Skip to main content
[vorkady.com]

215. അക്കൗണ്ടുകളും ഓഡിറ്റും

(1) പഞ്ചായത്ത്, അക്കൗണ്ട് പുസ്തകങ്ങളും അതിന്റെ അക്കൗണ്ടിനെ സംബന്ധിച്ച മറ്റു പുസ്തകങ്ങളും വച്ചുപോരേണ്ടതും നിർണ്ണയിച്ചേക്കാവുന്ന അപ്രകാരമുള്ള ഫാറത്തിൽ കണക്കുകളുടെ ഒരു വാർഷിക സ്റ്റേറ്റുമെന്റ് തയ്യാറാക്കേണ്ടതുമാണ്.

(2) ഏതൊരു പഞ്ചായത്തിന്റെയും വരവുചെലവു കണക്കുകൾ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന പ്രകാരമുള്ള ഫാറത്തിൽ ഓരോ സാമ്പത്തിക വർഷത്തേക്കും വച്ചുപോരേണ്ടതാണ്. 

(3) ലോക്കൽ ഫണ്ട് അക്കൗണ്ടുകളുടെ എക്സ്സാമിനറും അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന വരും പഞ്ചായത്തിന്റെഓഡിറ്റർമാർ ആയിരിക്കുന്നതാണ്.

(4) ഓഡിറ്റർമാർ പഞ്ചായത്തിന്റെ കണക്കുകളുടെ തുടർച്ചയായ ആഡിറ്റ് നടത്തേണ്ടതും ഒരു വർഷത്തേയോ അതിനേക്കാൾ കുറഞ്ഞ ഏതെങ്കിലും കാലയളവിലേയോ അഥവാ ഏതെങ്കിലും കൈമാറ്റത്തിന്റെയോ അഥവാ ഒരു പരമ്പര കൈമാറ്റങ്ങളുടെയോ ആഡിറ്റ് പൂർത്തിയാക്കിയശേഷം ഒരു റിപ്പോർട്ട് ബന്ധപ്പെട്ട പഞ്ചായത്തിനും അതിന്റെ പകർപ്പുകൾ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനും അയച്ചുകൊടുക്കേണ്ടതാണ്.

(5) (4)-ആം ഉപവകുപ്പിൻകീഴിലുള്ള റിപ്പോർട്ടിൽ ക്രമവിരുദ്ധമായോ നിയമവിരുദ്ധമായോ ഉചിതമല്ലാതെയോ ചെലവാക്കിയതോ അഥവാ പഞ്ചായത്തിന് കിട്ടേണ്ടതായ പണമോ മറ്റ് വസ്തുവക കളോ ഈടാക്കുന്നതിൽ വന്നിട്ടുള്ള വീഴ്ചയോ അല്ലെങ്കിൽ പഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻമാരുടെയോ അധികാരികളുടെയോ ഉപേക്ഷയോ നടപടിദൂഷ്യമോമൂലം ഉണ്ടായ ഏതെങ്കിലും നഷ്ടമോ പണത്തിന്റെയോ മറ്റു വസ്തുവകകളുടെയോ പാഴ്ചചെലവോ റിപ്പോർട്ടിൽ പ്രത്യേകം പറയേണ്ടതാണ്.

(6) പഞ്ചായത്തിന്റെ അക്കൗണ്ടുകളെ സംബന്ധിച്ച് സർക്കാർ ആവശ്യപ്പെട്ടേക്കാവുന്ന മറ്റ് ഏതെങ്കിലും സംഗതിയും കൂടി ഓഡിറ്റർമാർ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് റിപ്പോർട്ട് ചെയ്യേണ്ടതാണ്.

(7) ഓഡിറ്റര്‍മാര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള ഏതെങ്കിലും പോരായ്മയോ ക്രമക്കേടോ പഞ്ചായത്ത് ഉടൻതന്നെ പരിഹരിക്കേണ്ടതും, എടുത്ത നടപടി സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്. 

(8) ഓഡിറ്റർമാർക്ക്, ഈ ആക്റ്റിൻകീഴിലുള്ള അവരുടെ ചുമതലകൾ നിർവ്വഹിക്കുമ്പോൾ, 1908-ലെ സിവിൽ നടപടി നിയമ സംഹിതയിൻ കീഴിൽ (1908-ലെ 5-ആം കേന്ദ്ര ആക്റ്റ്) ഒരു വ്യവഹാരം വിചാരണ ചെയ്യുമ്പോൾ ഒരു സിവിൽ കോടതിക്കുള്ള താഴെപ്പറയുന്ന സംഗതികളെ സംബന്ധിച്ച എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കുന്നതാണ്, അതായത്:-

(എ) ഏതെങ്കിലും ആളെ സമൺ ചെയ്യുന്നതിനും ഹാജരാകാൻ നിർബന്ധിക്കുന്നതിനും ശപഥത്തിൻമേൽ വിസ്തരിക്കുന്നതിനും,

(ബി) ഏതെങ്കിലും രേഖ കണ്ടെത്തുവാനും ഹാജരാക്കുവാനും ആവശ്യപ്പെടുന്നതിനും;

(സി) സത്യവാങ്മൂലത്തിൻമേൽ തെളിവ് സ്വീകരിക്കുന്നതിനും;

(ഡി) ഏതെങ്കിലും കോടതിയിൽനിന്നോ ആഫീസിൽ നിന്നോ ഏതെങ്കിലും പൊതു രേഖയോ അതിന്റെ പകർപ്പോ ആവശ്യപ്പെടുന്നതിനും;

(ഇ) നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള മറ്റു സംഗതികൾക്കും.

