Skip to main content
[vorkady.com]

E1,Q[203. വസ്തു നികുതി

(1) ഏതൊരു ഗ്രാമപഞ്ചായത്തും അതത് ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ളതും ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഒഴിവാക്കപ്പെട്ടിട്ടില്ലാത്തതുമായ ഓരോ കെട്ടിടത്തിനും (അതിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്തിനുൾപ്പെടെ) ആക്റ്റിലെ വ്യവസ്ഥകൾക്കും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന ചട്ടങ്ങൾക്കും അനുസൃതമായി വസ്തു നികുതി ചുമത്തേണ്ടതാണ്.

Q[(2)(എ) വസ്തുനികുതി ചുമത്തുന്നതിലേക്കായി, ഉപയോഗ ക്രമത്തിനനുസരിച്ച് താഴെപ്പറയുന്ന ഓരോയിനം കെട്ടിടത്തിന്റേയും ഒരു ചതുരശ്ര മീറ്റർ തറവിസ്തീർണ്ണ (Plinth Area) ത്തിന് ബാധകമായ അടിസ്ഥാന വസ്തുനികുതി നിരക്കുകളുടെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പരിധികളും, അവ പ്രാബല്യത്തിൽ വരുന്ന തീയതിയും വിജ്ഞാപനംമൂലം സർക്കാർ നിശ്ചയിക്കേണ്ടതാണ്, അതായത്.-

(i) പാർപ്പിട ആവശ്യത്തിനായി ഉപയോഗിക്കുന്നവ;

(ii) വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കുന്നവ;

(iii) വിദ്യാലയങ്ങൾക്കോ ആശുപ്രതികൾക്കോ ആയി ഉപയോഗിക്കുന്നവ;

(iv) അമ്യൂസ്മെന്റ് പാർക്കുകൾ, മൊബൈൽ ടെലഫോൺ ടവർ എന്നിവയ്ക്കായി ഉപയോഗിക്കുന്നവ;

(v) വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നവ; 

(vi) മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവ;

(vii) സർക്കാർ വിജ്ഞാപനം ചെയ്യുന്ന മറ്റേതെങ്കിലും ഇനം കെട്ടിടങ്ങൾ.


AF1[(ബി) മുകളില്‍ (i) മുതല്‍ (vii) വരെയുളള ഓരോ ഇനം  കെട്ടിടത്തിന്റെയും ഉപവിഭാഗങ്ങളും അവയ്ക്ക് ബാധകമായ അടിസ്ഥാന വസ്തു  നികുതി നിരക്കുകളുടെ ഏറവും കുറഞ്ഞതും കൂടിയതുമായ പരിധികളും വിജ്ഞാപനം  മൂലം സർക്കാരിന് ഓരോ അഞ്ച് വർഷത്തിലും നിശ്ചയിക്കാവുന്നതാണ്.] 

AF2[(സി) ഓരോ അഞ്ച് വർഷം കൂടുമ്പോഴും (2)- ആം ഉപവകുപ്പ് പ്രകാരം സർക്കാരും (3)-ആം ഉപവകുപ്പ് പ്രകാരം ഗ്രാമപഞ്ചായത്തും നിശ്ചയിക്കുന്ന വസ്തു നികുതി നിരക്കുകൾ അതിനു മുൻവർഷത്തിൽ നിലവിലുളള നിരക്കിനോടൊപ്പം അഞ്ച് ശതമാനം കൂടിയ തുകയേക്കാൾ കുറവായിരിക്കാൻ പാടില്ലാത്തതാണ്.

(ഡി) സർക്കാരിന്, നിർണ്ണയിക്കപ്പെട്ട പ്രകാരം നികുതി നിർണ്ണയത്തിനായി കണക്കിലെടുക്കുന്നതിൽ നിന്ന് ഒരു കെട്ടിടത്തിലെ മേൽക്കൂരയുളള ഏതെങ്കിലും ഭാഗത്തെ ഒഴിവാക്കുകയോ, മേൽക്കൂരയുളളതും ചുമരില്ലാത്തതുമായ ഏതെങ്കിലും ഭാഗത്തെ ഉൾപ്പെടുത്തുകയോ, മേൽക്കൂരയില്ലാത്ത ഏതെങ്കിലും ഭാഗത്തെ ഉൾപ്പെടുത്തുകയോ ചെയ്യാവുന്നതാണ്.

(ഇ) സർക്കാരിന്, ഏതെങ്കിലും ഉപയോഗക്രമത്തിലുളള കെട്ടിടങ്ങളുടെ വസ്തു നികുതി, തറവിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിലോ ഭൂമിയുടെ ന്യായവില ഉൾപ്പെടെയുളള ഏതെങ്കിലും ഘടകങ്ങളുടെ അടിസ്ഥാനത്തിലോ നിരക്കുകൾ വിജ്ഞാപനം ചെയ്യാവുന്നതാണ്.]

