Skip to main content
[vorkady.com]

34. സ്ഥാനാർത്ഥികളുടെ അയോഗ്യത

(1) ഒരാൾ ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനോ  അംഗമായി തുടരുന്നതിനോ താഴെപ്പറയുന്ന സാഹചര്യങ്ങളിൽ അയോഗ്യനായിരിക്കുന്നതാണ്,-

(എ) നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആവശ്യങ്ങൾക്ക് തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്താലോ നിയമത്തിൻ കീഴിലോ അയാൾ അപ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുന്നുവെങ്കിൽ, അഥവാ

Q[(എഎ) പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോവേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുവേണ്ടി 52-ആം വകുപ്പ് (2)-ആം ഉപവകുപ്പുപ്രകാരം വരണാധികാരി മുമ്പാകെ ഹാജരാക്കിയിരുന്ന ജാതിസർട്ടിഫിക്കറ്റോ, നാമനിർദ്ദേശ പ്രതികയോടൊപ്പം സമർപ്പിച്ചിരുന്ന സത്യപ്രസ്താവനയോ കളവോ വ്യാജമോ ആയിരുന്നു എന്നോ, താൻ അതത് സംഗതിപോലെ, പട്ടികജാതിക്കാരനോ, പട്ടികവർഗ്ഗക്കാരനോ അല്ല എന്നോ പിന്നീട് എപ്പോഴെങ്കിലും, 1996-ലെ കേരള (പട്ടികജാതി-പട്ടിക ഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ആക്റ്റ് (1996-ലെ 11 പ്രകാരമോ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ തെളിയിക്കപ്പെടുകയും, അപ്രകാരം പ്രഖ്യാപിക്കപ്പെടുകയും അപ്രകാരം പ്രഖ്യാപിക്കപ്പെട്ട തീയതി മുതൽ ആറ് വർഷം കഴിഞ്ഞിട്ടില്ലാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, അഥവാ.]

E1[(ബി) (i) ഒരു കോടതിയാലോ ഒരു ട്രൈബ്യൂണലാലോ സാൻമാർഗിക ദൂഷ്യം ഉൾപ്പെട്ട ഒരു കുറ്റത്തിന് മൂന്ന് മാസത്തിൽ കുറയാതെയുള്ള ഒരു കാലത്തേക്ക് തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിൽ;

(ii) അഴിമതിക്കുറ്റത്തിന് തൽസമയം പ്രാബല്യത്തിലുള്ള നിയമമനുസരിച്ച തക്ക അധികാരസ്ഥാനം കുറ്റക്കാരനായി വിധിച്ചിട്ടുണ്ടെങ്കിൽ;

(ii) ദുർഭരണത്തിന് വ്യക്തിപരമായി കുറ്റക്കാരനാണെന്ന് 271 ജി വകുപ്പപ്രകാരം രൂപീകരിക്കപ്പെട്ട ഓംബുഡ്സ്മാൻ വിധിച്ചിട്ടുണ്ടെങ്കിൽ, അഥവാ,] ;

(സി) സ്ഥിരബുദ്ധി ഇല്ലാത്ത ആളാണെന്ന് വിധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ; അഥവാ

(ഡി) ഒരു വിദേശ രാഷ്ട്രത്തിലെ പൗരത്വം സ്വേച്ഛയാ ആർജ്ജിച്ചിരിക്കുന്നുവെങ്കിൽ, അഥവാ

(ഇ) 136-ആം വകുപ്പിൻ കീഴിലോ അഥവാ A2[138-ആം വകുപ്പിൻ കീഴിലോ] ശിക്ഷാർഹമായ ഒരു തിരഞ്ഞെടുപ്പ് കുറ്റത്തിന് ഏതെങ്കിലും ഒരു ക്രിമിനൽ കോടതിയാൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നു വെങ്കിലോ അല്ലെങ്കിൽ അഴിമതി പ്രവർത്തികളുടെ കാരണത്താൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽനിന്നും അയോഗ്യനാക്കപ്പെടുകയും അങ്ങനെയുള്ള ശിക്ഷയുടേയോ അയോഗ്യതയുടേയോ തീയതി മുതൽ ആറുവർഷം കഴിഞ്ഞിട്ടില്ലാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, അഥവാ

(എഫ്) ഒരു നിർദ്ധനനായി വിധിക്കപ്പെടുന്നതിനുള്ള ഒരു അപേക്ഷകനായിരിക്കുകയോ അല്ലെങ്കിൽ ഒരു അവിമുക്ത നിർദ്ധനനായിരിക്കുകയോ ആണെങ്കിൽ, അഥവാ

(ജി) ഒരു കമ്പനിയിലെ ഓഹരിക്കാരൻ (ഒരു ഡയറക്ടറല്ലാത്ത) എന്ന നിലയിലൊഴികെയോ അഥവാ ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കുന്ന ചട്ടങ്ങൾ അനുവദിക്കുന്ന പ്രകാരമൊഴികെയോ സർക്കാരുമായോ Q[ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ] ഉണ്ടാക്കിയ നിലവിലുള്ള ഏതെങ്കിലും കരാറിലോ അല്ലെങ്കിൽ അവർക്കു വേണ്ടി ചെയ്യുന്ന ഏതെങ്കിലും പണിയിലോ അവ കാശബന്ധമുണ്ടെങ്കിൽ,

