Skip to main content
[vorkady.com]

179. സെക്രട്ടറിമാരുടെ നിയമനം

(1) ഓരോ പഞ്ചായത്തിനും വേണ്ടി ഒരു E1[xxxx] സെക്രട്ടറിയെ നിയമിച്ചിരിക്കേണ്ടതും അയാൾ ഒരു സർക്കാർ ജീവനക്കാരൻ ആയിരിക്കേണ്ടതുമാണ്.

(2) പഞ്ചായത്ത്, സർക്കാർ അതതു സമയം നിശ്ചയിക്കാവുന്ന അപ്രകാരമുള്ള ശമ്പളവും അലവൻസുകളും സെക്രട്ടറിക്ക് കൊടുക്കേണ്ടതും അദ്ദേഹത്തിന്റെ അവധി അലവൻസ്, പെൻഷൻ, പ്രോവിഡന്റ് ഫണ്ട് എന്നിവയ്ക്കായി സർക്കാരിന്റെ കീഴിലുള്ള അയാളുടെ സേവന വ്യവസ്ഥകൾ പ്രകാരം അയാളോ അയാൾക്കുവേണ്ടിയോ കൊടുക്കേണ്ടതായ അംശദായങ്ങൾ പഞ്ചായത്തു കൊടു ക്കേണ്ടതുമാകുന്നു.

(3) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, സർക്കാർ, 1968-ലെ കേരള പബ്ലിക് സർവ്വീസസ് ആക്റ്റ് (1968-ലെ 19) പ്രകാരം ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളാൽ (1)-ആം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെടുന്ന സെക്രട്ടറിമാരുടെ തരംതിരിവ്, അവരുടെ നിയമനസമ്പ്രദായം, സേവന വ്യവസ്ഥകൾ, ശമ്പളവും അലവൻസുകളും, അച്ചടക്കം, പെരുമാറ്റം എന്നിവ നിയന്ത്രിക്കേണ്ടതും, ആ ചട്ടങ്ങൾമൂലം സെക്രട്ടറിമാരും സർക്കാരിന് ആവശ്യമെന്നു തോന്നുന്ന മറ്റു സർക്കാർ ജീവനക്കാരോടൊപ്പം ഒന്നുകിൽ സംസ്ഥാനത്തിനൊട്ടാകെയോ അല്ലെങ്കിൽ ഓരോ ജില്ലയ്ക്കുമായോ ഒരു പ്രത്യേക സർവ്വീസായോ കേഡറായോ സംഘടിപ്പിക്കുന്നതിനുകൂടി വ്യവസ്ഥ ചെയ്യാവുന്നതുമാണ്.

(4) സർക്കാരിനോ അല്ലെങ്കിൽ സർക്കാർ അധികാരപ്പെടുത്തുന്ന ഏതെങ്കിലും അധികാരസ്ഥാനത്തിനോ ഒരു സെക്രട്ടറിയെ ഒരു പഞ്ചായത്തിൽ നിന്നും ഏതൊരു സമയത്തും സ്ഥലംമാറ്റാവുന്നതും, ഈ ആവശ്യത്തിലേക്കുവേണ്ടി വിളിച്ചുകൂട്ടുന്ന പഞ്ചായത്തിന്റെ ഒരു പ്രത്യേക യോഗത്തിൽ പഞ്ചായത്തിന്റെ അനുവദിക്കപ്പെട്ട അംഗസംഖ്യയിൽ കേവല ഭൂരിപക്ഷ വോട്ടിന്റെ പിൻബലത്തോടുകൂടി പഞ്ചായത്തു പാസ്സാക്കുന്ന പ്രമേയംമൂലം സ്ഥലംമാറ്റത്തിന് ശുപാർശ ചെയ്യുകയാണെങ്കിൽ സർക്കാരോ, സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും അധികാരസ്ഥനോ അങ്ങനെ ചെയ്യേണ്ടതുമാകുന്നു.

