Skip to main content
[vorkady.com]

231. ആഹാരസാധനമായി വിൽക്കുന്നതിന് മൃഗങ്ങളെ കശാപ്പുചെയ്യലും പരിശോധനയ്ക്കുള്ള അധികാരവും

(1) ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ ഒരു പൊതു കശാപ്പു ശാലയിലോ ലൈസൻസുള്ള കശാപ്പുശാലയിലോ വെച്ചല്ലാതെ യാതൊരാളും ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് കൂടാതെയോ, ലൈസൻസനുസരിച്ചല്ലാതെ മറ്റു വിധത്തിലോ ഏതെങ്കിലും കന്നു കാലികളെയോ, കുതിരയേയോ, ചെമ്മരിയാടിനേയോ, കോലാടിനേയോ, പന്നിയേയോ ആഹാരസാധനമായി വിൽക്കുന്നതിന് കശാപ്പുചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും മൃഗശവത്തിൽനിന്നും തോലുരിക്കുകയോ അല്ലെങ്കിൽ അത് വെട്ടിനുറുക്കുകയോ അല്ലെങ്കിൽ ശല്യം ഉണ്ടാക്കത്തക്കവിധം ഏതെങ്കിലും തോല് ഉണക്കുകയോ, ഉണക്കുവാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. പ്രസ്തുത കശാപ്പുശാല, ശുചിത്വത്തോടുകൂടി സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാകുന്നു. എന്നാൽ ആഹാരസാധനമായി വിൽക്കുന്നതിന് കശാപ്പു ചെയ്ത് തയ്യാറാക്കിയ ഇറച്ചി, കശാപ്പു നടത്തിയ സ്ഥലത്തുവച്ചു തന്നെ, നിർണ്ണയിക്കപ്പെട്ട ഉദ്യോഗസ്ഥൻമാരുടെ പരിശോധനയ്ക്കു വിധേയമാക്കാതെ വിൽപ്പനനടത്താൻ പാടില്ലാത്തതാകുന്നു.

വിശദീകരണം - ഈ വകുപ്പിന്റെ ആവശ്യത്തിലേക്ക് 'ശല്യം' എന്നതിൽ ദൃശ്യ, ഘ്രാണ, ശ്രാവ്യ ശേഷികൾക്ക് ഹാനിയോ അപകടമോ ശല്യമോ അസഹ്യതയോ ഉണ്ടാക്കുന്നതോ, ഉണ്ടാക്കാൻ ഇടയുള്ളതോ, അല്ലെങ്കിൽ വിശ്രമത്തിനും നിദ്രയ്ക്കും ശല്യം ഉണ്ടാക്കുന്നതോ അല്ലെങ്കിൽ പൊതുജനങ്ങളുടെയോ ആ പരിസരത്ത് താമസിക്കുന്നതോ സ്വത്തു കൈവശം വച്ചിരിക്കുന്നതോ ആയ ആളുകളുടെയോ അഥവാ ഏതെങ്കിലും പൊതു അവകാശം ഉപയോഗിക്കാനിടയാവുന്ന ആളു കളുടെയോ ജീവന് അപകടകരവും ആരോഗ്യത്തിനും സ്വത്തിനും ഹാനികരവും ആയേക്കാവുന്നതോ, പ്രവൃത്തി, വീഴ്ച, സ്ഥലം അല്ലെങ്കിൽ സാധനം എന്നിവയും ആരോഗ്യത്തിനു ഹാനികരമായേക്കാ വുന്ന സ്ഥലത്തും രീതിയിലും വച്ചിരിക്കുന്ന ഏതെങ്കിലും മൃഗവും ഉൾപ്പെടുന്നതാണ്.

(2) കച്ചവടത്തിനോ അല്ലാതെയോ, ഏതെങ്കിലും ലൈസൻസുള്ള പരിസരങ്ങളിലോ മറ്റേതെങ്കിലും സ്ഥലത്തോ മൃഗത്തിന്റെയോ പക്ഷിയുടെയോ മത്സ്യത്തിന്റെയോ (തയ്യാർ ചെയ്തതോ അല്ലാത്തതോ ആയ) ശവം, പൊതുജനങ്ങൾക്ക് കാഴ്ചയിൽ അസഹ്യതയോ പ്രദർശിപ്പിക്കുകയോ തുറന്നുവെയ്ക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.

(3) പ്രസിഡന്റിനോ, സെക്രട്ടറിയോ അഥവാ ഗ്രാമപഞ്ചായത്തോ സർക്കാരോ അധികാരപ്പെടുത്തിയ ഏതൊരുദ്യോഗസ്ഥനോ ഇറച്ചിയോ മറ്റേതെങ്കിലും ആഹാരസാധനമോ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള ഏതൊരുസ്ഥലത്തും മുന്നറിയിപ്പുകൂടാതെ പ്രവേശിക്കുകയും അങ്ങിനെയുള്ള സാധനം പരിശോധിക്കുകയും ചെയ്യാവുന്നതാകുന്നു.