37. അംഗത്വം പുനഃസ്ഥാപിക്കൽ
(1) ഒരാൾ 31-ആം വകുപ്പിന്റേയോ അല്ലെങ്കിൽ 35-ആം വകുപ്പ് (എ) ഖണ്ഡത്തിന്റേയോ കീഴിൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗമല്ലാതായിത്തീരുന്നിടത്ത്, ആ ശിക്ഷ അപ്പീലിലോ പുനഃപരിശോധനയിലോ ദുർബലപ്പെടുത്തുകയോ അല്ലെങ്കിൽ ശിക്ഷകൊണ്ട് നേരിട്ടിട്ടുള്ള അയോഗ്യത നീക്കം ചെയ്യുകയോ ചെയ്യപ്പെടുന്ന പക്ഷം, അയാളെ എത്രകാലത്തേക്ക് തിരഞ്ഞെടുത്തുവോ അതിൽ അപ്രകാരം അയാളെ പുനഃസ്ഥാപിക്കുന്ന രീതിയിൽ കാലാവധി തീരാതെ ശേഷിക്കാവുന്ന അങ്ങനെയുള്ള കാലത്തേക്ക് അയാളെ ഉദ്യോഗത്തിൽ പുനഃസ്ഥാപിക്കേണ്ടതും അപ്രകാരം പുനഃസ്ഥാപിക്കുമ്പോൾ ആ ഒഴിവിലേക്ക് ഇടക്കാലത്ത് തിരഞ്ഞെടുക്കപ്പെട്ട ഏതൊരാളും ഉദ്യോഗം ഒഴിയേണ്ടതും ആണ്.
(2) 35-ആം വകുപ്പ് (കെ) ഖണ്ഡത്തിൻകീഴിൽ ഒരാൾ അംഗമല്ലാതായിത്തീരുന്നിടത്ത്, ബന്ധപ്പെട്ട പഞ്ചായത്തിലെ സെക്രട്ടറി ആ വസ്തുത അങ്ങനെയുള്ള ആളെ ഉടൻതന്നെ രേഖാമൂലം അറിയിക്കേണ്ടതും ആ കാര്യം പഞ്ചായത്തിന്റെ അടുത്ത യോഗത്തിൽ റിപ്പോർട്ടു ചെയ്യേണ്ടതുമാണ്. അങ്ങനെയുള്ള ആൾ പഞ്ചായത്തിലേക്ക് അതിന്റെ അടുത്ത യോഗത്തിന്റെ തീയതിയിലോ അതിനുമുൻപോ അഥവാ അയാൾക്ക് അങ്ങനെയുള്ള വിവരം ലഭിച്ച പതിനഞ്ച് ദിവസത്തിനകമോ തന്നെ തിരിച്ചെടുക്കുന്നതിന് അപേക്ഷിക്കുകയാണെങ്കിൽ, പഞ്ചായത്തിന്, അങ്ങനെയുള്ള അപേക്ഷ കിട്ടിയതിനുശേഷമുള്ള തൊട്ടടുത്ത യോഗത്തിൽ വച്ച് അയാളുടെ അംഗത്വം പുനഃസ്ഥാപിക്കാവുന്നതാണ്.
എന്നാൽ ഒരംഗത്തെ, അയാളുടെ ഉദ്യോഗ കാലാവധിക്കുള്ളിൽ രണ്ടു പ്രാവശ്യത്തിലധികം അപ്രകാരം പുനഃസ്ഥാപിക്കുവാൻ പാടില്ലാത്തതാകുന്നു.
No Comments