E1[എന്നാൽ പഞ്ചായത്ത് അപ്രകാരമുള്ള പ്രമേയം പരിഗണിക്കുന്നതിനുമുമ്പ് ഒരു നിവേദനം നൽകുന്നതിനും ആവശ്യപ്പെടുന്നപക്ഷം പഞ്ചായത്തിന്റെയോ പ്രസിഡന്റിന്റെയോ മുമ്പാകെ പറയാനുള്ളത് പറയുന്നതിനും ഒരു അവസരം സെക്രട്ടറിക്ക് നൽകേണ്ടതാണ്.] 

(5) പഞ്ചായത്തിന്, അതിന്റെ സെക്രട്ടറിയുടെമേൽ അവർക്കു വേണ്ടി ഉണ്ടാക്കിയേക്കാവുന്ന ചട്ടങ്ങൾക്കു വിധേയമായി ലഘു ശിക്ഷകൾ ചുമത്താൻ ക്ഷമതയുണ്ടായിരിക്കുന്നതാണ്.

(6) ഏതെങ്കിലും ലഘുശിക്ഷകൾ ചുമത്തിക്കൊണ്ടുള്ള പഞ്ചായത്തിന്റെ ഉത്തരവിനെതിരെ സർക്കാർ ഇതിലേക്കായി ചുമതലപ്പെടുത്തിയ അധികാരസ്ഥാനം (ചുവടെ 'അധികാരസ്ഥാനം’ എന്ന് പരാമർശിച്ചിരിക്കുന്നു) മുമ്പാകെ ഒരു അപ്പീൽ നൽകാവുന്നതാണ്.

(7)(6)-ആം ഉപവകുപ്പുപ്രകാരമുള്ള ഒരു അപ്പീൽ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന ഫാറത്തിൽ ആയിരിക്കേണ്ടതും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന തീയതിക്കകം അങ്ങനെയുള്ള രീതിയിൽ സമർപ്പിച്ചിരിക്കേണ്ടതുമാണ്.

(8) (6)-ആം ഉപവകുപ്പുപ്രകാരമുള്ള ഒരു അപ്പീൽ ലഭിച്ചതിൻമേൽ അധികാരസ്ഥാനം, അപ്പീൽ സമർപ്പിച്ച ആൾക്ക് പറയാനുള്ളതു പറയാൻ ഒരവസരം നൽകിയശേഷം, ഏതൊരു ഉത്തരവിനെതിരെയാണോ അപ്പീൽ നൽകിയിട്ടുള്ളത് ആ ഉത്തരവിനെ സ്ഥിരപ്പെടുത്തുകയോ റദ്ദാക്കുകയോ പരിഷ്ക്കരിക്കുകയോ ചെയ്യുകയോ, അഥവാ അതിന് യുക്തമായി തോന്നുന്ന അപ്രകാരമുള്ള മറ്റൊരു ഉത്തരവ് പാസ്സാക്കുകയോ ചെയ്യാവുന്നതുമാണ്.

(9) സർക്കാരിന് സ്വമേധയായോ അപേക്ഷ പ്രകാരമോ (8)-ആം ഉപവകുപ്പു പ്രകാരം അധികാര സ്ഥാനം പാസ്സാക്കിയ ഏതെങ്കിലും ഉത്തരവിന്റെ രേഖകൾ ആവശ്യപ്പെടാവുന്നതും അപ്രകാരമുള്ള ഉത്തരവു പുനഃപരിശോധന ചെയ്യാവുന്നതും, അതിനെ സംബന്ധിച്ച അവർക്ക് യുക്തമെന്ന് തോന്നുന്ന ഉത്തരവ് പാസ്സാക്കാവുന്നതുമാണ്.