(9) ഓഡിറ്റർമാർ, ബന്ധപ്പെട്ട ആൾക്കു അയാളെ സംബന്ധിക്കുന്ന സംഗതി വിശദീകരിക്കുന്നതിന് ന്യായമായ അവസരം നൽകിയതിനുശേഷം നിയമവിരുദ്ധമായി ചെലവാക്കിയ ഏതൊരു ഇനം ചെലവും അനുവദിക്കാതിരിക്കേണ്ടതും അങ്ങനെയുള്ള ചെലവ് ചെയ്യുകയോ ചെലവാക്കുന്നതിനു അധികാരം നല്കുകയോ ചെയ്യുന്ന ആളുടെമേൽ സർച്ചാർജ്ജ് ചെയ്യാവുന്നതും അയാളുടെ ഉപേക്ഷയോ നടപടിദൂഷ്യമോമൂലം ഉണ്ടായ ഏതെങ്കിലും കുറവിന്റേയോ, നഷ്ടത്തിന്റേയോ അഥവാ ലാഭകരമല്ലാത്ത ചെലവു സംബന്ധിച്ചുള്ളതോ അഥവാ അയാൾ കണക്കിൽ കൊള്ളിക്കേണ്ടതും എന്നാൽ കൊള്ളിച്ചിട്ടില്ലാത്തതും ആയതോ ആയ ഏതെങ്കിലും തുക അതിനുത്തരവാദിയായ ഏതെങ്കിലും ആളുടെ മേൽ ചുമത്താവുന്നതും അങ്ങനെയുള്ള ഏതൊരു സംഗതിയിലും, അങ്ങനെയുള്ള ആളിൽനിന്നും ലഭിക്കേണ്ട തുക സർട്ടിഫൈ ചെയ്യേണ്ടതുമാകുന്നു.

എന്നാൽ പ്രസ്തുത ചെലവുചെയ്ത തീയതി മുതൽ നാലുവർഷത്തിനു ശേഷം ഈ ഉപവകുപ്പു പ്രകാരം യാതൊരു സർച്ചാർജ്ജം ചെയ്യുവാൻ പാടില്ല.

വിശദീകരണം - ആരുടെ ഉപേക്ഷയോ നടപടി ദൂഷ്യമോ ആണ് അങ്ങനെയുള്ള ഏതെങ്കിലും കുറവിനോ നഷ്ടത്തിനോ കാരണമാകുകയോ ഇടയാക്കുകയോ ചെയ്തിട്ടുള്ളത് അയാൾക്ക്, തന്റെ ഉപേക്ഷയോ നടപടിദൂഷ്യമോ ഉണ്ടായിരുന്നാൽക്കൂടി, മറ്റേതെങ്കിലും ആളുടെ ഉപേക്ഷയോ നടപടി ദൂഷ്യമോ കൊണ്ടല്ലാതെ ഈ കുറവോ നഷ്ടമോ സംഭവിക്കുമായിരുന്നില്ലെന്ന് വാദിക്കാവുന്നതല്ല.

(10) ഓഡിറ്റർമാർ, ഓരോ അനുവദിക്കാതിരിക്കലിനേയും സർച്ചാർജിനേയും, തുക ചുമത്തലിനേയും സംബന്ധിച്ച അവരുടെ തീരുമാനത്തിന്റെ കാരണം രേഖാമൂലമായി പ്രസ്താവിക്കേണ്ടതും അപ്രകാരമുള്ള തീരുമാനത്തിന്റെ ഒരു പകർപ്പ് ആരുടെ പേരിലാണോ അത് എടുത്തിട്ടുള്ളത് അയാൾക്ക് 1908-ലെ സിവിൽ നടപടി നിയമസംഹിത (1908-ലെ 5-ആം കേന്ദ്ര ആക്റ്റ്) സമൻസ് നട ത്തുന്നതിന് വ്യവസ്ഥ ചെയ്തിട്ടുള്ള രീതിയിൽ നൽകേണ്ടതുമാകുന്നു.