കുറിപ്പ് - ഈ വകുപ്പിന്റെ ആവശ്യത്തിന് "തറ വിസ്തീർണ്ണം" എന്നാൽ ഒരു ഏകനില കെട്ടിടത്തിന്റെ കാര്യത്തിൽ അതിന്റെ മേൽക്കൂരയുള്ള ഭാഗത്തിന്റെ തറനിരപ്പിന്റെ (ചുമർകനം ഉൾപ്പെടെ) വിസ്തീർണ്ണം എന്നും, സെല്ലാർ-നില ഉള്ളതോ ഇല്ലാത്തതോ ആയ ഒരു ബഹുനിലകെട്ടിടത്തിന്റെ കാര്യത്തിൽ അതിന്റെ ഓരോ നിലയിലുള്ള അത്തരം തറനിരപ്പിന്റെ (ചുമർകനം ഉൾപ്പെടെ എന്നാൽ തുറസ്സായ ടെറസ്സ് ഭാഗം ഒഴികെ) ആകെ വിസ്തീർണ്ണം എന്നും അർത്ഥമാകുന്നു.                                                                                              
(3) (2)-ആം ഉപവകുപ്പിൽ പരാമർശിക്കുന്ന പ്രകാരം കെട്ടിടങ്ങളുടെ ഇനം അനുസരിച്ച് സർക്കാർ നിശ്ചയിക്കുന്ന പരിധികൾക്ക് വിധേയമായി, ഒരു ചതുരശ്ര മീറ്റർ തറ വിസ്തീർണ്ണത്തിന് എന്ന തോതിൽ, അതത് ഇനം കെട്ടിടങ്ങൾക്ക് ഗ്രാമപഞ്ചായത്തിൽ ബാധകമാക്കേണ്ട അടിസ്ഥാന വസ്തു നികുതി നിരക്കുകൾ (പൂർണ്ണസംഖ്യയിൽ) നിർണ്ണയിക്കപ്പെട്ട നടപടിക്രമം പാലിച്ച്, അതത് ഗ്രാമപഞ്ചായത്ത് നിശ്ചയിക്കേണ്ടതാണ്. അതത് സംഗതിപോലെ, ഒരേ ഇനത്തിൽ അല്ലെങ്കിൽ അതിന്റെ ഉപവിഭാഗത്തിൽപ്പെട്ട എല്ലാ കെട്ടിടങ്ങൾക്കും ഗ്രാമപഞ്ചായത്തിൽ എല്ലായിടത്തും ഒരേ അടിസ്ഥാന വസ്തു നികുതി നിരക്ക് ആയിരിക്കേണ്ടതാണ്.

AF[(4) (2)-ആം ഉപവകുപ്പ് പ്രകാരം സർക്കാർ നിശ്ചയിക്കുന്ന അടിസ്ഥാന വസ്തു നികുതി നിരക്കുകളുടെ പരിധികൾക്കും, അവയ്ക്ക് വിധേയമായി (3)-ആം ഉപവകുപ്പു പ്രകാരം ഗ്രാമപഞ്ചായത്ത് ഒരിക്കൽ നിശ്ചയിക്കുന്ന അടിസ്ഥാന വസ്തു നികുതി നിരക്കുകൾക്കും, അവ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ അഞ്ചുവർഷക്കാലയളവിലേക്ക് പ്രാബല്യമുണ്ടായിരിക്കുന്നതും, എന്നാൽ ഇപ്രകാരം ആദ്യവർഷം പ്രാബല്യത്തിൽ വരുന്ന നികുതി നിരക്കിന്റെ അഞ്ച് ശതമാനം രണ്ടാം വർഷവും തുടർന്നുവരുന്ന ഓരോ വർഷത്തിലേയ്ക്കുളള വർദ്ധന അതിനു തൊട്ടുമുമ്പുളള വർഷത്തിലെ നികുതി നിരക്കിന്റെ അഞ്ചു ശതമാനം വർദ്ധനവ് വരുത്തി ഗ്രാമപഞ്ചായത്ത് നിശ്ചയിക്കേണ്ടതാണ്. മേൽ പ്രസ്താവിച്ച പ്രകാരം നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനനുസരിച്ച് നികുതി നിർണ്ണയം നടത്തുമ്പോൾ,

(എ) പുതിയതും, പുതുക്കിപ്പണിതതും, ഉപയോഗക്രമത്തിൽ മാറ്റം വരുത്തിയതുമായ കെട്ടിടങ്ങളുടെ കാര്യത്തിൽ സെക്രട്ടറി, നിർണ്ണയിക്കപ്പെട്ട പ്രകാരം നികുതി നിശ്ചയിക്കേണ്ടതും തുടർ നടപടി സ്വീകരിക്കേണ്ടതും ഇപ്രകാരം നിർണ്ണയിക്കുന്ന വാർഷിക വസ്തു നികുതിയോടൊപ്പം തുടർന്നുളള ഓരോ വർഷവും അതിന്റെ തൊട്ടു മുൻവർഷത്തെ നികുതിയുടെ അഞ്ചു ശതമാനം വീതം വർദ്ധനവ് വരുത്തേണ്ടതും ഈ വ്യവസ്ഥ നികുതി നിശ്ചയിച്ചു നൽകുന്ന ഡിമാന്റ് നോട്ടീസിൽ ഉൾപ്പെടുത്തേണ്ടതുമാണ്.