എന്നാൽ, പുനഃപരിശോധിക്കപ്പെടേണ്ട ഉത്തരവ് അപേക്ഷകനു കിട്ടിയ തീയതി മുതൽ മുപ്പതു ദിവസം കഴിഞ്ഞതിനുശേഷം പുനഃപരിശോധനയ്ക്കു വേണ്ടിയുള്ള യാതൊരപേക്ഷയിൻമേലും നടപടിയെടുക്കേണ്ടതില്ലാത്തതുമാകുന്നു:

എന്നുമാത്രമല്ല, സർക്കാർ, ഏതെങ്കിലും കക്ഷിയെ ബാധിക്കുന്ന ഒരു ഉത്തരവ് ആ കക്ഷിക്ക് ഒരു നിവേദനം നൽകാനുള്ള ഒരു അവസരം ലഭിച്ചിട്ടില്ലാത്തപക്ഷം, പാസ്സാക്കാൻ പാടുള്ളതല്ല:

തന്നെയുമല്ല, പുനഃപരിശോധിക്കപ്പെടേണ്ട ഉത്തരവിന്റെ തീയതിക്കുശേഷം ഒരു വർഷത്തിലധികമായിട്ടുണ്ടെങ്കിൽ സർക്കാർ സ്വമേധയാ ഒരു പുനഃപരിശോധനയും നടത്താൻ പാടുള്ളതല്ല.

വിശദീകരണം - ഈ വകുപ്പിലും 180-ഉം 181-ഉം വകുപ്പുകളിലും 'ലഘുശിക്ഷ' എന്നതിന് 1960-ലെ കേരള സിവിൽ സർവ്വീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആന്റ് അപ്പീൽ) റൂൾസിൽ ലഘു ശിക്ഷയ്ക്കു നൽകിയിട്ടുള്ള അതേ അർത്ഥമാകുന്നു.

E1[(10) സെക്രട്ടറിയുടെ പേരിൽ അച്ചടക്ക നടപടികൾ എടുക്കേണ്ടിവരുമ്പോൾ പ്രസിഡന്റിനു അദ്ദേഹത്തിനെതിരെ ഒരു അന്വേഷണം നടത്താനും ഒരു വലിയ ശിക്ഷ ചുമത്തേണ്ടി വരുമ്പോൾ പഞ്ചായത്തിന്റെ അംഗീകാരത്തോടു കൂടി സെക്രട്ടറിക്കു ബാധകമാകാവുന്ന ചട്ടങ്ങളിൻ കീഴിൽ മേൽ നടപടി നടത്തുന്നതിനും സർക്കാരിനോ സെക്രട്ടറിയെ നിയമിക്കാൻ അധികാരമുള്ള അധികാരസ്ഥനോ റിപ്പോർട്ടു ചെയ്യുന്നതിനും അധികാരമുണ്ടായിരിക്കുന്നതും സർക്കാരോ അങ്ങനെയുള്ള അധികാരസ്ഥനോ അപ്രകാരമുള്ള റിപ്പോർട്ട് കിട്ടിയാലുടൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതും അതിൻമേൽ എടുത്ത അന്തിമ തീരുമാനം പ്രസിഡന്റിനെ അറിയിക്കേണ്ടതുമാണ്.

(11) സർക്കാരിന് പൊതുവായതോ, പ്രത്യേകമായതോ ആയ ഒരു ഉത്തരവ് മൂലം, പഞ്ചായത്തിന്റെ അധീനതയിൽ വിട്ടുകൊടുത്ത സർക്കാർ ഉദ്യോഗസ്ഥൻമാരെ പഞ്ചായത്തിന്റെ എക്സ്-ഒഫിഷ്യോ സെക്രട്ടറിമാരായി നിയമിക്കാവുന്നതും അവർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ അപ്രകാരം നിയമിക്കപ്പെടുന്നവർക്ക് സെക്രട്ടറിയുടെ എല്ലാ അധികാരങ്ങളും ചുമതലകളും ഉണ്ടായിരിക്കുന്നതുമാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.