(11) ഏതെങ്കിലും അനുവദിക്കാതിരിക്കലോ, സർച്ചാർജോ തുക ചുമത്തലോ സംബന്ധിച്ച പരാതിയുള്ള ഏതൊരു ആൾക്കും ഓഡിറ്ററുടെ തീരുമാനം തന്നെ അറിയിച്ചതിനുശേഷം പതിനാലു ദിവസത്തിനകം അപ്രകാരമുള്ള അനുവദിക്കാതിരിക്കലോ സർച്ചാർജോ തുക ചുമത്തലോ അസ്ഥി രപ്പെടുത്തുന്നതിന് ജില്ലാക്കോടതി മുൻപാകെ ഒരു അപേക്ഷ ബോധിപ്പിക്കാവുന്നതും കോടതി ആവശ്യമായ തെളിവുകൾ എടുത്തതിനുശേഷം സാഹചര്യങ്ങളനുസരിച്ച് അതിന് യുക്തമെന്ന് തോന്നാവുന്ന പ്രകാരം ചെലവുകൾ സംബന്ധിച്ച ഉത്തരവുകളോടുകൂടി അപ്രകാരമുള്ള അനുവദിക്കാതിരി ക്കലോ സർച്ചാർജോ തുക ചുമത്തലോ സ്ഥിരീകരിക്കുകയോ ഭേദഗതി വരുത്തുകയോ അഥവാ കുറവു ചെയ്യുകയോ ചെയ്യാവുന്നതുമാണ്.

(12) (11)-ആം ഉപവകുപ്പിൻകീഴിൽ കോടതിക്ക് അപേക്ഷ കൊടുത്തിട്ടുള്ള സംഗതിയിൽ, അതിൽ ഓഡിറ്റർമാർമാത്രം എതിർകക്ഷികൾ ആയിരിക്കുന്നതും അപേക്ഷകൻ സർക്കാരിനേയോ അല്ലെങ്കിൽ മറ്റേതെങ്കിലും ആളേയോ നടപടികളിൽ കക്ഷി ചേർക്കാൻ പാടില്ലാത്തതുമാകുന്നു.

(13) (11)-ആം ഉപവകുപ്പ് പ്രകാരം ജില്ലാ കോടതിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.

(14) ഈ ആക്ടിൻകീഴിൽ ഒരാളിൽനിന്നും കിട്ടാനുള്ളതാണെന്ന് ഓഡിറ്റർമാർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഏതൊരു തുകയും, ഓഡിറ്റർമാരുടെ തീരുമാനം അയാളെ അറിയിക്കുന്ന തീയതിക്കുശേഷം മുപ്പത് ദിവസത്തിനകം തീരുമാനത്തിനെതിരായി അങ്ങനെയുള്ള ആൾ ആ സമയത്തിനകം കോടതിയിൽ അപേക്ഷ ബോധിപ്പിച്ചിട്ടില്ലെങ്കിൽ, അങ്ങനെയുള്ള ആൾ ബന്ധപ്പെട്ട പഞ്ചായത്തിന്റെ സെക്രട്ടറിക്ക് നൽകേണ്ടതും ആ തുക അപ്രകാരം കൊടുക്കാതിരിക്കുന്നെങ്കിൽ അങ്ങനെയുള്ള തുകയോ അഥവാ നൽകേണ്ടതാണെന്ന് കോടതി പ്രഖ്യാപിക്കുന്ന പ്രകാരമുള്ള തുകയോ, അത് ഭൂനികുതി കുടിശ്ശിക ആയിരുന്നാലെന്നപോലെ വസൂലാക്കാവുന്നതുമാകുന്നു.

(15) ഓരോ ശീർഷകത്തിൻകീഴിലും ലഭിക്കുന്ന പഞ്ചായത്തിന്റെ വരവ്, എസ്റ്റാബ്ലിഷ്മെന്റ് ചാർജുകൾ ഏറ്റെടുക്കുന്ന പണികൾ, ഓരോ പണിക്കും ചെലവാക്കിയ തുക, ചെലവാക്കാത്ത നീക്കിയിരുപ്പ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് എന്നിവ കാണിച്ചുകൊണ്ട് ഓഡിറ്റർ സാക്ഷ്യപ്പെടുത്തിയ ഒരു പഞ്ചായത്തിന്റെ ഓരോ വാർഷിക റിപ്പോർട്ടിന്റെയും സംക്ഷേപം അതിൻമേലുള്ള ആഡിറ്റ് റിപ്പോർട്ട് സഹിതം അടുത്ത സാമ്പത്തിക വർഷം രണ്ടാം മാസം പതിനഞ്ചാം തീയതി കഴിയുന്നതിന് മുമ്പ് സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമർപ്പിക്കേണ്ടതാണ്.

(16) (15)-ആം ഉപവകുപ്പിൽ പറയുന്ന റിപ്പോർട്ട് കിട്ടിയാൽ ആ ഉദ്യോഗസ്ഥൻ ഉടൻതന്നെ അത് സഞ്ചയിക്കേണ്ടതും സർക്കാരിന് സമർപ്പിക്കേണ്ടതുമാണ്.

(17) സർക്കാർ(എ.) (16)-ആം ഉപവകുപ്പു പ്രകാരം അതിന് കിട്ടുന്ന പഞ്ചായത്തിന്റെ കണക്കുകൾ അതിൻമേലുള്ള ആഡിറ്റു റിപ്പോർട്ടുസഹിതം നിയമസഭ മുൻപാകെ വയ്ക്ക്പിക്കേണ്ടതും,

(ബി) പഞ്ചായത്തിന്റെ കണക്കുകൾ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന രീതിയിൽ പ്രസിദ്ധീകരി പ്പിക്കേണ്ടതുമാണ്.