഗതിയോ, നിറുത്തിവയ്ക്കലോ റദ്ദാക്കലോ സംബന്ധിച്ചും,

(xvi) പൊതു കശാപ്പുശാലകളല്ലാതെയുള്ള സ്ഥലങ്ങളിൽവെച്ച് മൃഗങ്ങളെ കശാപ്പുചെയ്യുന്നതോ, വെട്ടുന്നതോ അവയുടെ തോലുരിക്കുന്നതോ നിരോധിക്കുന്നതും നിയന്ത്രിക്കുന്നതും, പൊതു ജനങ്ങൾക്കു വിൽപ്പനയ്ക്കായി മൃഗങ്ങളെ കശാപ്പുചെയ്യുന്നവർക്ക് ലൈസൻസു നൽകുന്നതും സംബന്ധിച്ചും

(xvii) പഞ്ചായത്തുകളിൽ നിക്ഷിപ്തമായതോ അവയുടെ ഉടമസ്ഥതയിലുള്ളതോ ആയ പൊതുവഴികളിലോ മറ്റു വസ്തുവിലോ അല്ലെങ്കിൽ ഏതു പുറമ്പോക്കുകളുടെയോ ഭൂമികളുടെയോ ഉപയോഗം പഞ്ചായത്തുകൾ നിയന്ത്രിക്കുന്നുവോ ആ പുറമ്പോക്കുകളിലോ ഭൂമികളിലോ നിൽക്കുന്ന വൃക്ഷങ്ങളിൻമേലുള്ള വല്ല അവകാശവും നിശ്ചയിക്കുന്നതിനേയും ആ വൃക്ഷങ്ങളുടെ ഉടമാവകാശം സംബന്ധിച്ച് സ്വീകരിക്കേണ്ട അനുമാനങ്ങളേയും സംബന്ധിച്ചും,

(xviii) കെട്ടിടം കെട്ടുന്നതും കെട്ടിടത്തിനുള്ള സ്ഥാനങ്ങൾ ഉപയോഗിക്കുന്നതും നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതു സംബന്ധിച്ചും;

(xix) ഏതെങ്കിലും പൊതു മാർക്കറ്റോ സ്വകാര്യമാർക്കറ്റോ അതിന്റെ ഉപയോഗമോ സംബന്ധിച്ച് പഞ്ചായത്തിനോ സെക്രട്ടറിക്കോ ആഫീസർക്കോ വിനിയോഗിക്കാവുന്ന അധികാരങ്ങളേയും, ആ അധികാരങ്ങളനുസരിച്ചു പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും ഉത്തരവ് നടപ്പാക്കുന്നതിനേയും, 1933-ലെ മദിരാശി വാണിജ്യവിള മാർക്കറ്റ് ആക്റ്റോ മറ്റ് ഏതെങ്കിലും നിയമമോ അനുസരിച്ച് അപ്രകാരമുള്ള വിള സംബന്ധിച്ച പരസ്യപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പ്രദേശത്ത് അപ്രകാരമുള്ള ഏതെങ്കിലും മാർക്കറ്റിൽ വല്ല വാണിജ്യവിളയും വിൽക്കുന്നതോ വാങ്ങുന്നതോ നിരോധിക്കുന്നതിനേയും സംബന്ധിച്ചും

(xx) പഞ്ചായത്തു പ്രദേശത്തുള്ള വീടുകളിലേയും കൃഷിക്കുളങ്ങളിലേയും ചവറ് കൈയൊഴിക്കുന്നതും, ആ ചവറ് ഇടുന്നതിനുള്ള കുഴികൾക്ക് സ്ഥലങ്ങൾ ഏർപ്പാടു ചെയ്യാൻ പഞ്ചായത്ത് ഭൂമി വിലയ്ക്കെടുക്കുന്നതും, പഞ്ചായത്ത് പ്രദേശത്തെ ആളുകൾക്ക് ആ സ്ഥലങ്ങളിൽ ഏതെങ്കിലും പതിച്ചുകൊടുക്കുന്നതും, അതിനു ചുമത്തേണ്ട വാടകയുൾപ്പെടെ, അപ്രകാരം പതിച്ചുകൊടുക്കുന്നത് ഏതു നിബന്ധനകൾക്ക് വിധേയമായിട്ടാണോ ആ നിബന്ധനകളും സംബന്ധിച്ചും;

