Skip to main content
[vorkady.com]

12. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ സ്റ്റാഫ്

(1) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, 243 കെ അനുച്ഛേദം (3)-ആം ഖണ്ഡത്തിൻകീഴിൽ ഒരു അഭ്യർത്ഥന ഗവർണ്ണറോട് നടത്തിയശേഷം കഴിയുന്നതും വേഗം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അതിന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിനാവശ്യമായേക്കാവുന്നത്ര ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും സേവനം സർക്കാർ വിട്ടുകൊടുക്കേണ്ടതാണ്.

(2) സർക്കാരിന്, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനുമായി ആലോചിച്ച് ഗവൺമെന്റ് അഡീഷണൽ സെക്രട്ടറിയുടെ പദവിക്ക് താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സെക്രട്ടറിയായി നിയമിക്കാവുന്നതാണ്.

(3) (1)-ആം ഉപവകുപ്പിലും (2)-ആം ഉപവകുപ്പിലും പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥന്മാരും ജീവനക്കാരും എല്ലാ ആവശ്യങ്ങൾക്കും സർക്കാർ ജീവനക്കാരായി തുടരുന്നതും അവരുടെ സേവന വ്യവസ്ഥകളും ഉപാധികളും
സർക്കാരിനു കീഴിൽ അവർക്ക് ബാധകമായിരുന്നപോലെതന്നെ തുടരുന്നതുമാണ്.

(4) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, E1[സർക്കാരുമായി] ആലോചിച്ച് സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയോ അപ്രകാരമുള്ള ഉദ്യോഗസ്ഥൻമാരെ, ഈ ആക്റ്റ് പ്രകാരം നിയോജകമണ്ഡലങ്ങളുടെ വോട്ടർ പട്ടിക തയ്യാറാക്കുകയും പുതുക്കുകയും ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് നടത്തുന്നതിനും വേണ്ടിയുള്ള ഉദ്യോഗസ്ഥൻമാരായി സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതാണ്.