Skip to main content
[vorkady.com]

233ബി. ഒഴിവാക്കൽ

233-ആം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, അതതു സംഗതിപോലെ, താഴെ പറയുന്ന യന്ത്രങ്ങളോ ഉൽപ്പാദന യൂണിറ്റുകളോ വ്യവസായ യൂണിറ്റുകളോ സ്ഥാപിക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെ അനുവാദം ആവശ്യമുള്ളതല്ല, അതായത് :- 

(എ) വീട്ടാവശ്യങ്ങൾക്കോ വ്യക്തിപരമായ സൗകര്യങ്ങൾക്കോവേണ്ടി ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള വൈദ്യുത ഉപകരണങ്ങളും വൈദ്യുതേതര ഉപകരണങ്ങളും യന്ത്രസാമഗ്രികളും;

(ബി) കാർഷികാവശ്യങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള, വൈദ്യുതികൊണ്ടും അല്ലാതെയും പ്രവർത്തിപ്പിക്കുന്ന ഉപകരണങ്ങൾ;

(സി) സ്ഥിര ശ്രദ്ധ വേണ്ടിവരാത്ത സ്റ്റാറ്റിക് ട്രാൻസ്ഫോർമർ സ്റ്റേഷനുകളും കണ്ടൻസർ സ്റ്റേഷനുകളും റെക്റ്റിഫയർ സ്റ്റേഷനുകളും;

(ഡി) കൊണ്ടുനടക്കാവുന്നതരം ഡ്രില്ലിംഗ് യന്ത്രങ്ങളും, കോൺക്രീറ്റ് മിക്സറുകൾ പോലെ നിർമ്മാണാ വശ്യത്തിനുപയോഗിക്കാവുന്ന കൊണ്ടു നടക്കാവുന്ന തരം യന്ത്രങ്ങളും;

(ഇ) ഒരു വിദ്യാഭ്യാസ സ്ഥാപനത്തോട് ബന്ധപ്പെടുത്തിയോ അല്ലെങ്കിൽ ശാസ്ത്ര സംബന്ധമായ ആവശ്യങ്ങൾക്കോ വേണ്ടി ഒരു വർക്ക്ഷോപ്പിലോ ജോലിസ്ഥലത്തോ സ്ഥാപിച്ചിട്ടുള്ള യന്ത്ര സംവിധാനം;

(എഫ്) വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ;

(ജി) കുടിവെള്ള വിതരണത്തിനും മലിനജലം ഒഴുക്കി കളയുന്നതിനുമായി കേരള ജല അതോറിറ്റിയുടെ യന്ത്ര സംവിധാനങ്ങൾ;

(എച്ച്) മലിനീകരണമുണ്ടാകാത്ത ഒരു വ്യവസായമായി സർക്കാരിന്റെ വ്യവസായ വകുപ്പോ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡോ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും അഞ്ച് കുതിര ശക്തിയിൽ കുറവുശേഷിയുള്ളതുമായ യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള വ്യവസായങ്ങൾ;

(ഐ) സർക്കാരോ സർക്കാർ നിയന്ത്രിത ഏജൻസിയോ അപ്രകാരം പ്രഖ്യാപിച്ചിട്ടുള്ള ഒരു വ്യവസായ എസ്റ്റേറ്റിലെയോ വ്യവസായ വികസന പ്രദേശത്തെയോ വ്യവസായ വികസന സ്ഥലത്തേയോ വ്യവസായ വികസന വളർച്ചാ കേന്ദ്രത്തിലെയോ കയറ്റുമതി സംസ്കരണ മേഖലയിലെയോ അല്ലെങ്കിൽ വ്യവസായ പാർക്കിലെയോ വ്യവസായ യൂണിറ്റുകൾ: എന്നാൽ, (എച്ച്)-ഉം (ഐ)-ഉം ഇനങ്ങളിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും വ്യവസായ യൂണിറ്റു കളുടെ ഉടമസ്ഥൻ നിർണ്ണയിക്കപ്പെട്ട പ്രകാരമുള്ള ഫീസടച്ച് പ്രസ്തുത യൂണിറ്റ് ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.