(xxi) സ്വകാര്യ പരിസരങ്ങളിലെ ചവറോ, മാലിന്യമോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽപ്പെട്ട ചവറോ അഴുക്കോ നീക്കം ചെയ്യുന്നതു സംബന്ധിച്ച് പഞ്ചായത്തും ആ വക പരിസര ങ്ങളുടെ ഉടമസ്ഥൻമാരും അല്ലെങ്കിൽ കൈവശക്കാരും തമ്മിൽ നടത്തുന്ന കരാറുകൾ ക്രമപ്പെടു ത്തന്നതു സംബന്ധിച്ചും;

(xxii) വികസന പദ്ധതികളും, പ്ലാനുകളും തയ്യാറാക്കുന്നതും അത്തരം പദ്ധതികളുടെ നട പ്പിലാക്കലും സംബന്ധിച്ചും, 

(xiii) ഭരണറിപ്പോർട്ടിന്റെ ഫാറവും അത്തരം റിപ്പോർട്ട് തയ്യാറാക്കുന്നതും സംബന്ധിച്ചും;

(xxiv) പഞ്ചായത്തുകൾ സമർപ്പിക്കേണ്ട വരവു ചെലവുകളുടെ എസ്റ്റിമേറ്റുകളേയും റിട്ടേണുകളേയും സ്റ്റേറ്റമെന്റുകളേയും,

(xxv) E1[ xxxx] 

(xxvi) പഞ്ചായത്തിന്റെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും മറ്റു ഉദ്യോഗസ്ഥൻമാരു ടെയും ഒപ്പുകളുടെ മുദ്ര ഉപയോഗിക്കുന്നത് സംബന്ധിച്ചും,

(xxvii) പഞ്ചായത്തുകളിൽ നിക്ഷിപ്തമായിരിക്കുന്ന പൊതുവഴികളിൽ ഏതെങ്കിലും തര ത്തിൽ നടത്തുന്ന കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതും അത്തരം വഴികൾക്ക് വരുത്തുന്ന ഏതെങ്കിലും നഷ്ടത്തിന്റെ അറ്റകുറ്റപ്പണി ആ നഷ്ടം വരുത്തിയ ആളെക്കൊണ്ടോ അയാളുടെ ചെലവിലോ നിർവ്വഹിപ്പിക്കുകയും ചെയ്യുന്നതും സംബന്ധിച്ചും,

(xxviii) കന്നുകാലികളെ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കന്നുകാലിപ്പുരകളിൽ സൂക്ഷി ക്കുന്നതിന് കന്നുകാലിയുടമസ്ഥരെ നിർബന്ധിക്കുന്നതും അതുസംബന്ധിച്ച ചുമത്താവുന്ന ഫീസും സംബന്ധിച്ചും,

(xxix) ഗ്രാമപഞ്ചായത്തുകളിൽ നിക്ഷിപ്തമായതോ അവയുടെ വകയായതോ ആയ പൊതു വഴികളോ മറ്റു ഭൂമിയോ അനധികൃതമായി കൈവശം വയ്ക്കുന്നതിനുള്ള പിഴകൾ ചുമത്തുന്നതും ഈടാക്കുന്നതും അങ്ങനെ കൈവശംവച്ചതുമൂലമുണ്ടായ ഏതെങ്കിലും നഷ്ടത്തിനും പരിഹാരം നിർണ്ണയിച്ച ഈടാക്കുന്നതും സംബന്ധിച്ചും,

(xxx) പഞ്ചായത്തുകളേയും അവയുടെ സെക്രട്ടറിമാരെയും സംബന്ധിച്ച് വില്ലേജ് ആഫീ സർ നിർവ്വഹിക്കേണ്ട കർത്തവ്യങ്ങളെ സംബന്ധിച്ചും;

(xxxi) ഒരു പഞ്ചായത്തും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള തർക്ക ങ്ങൾ തീർപ്പാക്കുന്നതു സംബന്ധിച്ചും,

(xxxii) ഈ ആക്റ്റിനെതിരായ കുറ്റങ്ങൾ ഏതു വിഭാഗം മജിസ്ട്രേട്ടുമാർ വിചാരണ ചെയ്യ ണമെന്നതു സംബന്ധിച്ചും,

(xxxiii) ഈ ആക്റ്റപ്രകാരം പൊതുജനങ്ങളെ അറിയിക്കേണ്ടതായ ഏതെങ്കിലും വിജ്ഞാ പനമോ നോട്ടീസോ പ്രസിദ്ധീകരിക്കുന്ന രീതിയെ സംബന്ധിച്ചും;

(xxxiv) പഞ്ചായത്തുകൾ ചുമതലകൾ നിർവ്വഹിക്കേണ്ട രീതിയെ സംബന്ധിച്ചും;

