Skip to main content
[vorkady.com]

AC2[74എ. ചില വിഭാഗങ്ങളിലുള്ള ആളുകൾക്ക് തപാൽ വഴി വോട്ട് ചെയ്യുന്നതിനുള്ള പ്രത്യേക വ്യവസ്ഥ

(1) 74-ാം വകുപ്പിലെ വ്യവസ്ഥകളുടെ സാമാന്യതയ്ക്ക് ഭംഗംവരാതെ, താഴെപ്പറയുന്ന വിഭാഗങ്ങളിലുള്ള സമ്മതിദായകർക്ക്, നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം, തപാൽ വഴി വോട്ടു ചെയ്യുന്നതിനുള്ള അവസരമുണ്ടായിരിക്കുന്നതാണ്, അതായത് :-

(എ) സാംക്രമിക രോഗം ബാധിച്ച ഏതൊരാളും,

(ബി) ക്വാറൻറീനിൽ ആയിരിക്കുന്ന ഏതൊരാളും,

വിശദീകരണം:-ഈ വകുപ്പിലെ ആവശ്യത്തിലേക്കായി,-

(i) 'സാംക്രമിക രോഗം' എന്നാൽ 2020-ലെ കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസിലെ (2020-ലെ 57) 2-ആം വകുപ്പ് (എ) ഖണ്ഡത്തിൽ നിർണ്ണയിച്ച പ്രകാരമുള്ളതും പ്രസ്തുത ഓർഡിനൻസിലെ 3- ആം വകുപ്പ് പ്രകാരം സർക്കാർ, അതതുസമയം, വിജ്ഞാപനം ചെയ്തിട്ടുള്ളതുമായ സാംക്രമിക രോഗം എന്നർത്ഥമാകുന്നു;

(ii) 'ക്വാറൻറീനിൽ ആയിരിക്കുന്ന ആൾ' എന്നാൽ സാംക്രമിക രോഗത്തിൻറെ വ്യാപനം തടയുന്നതിനായി, ഭാരതസർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, അതതുസമയം, പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സംസ്ഥാനത്ത് ക്വാറൻറീനിൽ ആയിരിക്കുന്ന ആൾ എന്നർത്ഥമാകുന്നു.

(2) (1)-ആം ഉപവകുപ്പിൽ വ്യക്തമാക്കിയ പ്രകാരമുള്ള ഏതെങ്കിലും വിഭാഗങ്ങളിലെ ഒരു സമ്മതിദായകന് തപാൽ വഴി വോട്ട് ചെയ്യാവുന്നതും അല്ലെങ്കിൽ പോളിംഗ് സ്റ്റേഷനിൽ 70-ആം വകുപ്പ് (2)-ആം ഉപവകുപ്പിൽ വ്യക്തമാക്കിയ സമയത്ത്, നേരിട്ട് വോട്ട് ചെയ്യാവുന്നതുമാണ്.

കുറിപ്പ്:-(2)-ആം ഉപവകുപ്പിലെ വ്യവസ്ഥകൾ 2020 നവംബർ 19-ആം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ്.


AC2. 2021-ലെ 11-ആം ആക്ട് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു. 30.09.2020 മുതൽ പ്രാബല്യത്തിൽ വന്നു.