109. തിരഞ്ഞെടുപ്പ് ഹർജ്ജികൾ പിൻവലിക്കുന്നതിനുള്ള നടപടിക്രമം
(1) ഒന്നിലധികം ഹർജിക്കാരുണ്ടെങ്കിൽ, ഒരു തിരഞ്ഞെടുപ്പു ഹർജി പിൻവലിക്കാനുള്ള യാതൊരു അപേക്ഷയും എല്ലാ ഹർജിക്കാരുടേയും രേഖാമൂലമുള്ള സമ്മതത്തോടുകൂടിയല്ലാതെ കൊടുക്കാൻ പാടുള്ളതല്ല.
(2) പിൻവലിക്കാനുള്ള യാതൊരപേക്ഷയും, അങ്ങനെയുള്ള അപേക്ഷ കോടതിയുടെ അഭിപ്രായത്തിൽ, അനുവദിച്ചുകൊടുക്കാൻ പാടില്ലാത്ത ഏതെങ്കിലും കരാറിനാലോ പ്രതിഫലത്താലോ പ്രചോദിക്കപ്പെട്ടിട്ടുള്ളതാണെന്ന് കോടതിക്ക് ബോദ്ധ്യമുള്ള പക്ഷം അനുവദിക്കാൻ പാടുള്ളതല്ല.
(3) അപേക്ഷ അനുവദിക്കപ്പെട്ടിരുന്നുവെങ്കിൽ -
(എ) ഹർജിക്കാരനോട് അതിനുമുൻപ് നേരിട്ടിട്ടുള്ള എതിർകക്ഷികളുടെ ചെലവോ കോടതിക്ക് യുക്തമെന്ന് തോന്നുന്ന അതിന്റെ ഭാഗമോ കൊടുക്കാൻ ഉത്തരവിടേണ്ടതും;
(ബി) പിൻവലിക്കൽ നോട്ടീസ് കോടതിയിലെ ആഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസിലും പ്രസിദ്ധപ്പെടുത്തേണ്ടതാണെന്ന് കോടതി നിർദ്ദേശിക്കേണ്ടതും;
(സി) തനിക്കുതന്ന ഹർജിക്കാരനാകാമായിരുന്ന ഒരാൾക്ക്, പിൻവലിക്കുന്ന കക്ഷിയുടെ സ്ഥാനത്ത് ഹർജിക്കാരനായി പകരം ചേർക്കപ്പെടാൻ, അങ്ങനെയുള്ള പ്രസിദ്ധപ്പെടുത്തൽ തീയതി മുതൽ പതിനാലു ദിവസത്തിനുള്ളിൽ, അപേക്ഷിക്കാവുന്നതും ജാമ്യം സംബന്ധിച്ചുള്ള വ്യവസ്ഥകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ നിറവേറ്റുന്നതോടെ അപ്രകാരം പകരം ചേർക്കപ്പെടാനും കോടതി യുക്തമെന്ന് കരുതുന്ന നിബന്ധനകളിൻമേലുള്ള നടപടികൾ തുടരാനും അവകാശമുണ്ടായിരിക്കുന്നതും, ആകുന്നു.
No Comments