(xxxv) ഒരു പഞ്ചായത്തിന്റെ അനുവദിക്കപ്പെട്ട ബജറ്റിൽ വകക്കൊള്ളിച്ചിട്ടുള്ള തുക ഒരു ഇനത്തിൽനിന്നും മറ്റൊന്നിലേക്കു മാറ്റുന്നതു സംബന്ധിച്ചും;

(xxxvi) പഞ്ചായത്തുകൾ സൂക്ഷിക്കേണ്ട കണക്കുകളേയും ആ കണക്കുകളുടെ ആഡിറ്റിനെയും പ്രസിദ്ധീകരണത്തേയും, നികുതിദായകർ ഓഡിറ്റർമാരുടെ മുമ്പിൽചെന്ന് പുസ്തകങ്ങളും കണക്കുകളും പരിശോധിക്കുകയും രേഖപ്പെടുത്തിയിട്ടുള്ളതോ വിട്ടുപോയിട്ടുള്ളതോ ആയ ഇനങ്ങളെ സംബന്ധിച്ച് ആക്ഷേപമുന്നയിക്കുകയോ ചെയ്യുന്നതിനുള്ള ഉപാധികളേയും സംബന്ധിച്ചും,

(xxxvii) പഞ്ചായത്തിന് ഏത് ഉപാധികളിൻമേൽ വസ്തു സമ്പാദിക്കാമെന്നതിനെയും പഞ്ചായത്തിൽ നിക്ഷിപ്തമായതോ അഥവാ പഞ്ചായത്തിന്റെ വകയായതോ ആയ വസ്തു ഏതു ഉപാധികളിൻമേൽ വിലയായോ A2[പണമായോ] പാട്ടമായോ പരസ്പര കൈമാറ്റമായോ മറ്റുവിധത്തിലോ കൈമാറ്റം ചെയ്യാമെന്നതിനെയും സംബന്ധിച്ചും;

(xxxviii) ഈ ആക്സ്റ്റോ മറ്റേതെങ്കിലും ആക്റ്റോ പ്രകാരം ചുമത്തിയതോ കിട്ടിയതോ ആയ ഏതെങ്കിലും കരത്തിൽ നിന്നോ നികുതിയിൽ നിന്നോ ആദായത്തിൽ നിന്നോ ലഭിച്ച സംഖ്യ സംസ്ഥാനത്തെ പഞ്ചായത്തുകൾ തമ്മിൽ വീതിച്ചെടുക്കുന്നതിനെ ക്രമീകരിക്കുന്നതു സംബന്ധിച്ചും,

(xxxix) ഈ ആക്റ്റോ അതുപ്രകാരമുള്ള ചട്ടങ്ങളോ മൂലം അനുവദിച്ച അപ്പീലുകൾ സമർപ്പിക്കേണ്ട സമയപരിധി സംബന്ധിച്ചും, 

(xL) പഞ്ചായത്തുകൾക്കിടയിൽ അടിസ്ഥാന നികുതിയോ സർച്ചാർജോ വിഭജിച്ചുകൊടുക്കുന്നതു സംബന്ധിച്ചും;

(xL) സ്വകാര്യമാർക്കറ്റുകളുടെ ഉടമസ്ഥൻമാർ, കൈവശക്കാർ, കുത്തകക്കാർ എന്നിവർ സൂക്ഷിക്കേണ്ട കണക്കുകളേയും ആ വക കണക്കുകളുടെ ആഡിറ്റ്, പരിശോധന എന്നിവയേയും സംബന്ധിച്ചും,

(xLii) ഈ ആക്റ്റ് പ്രകാരം നികുതി തിട്ടപ്പെടുത്തുന്നതിനേയും, തിട്ടപ്പെടുത്തൽ സംബന്ധിച്ചുള്ള പുനർവിചാരണയേയും അപ്പീലിനേയും സംബന്ധിച്ചും;

(xLiii) ഈ ആക്റ്റിൽ പരാമർശിച്ചിട്ടുള്ള ഏതു കാര്യത്തെയും സംബന്ധിച്ചുള്ള ഫാറവും അടയ്ക്കക്കേണ്ട ഫീസും സംബന്ധിച്ചും;

(xLiv) സാധാരണ താമസത്തെക്കുറിച്ചു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനമെടുക്കുന്നതു സംബന്ധിച്ചും;

(xLv) പഞ്ചായത്തിന്റെ വോട്ടർ പട്ടികകളിൽ ഉൾപ്പെടുത്തേണ്ട വിശദാംശങ്ങളെ സംബന്ധിച്ചും

(xLvi) പഞ്ചായത്തുകളുടെ വോട്ടർപട്ടികകളുടെ പ്രാഥമിക പ്രസിദ്ധീകരണം സംബന്ധിച്ചും; 

