46. പോളിംഗ് സ്റ്റേഷനുകൾക്ക് പ്രിസൈഡിംഗ് ആഫീസർമാരെ നിയമിക്കൽ
(1) ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഓരോ പോളിംഗ് സ്റ്റേഷനും ഒരു പ്രിസൈഡിംഗ് ആഫീസറേയും ആവശ്യമെന്ന് താൻ കരുതുന്നത്ര പോളിംഗ് ആഫീസറെയോ ആഫീസർമാരെയോ നിയമിക്കേണ്ടതും എന്നാൽ തിരഞ്ഞെടുപ്പിലോ തിരഞ്ഞെടുപ്പ് സംബന്ധിച്ചോ ഒരു സ്ഥാനാർത്ഥിയോ അദ്ദേഹത്തിനുവേണ്ടിയോ നിയോഗിച്ചതോ അല്ലെങ്കിൽ മറ്റവിധത്തിൽ ഒരു സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിച്ചുപോരുന്നതോ ആയ ഏതെങ്കിലും ആളെ അങ്ങനെ നിയമിക്കുവാൻ പാടില്ലാത്തതും ആകുന്നു:
എന്നാൽ ഒരു പോളിംഗ് ആഫീസർ പോളിംഗ് സ്റ്റേഷനിൽ സന്നിഹിതനായിട്ടില്ലെങ്കിൽ, പ്രിസൈഡിംഗ് ആഫീസർക്ക് പോളിംഗ് സ്റ്റേഷനിൽ സന്നിഹിതനും തിരഞ്ഞെടുപ്പിലോ തിരഞ്ഞെടുപ്പ് സംബന്ധിച്ചോ ഒരു സ്ഥാനാർത്ഥിയോ അയാൾക്കുവേണ്ടിയോ നിയോഗിച്ചതോ അല്ലെങ്കിൽ മറ്റ് വിധത്തിൽ ഒരു സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിച്ചുപോരുന്നതോ അല്ലാത്തതും ആയ മറ്റേതെങ്കിലും ആളെ ഒന്നാമതായി പറഞ്ഞ ഉദ്യോഗസ്ഥന്റെ അഭാവത്തിൽ പോളിംഗ് ഉദ്യോഗസ്ഥനായിരിക്കുവാൻ നിയമിക്കാവുന്നതും അതനുസരിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കാവുന്നതുമാണ്.
എന്നുമാത്രമല്ല ഈ ഉപവകുപ്പിലെ യാതൊന്നുംതന്നെ ഒരേ ആളെ ഒരേ പരിസരത്തുള്ള ഒന്നിലധികം പോളിംഗ് സ്റ്റേഷനുകൾക്കുള്ള പ്രിസൈഡിംഗ് ആഫീസറായി നിയമിക്കുന്നതിൽനിന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തടസ്സപ്പെടുത്തുന്നതല്ല.
(2) ഒരു പോളിംഗ് ആഫീസർ, പ്രിസൈഡിംഗ് ആഫീസർ അപ്രകാരം നിർദ്ദേശിക്കുന്നപക്ഷം, ഈ ആക്റ്റിനോ അതിൻ കീഴിലുണ്ടാക്കപ്പെട്ട ഏതെങ്കിലും ചട്ടങ്ങൾക്കോ ഉത്തരവുകൾക്കോ കീഴിൽ പ്രിസൈഡിംഗ് ആഫീസറുടെ ചുമതലകൾ എല്ലാമോ ഏതെങ്കിലുമോ നിർവ്വഹിക്കേണ്ടതാണ്.
(3) പ്രിസൈഡിംഗ് ആഫീസർ, രോഗംമൂലമോ ഒഴിച്ചുകൂടാൻ വയ്യാത്ത മറ്റേതെങ്കിലും കാരണത്താലോ പോളിംഗ് സ്റ്റേഷനിൽ ഹാജരാകാതിരിക്കാൻ നിർബന്ധിതനാകുന്നപക്ഷം, അങ്ങനെ ഹാജരല്ലാത്ത സമയത്ത്, അദ്ദേഹത്തിന്റെ ചുമതലകൾ, അവ നിർവ്വഹിക്കുവാൻ ജില്ലാ തിരഞ്ഞെടുപ്പ ഉദ്യോഗസ്ഥൻ നേരത്തെ അധികാരപ്പെടുത്തിയ പോളിംഗ് ആഫീസർ നിർവ്വഹിക്കേണ്ടതാണ്.
(4) സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം, പ്രിസൈഡിംഗ് ആഫീസറെക്കുറിച്ചുള്ള ഈ ആക്റ്റിലെ പരാമർശങ്ങളിൽ, അതതു സംഗതിപോലെ, (2)-ആം ഉപവകുപ്പിനോ (3)-ആം ഉപവകുപ്പിനോ കീഴിൽ തന്നെ അധികാരപ്പെടുത്തുന്ന ഏതെങ്കിലും ചുമതല നിർവ്വഹിക്കുന്ന ഏതെങ്കിലും ആൾ ഉൾപ്പെടുന്നതായി കരുതപ്പെടേണ്ടതാണ്.
No Comments