വിശദീകരണം - ഒരാൾ, സർക്കാരിന്റേയോ അല്ലെങ്കിൽ Q[ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ] കാര്യാദികളെ സംബന്ധിച്ച് വല്ല പരസ്യവും കൊടുത്തേക്കാവുന്ന ഏതെങ്കിലും വർത്തമാനപ്പത്രത്തിൽ തനിക്ക് പങ്കോ അവകാശബന്ധമോ ഉണ്ടെന്നുള്ള കാരണത്താലോ അല്ലെങ്കിൽ തനിക്ക് ഒരു കടപ്പത്രം ഉണ്ടെന്ന കാരണത്താലോ അല്ലെങ്കിൽ Q[സർക്കാരോ തദ്ദേശസ്വയംഭരണ സ്ഥാപനമോ അഥവാ സർക്കാരിനുവേണ്ടിയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനു വേണ്ടിയോ] വാങ്ങുന്ന വല്ല വായ്പയുമായി മറ്റ് വിധത്തിൽ ബന്ധപ്പെട്ടിരിക്കുകയോ ചെയ്യുന്നു എന്ന കാരണത്താലോ ഈ ഖണ്ഡപ്രകാരം അയോഗ്യനായിരിക്കുന്നതല്ല; അഥവാ

(എച്ച് സർക്കാരിന് വേണ്ടിയോ അഥവാ ബന്ധപ്പെട്ട പഞ്ചായത്തിന് വേണ്ടിയോ പ്രതിഫലം പറ്റുന്ന ഒരു അഭിഭാഷകനായി ജോലിയിലേർപ്പെട്ടിരിക്കുന്നുവെങ്കിൽ; അഥവാ


(ഐ) നേരത്തെതന്നെ ഒരംഗമായിരിക്കുകയും തന്റെ ഉദ്യോഗകാലാവധി, പുതിയ തിരഞ്ഞെടുപ്പ് പ്രാബല്യത്തിൽ വരുന്നതിന് മുൻപ് അവസാനിക്കാതിരിക്കുകയും അല്ലെങ്കിൽ നേരത്തെ തന്നെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടുകഴിയുകയും തന്റെ ഉദ്യോഗകാലം ഇനിയും ആരംഭിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ; അഥവാ

(ജെ) മുൻവർഷം വരെയും മുൻവർഷം ഉൾപ്പെടെയും സർക്കാരിലേക്കോ Q[തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കോ] (വിശ്വാസാധിഷ്ഠിത നിലയിലല്ലാതെ) താൻ കൊടുക്കേണ്ട ഏതെങ്കിലും ഇനം സംബന്ധിച്ച് കുടിശ്ശിക വരുത്തുകയും അത് സംബന്ധിച്ച ഒരു ബില്ലോ നോട്ടീസോ അയാളുടെ മേൽ യഥാവിധി നടത്തുകയും അതിൽ വല്ല സമയവും നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ ആ സമയം കഴിയുകയും ചെയ്തിരിക്കുന്നുവെങ്കിൽ; അഥവാ

(കെ) കേന്ദ്ര സർക്കാരിന്റേയോ സംസ്ഥാന സർക്കാരിന്റേയോ സർവ്വീസിൽനിന്നോ അല്ലെങ്കിൽ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സർവ്വീസിൽനിന്നോ അല്ലെങ്കിൽ 30-ആം വകുപ്പ് (1)-ആം ഉപവകുപ്പിൽ പരാമർശിച്ച മറ്റേതെങ്കിലും സർവ്വീസിൽനിന്നോ പിരിച്ചുവിടപ്പെടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്യുകയും അപ്രകാരം പിരിച്ചുവിട്ടതോ നീക്കം ചെയ്തതോ ആയ തീയതി മുതൽ അഞ്ചുകൊല്ലം കഴിയാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, അഥവാ

D[(കെകെ.) 1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറു വർഷം തികയാതിരിക്കുകയുമാണെങ്കിൽ; അഥവാ;]

(എൽ) അഡ്വക്കേറ്റായോ വക്കീലായോ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നും വിലക്കപ്പെട്ടിരിക്കുന്നുവെങ്കിൽ; അഥവാ

(എം) ഒരു ബധിര മുകൻ ആണെങ്കിൽ; അഥവാ

(എൻ) ഈ ആക്റ്റിലെ മറ്റേതെങ്കിലും വ്യവസ്ഥകളിൻകീഴിൽ അയോഗ്യനാക്കപ്പെട്ടിരിക്കുന്നുവെങ്കിൽ,

(ഒ) സർക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിലോ വീഴ്ചവരുത്തിയതിന്റെ ഫലമായി ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തിയിട്ടുണ്ടെങ്കിൽ.

E[(പി) പഞ്ചായത്തിന്റെ ധനമോ മറ്റു വസ്തുക്കളോ നഷ്ടപ്പെടുത്തുകയോ പാഴാക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്തതെന്ന് ഓംബുഡ്സ്മാൻ കണ്ടിട്ടുണ്ടെങ്കിൽ;]

(2) ഒരു സ്ഥാനാർത്ഥി ഉപവകുപ്പിൽ പരാമർശിച്ച അയോഗ്യതകളിൽ ഏതിനെങ്കിലും വിധേയനായിട്ടുണ്ടോയെന്ന പ്രശ്നം ഉൽഭവിക്കുകയാണെങ്കിൽ ആ പ്രശ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് വിടേണ്ടതും അങ്ങനെയുള്ള പ്രശ്നത്തിൻമേൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.


Q. 2009-ലെ 31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 07.10.2009മുതൽ പ്രാബല്യത്തിൽ വന്നു. 

E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു.24.03.1999മുതൽ പ്രാബല്യത്തിൽ വന്നു.

A2.1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995മുതൽ പ്രാബല്യത്തിൽ വന്നു.

D. 1999-ലെ 11-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 02.10.1998മുതൽ പ്രാബല്യത്തിൽ വന്നു.