(xLvii) ഏതു രീതിയിലും ഏതു സമയത്തിനുള്ളിലും ആണ് വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പുകളെപ്പറ്റിയുള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കാവുന്നത് എന്നുള്ളത് സംബന്ധിച്ചും;

(xLviii) അവകാശവാദങ്ങളോ, ആക്ഷേപങ്ങളോ സംബന്ധിച്ച നോട്ടീസുകൾ പ്രസിദ്ധീകരിക്കേണ്ട രീതിയെ സംബന്ധിച്ചും;

(xLix) അവകാശവാദങ്ങളോ ആക്ഷേപങ്ങളോ കേൾക്കുന്നതിനുള്ള സ്ഥലം, തീയതി, സമയം എന്നിവയും അവ കേൾക്കുന്നതിന്റെയും തീർപ്പാക്കുന്നതിന്റെയും രീതിയും സംബന്ധിച്ചും;

(L) വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം സംബന്ധിച്ചും;

(Li) വോട്ടർപട്ടിക പുതുക്കലും, തിരുത്തലും അതിൽ പേരുകൾ ചേർക്കലും നീക്കലും സംബന്ധിച്ചും)

(Lii) പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ആഫീസറൻമാരുടെയും പോളിംഗ് ആഫീസർമാരുടെയും കർത്തവ്യങ്ങളെ സംബന്ധിച്ചും;

(Liii) വോട്ടർപട്ടികയെ ബന്ധപ്പെടുത്തി വോട്ടർമാരുടെ പരിശോധനയെ സംബന്ധിച്ചും;

M2[(Liiiഎ) വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ടുകൾ നൽകേണ്ടതും രേഖപ്പെടുത്തേണ്ടതുമായ രീതികൾ സംബന്ധിച്ചും അങ്ങനെയുള്ള യന്ത്രങ്ങൾ ഉപയോഗിക്കുന്ന പോളിംഗ് സ്റ്റേഷനു കളിൽ വോട്ടെടുപ്പ് നടത്തേണ്ടതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ചും.];

(Liv) ഈ ആക്റ്റിനാൽ നിർണ്ണയിക്കപ്പെടേണ്ടതാണെന്ന് പ്രത്യക്ഷമായി ആവശ്യപ്പെട്ടിട്ടുള്ളതോ അനുവദിച്ചിട്ടുള്ളതോ ആയ എല്ലാ കാര്യങ്ങളെ സംബന്ധിച്ചും, 
ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.

(3) തിരഞ്ഞെടുപ്പുകളെ സംബന്ധിച്ച എല്ലാ ചട്ടങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനുമായി കൂടിയാലോചിച്ചു മാത്രം ഉണ്ടാക്കേണ്ടതാണ്.

(4) ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയ ഏതൊരു ചട്ടവും അതുണ്ടാക്കിയതിനു ശേഷം കഴിയുന്നത്രവേഗം, നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ സഭ മുൻപാകെ ഒരു സമ്മേളനത്തിലോ തുടർച്ചയായുള്ള രണ്ടു സമ്മേളനങ്ങളിലോ ഉൾപ്പെടാവുന്ന ആകെ പതിനാലു ദിവസക്കാലത്തേക്ക് വയ്ക്കക്കേണ്ടതും, അപ്രകാരം അത് ഏതു സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ തൊട്ടടുത്ത സമ്മേളനമോ അവസാനിക്കുന്നതിനുമുമ്പ് നിയമസഭ പ്രസ്തുത ചട്ടത്തിൽ ഏതെങ്കിലും ഭേദഗതി വരുത്തുകയോ അല്ലെങ്കിൽ ആ ചട്ടം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്ന പക്ഷം ആ ചട്ടത്തിന്, അതിനുശേഷം, അതതുസംഗതിപോലെ, ഭേദഗതി ചെയ്ത വിധത്തിൽ മാത്രം പ്രാബല്യം ഉണ്ടായിരിക്കുന്നതോ അഥവാ യാതൊരു പ്രാബല്യവുമില്ലാതിരിക്കുകയോ ചെയ്യുന്നതുമാകുന്നു; എന്നിരുന്നാലും അപ്രകാരമുള്ള ഏതെങ്കിലും ഭേദഗതിയോ റദ്ദാക്കലോ, ആ ചട്ടപ്രകാരം മുൻപ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കേണ്ടതാണ്.


A2. 1995-ലെ 07-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995 മുതൽ പ്രാബല്യത്തില്‍ വന്നു.
M2. 2005-ലെ 31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 01.09.2000 മുതൽ പ്രാബല്യത്തില്‍ വന്നു.