Skip to main content
[vorkady.com]

219ഡബ്ല്യ. സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള പ്ലാസ്റ്റിക്സ് സഞ്ചികളുടെയും കവറുകളുടെയും നിയന്ത്രണവും പ്ലാസ്സിക്സ് മാലിന്യങ്ങൾ കൈകാര്യം ചെയ്യലും

(1) 1986-ലെ പരിസ്ഥിതി (സംരക്ഷണ) ആക്റ്റിലെയും (1986-ലെ 29-ആം കേന്ദ്ര ആക്റ്റ്) അതിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി.-

(എ) സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള വിവിധതരം പ്ലാസ്റ്റിക്സ് സഞ്ചികളുടെയും പ്ലാസ്റ്റിക്സ് കവറുകളുടെയും ഏറ്റവും കുറഞ്ഞവില വിജ്ഞാപനപ്രകാരം ഗ്രാമപഞ്ചായത്ത് നിശ്ചയിക്കേണ്ടതും അങ്ങനെ നിശ്ചയിച്ച വിലയേക്കാൾ കുറഞ്ഞ വിലയ്ക്കക്കോ സൗജന്യമായോ അത്തരം സഞ്ചികളോ കവറുകളോ ഏതൊരു സ്ഥാപനമോ വ്യക്തിയോ വിൽക്കുകയോ നൽകുകയോ ചെയ്യുവാൻ പാടില്ലാത്തതും യാതൊരു സ്ഥാപനമോ ആളോ അപ്രകാരം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തുവാനാവശ്യമായ നടപടികൾ ഗ്രാമപഞ്ചായത്ത് സ്വീകരിക്കേണ്ടതുമാണ്.

(ബി) 232-ആം വകുപ്പുപ്രകാരം ലൈസൻസിന് അപേക്ഷിക്കുന്ന ഒരു അപേക്ഷകൻ അയാളുടെ സ്ഥാപനത്തിലൂടെ പ്ലാസ്റ്റിക്സ് സഞ്ചികളോ പ്ലാസ്റ്റിക്സ് കവറുകളോ വിൽക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അങ്ങനെയുള്ള വിവരം അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതും ഇതിനായി സാധാരണ ലൈസൻസ് ഫീസിന് പുറമേ നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള കാലയളവിലേക്ക്, വിൽക്കാനുദ്ദേശിക്കുന്ന പ്ലാസ്റ്റിക്സ് സഞ്ചികളുടെയും പ്ലാസ്റ്റിക്സ് കവറുകളുടെയും ഏകദേശ എണ്ണത്തിനോ അളവിനോ അനുസരിച്ച് അങ്ങനെയുള്ള ഒരു നിശ്ചിത തുക അധിക ഫീസായി ഗ്രാമപഞ്ചായത്തിന് ഈടാക്കാവുന്നതുമാണ്;

(സി) ഉപയോഗശൂന്യമായ പ്ലാസ്റ്റിക്സ് സഞ്ചികളും പ്ലാസ്റ്റിക്സ് കവറുകളും ഓരോ ഉപഭോക്താവും മറ്റ് മാലിന്യങ്ങളിൽനിന്നും തരംതിരിച്ച സൂക്ഷിക്കേണ്ടതും അവ പഞ്ചായത്ത് ഉണ്ടാക്കിയേക്കാവുന്ന ബൈലാകളിൽ അനുശാസിക്കുന്നവിധം കൈകാര്യം ചെയ്യേണ്ടതുമാണ്.

(2) (1)-ആം ഉപവകുപ്പിലെ (എ.) ഖണ്ഡത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാൾക്കും എതിരെ പ്രസ്തുത കേന്ദ്ര ആക്റ്റിലെയും അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരം സെക്രട്ടറി പരാതി സമർപ്പിക്കേണ്ടതാണ്.