(ബി) ഖണ്ഡം (എ)-യിൽ പറഞ്ഞ വിഭാഗത്തിൽപ്പെടാത്തതും ഒരിക്കൽ വാർഷിക വസ്തു നികുതി നിശ്ചയിച്ചതുമായ കെട്ടിടങ്ങളുടെ കാര്യത്തിൽ, നിലവിലുളള വാർഷിക വസ്തു നികതിയോടൊപ്പം ഓരോ വർഷവും തൊട്ടു മുൻവർഷത്തെ നികുതിയുടെ അഞ്ചു ശതമാനം എന്ന നിരക്കിൽ വർദ്ധനവ് വരുത്തേണ്ടതും ഈ വ്യവസ്ഥ നികുതി പുതുക്കി നിശ്ചയിച്ചു നൽകുന്ന ഡിമാന്റ് നോട്ടീസിൽ ഉൾപ്പെടുത്തേണ്ടതുമാണ്:

എന്നാൽ, ഇപ്രകാരമുളള വാർഷിക വസ്തു നികുതി പുതുക്കി നിശ്ചയിക്കുമ്പോൾ (7)-ആം ഉപവകുപ്പ് പ്രകാരമുളള ഇളവുകളോ വർദ്ധനവുകളോ ബാധകമായിരിക്കുന്നതല്ല.] 

(5) (3)-ആം ഉപവകുപ്പ് പ്രകാരം ഗ്രാമപഞ്ചായത്ത് ആദ്യമായി നിശ്ചയിക്കുന്ന അടിസ്ഥാന വസ്തു നികുതി നിരക്കുകൾ സർക്കാർ വിജ്ഞാപനം മൂലം ഇതിലേക്കായി നിശ്ചയിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

AF[(6) ഒരു കെട്ടിടത്തിന്റെ അടിസ്ഥാന വസ്തു നികുതി,

(i) ഒരു കെട്ടിടത്തിന്റെ തറവിസ്തീർണ്ണത്തെ പ്രസ്തുത കെട്ടിടത്തിന് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്ക് കൊണ്ട് ഗുണിച്ച് കിട്ടുന്ന തുക, അതിന്റെ തൊട്ടടുത്ത ഉയർന്ന പൂർണ്ണസംഖ്യയിലേക്ക് ക്രമീകരിച്ച പ്രകാരവും; 

(ii) ഏതെങ്കിലും വിഭാഗം കെട്ടിടങ്ങളുടെയോ അവയുടെ ഉപവിഭാഗങ്ങളുടെയോ കാര്യത്തിൽ, നിർണ്ണയിക്കപ്പെട്ടപ്രകാരം, തറവിസ്തീർണ്ണത്തിന്റെയോ ഭൂമിയുടെ ന്യായവിലയുടെയോ നിർമ്മിതിയുടെ ഏതെങ്കിലും ഘടകത്തിന്റെയോ ഇവയിൽ ഏതെങ്കിലുമോ എല്ലാത്തിന്റെയുമോ അടിസ്ഥാനത്തിലും; 

കണക്കാക്കാവുന്നതാണ്.]

(7) (6)-ആം ഉപവകുപ്പ് പ്രകാരം കണക്കാക്കിയ കെട്ടിടത്തിന്റെ അടിസ്ഥാന വസ്തു നികുതിയിൽ

(i) ഗ്രാമപഞ്ചായത്ത് പ്രദേശം വ്യത്യസ്ത മേഖലകളായി തരംതിരിക്കപ്പെട്ടതിൽ, കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പെട്ട മേഖല;

(ii) കെട്ടിടത്തിലേക്കുള്ള വഴി സൗകര്യത്തിന്റെ ലഭ്യത;

S2[(iii) xxxx] AF1[(iii) കെട്ടിടത്തിന്റെ തറ വിസ്തീർണ്ണത്തിന്റെ ഏറ്റക്കുറച്ചിൽ;]

(iv) കെട്ടിടത്തിന്റെ മേൽക്കൂരയുടെ നിർമ്മിതി;

(v) കെട്ടിടത്തിന്റെ കാലപ്പഴക്കം;

(vi) കെട്ടിടത്തിന്റെ തറയുടെ നിർമ്മിതി;

S2[(vii) xxxx] AF[(vii) കെട്ടിടമോ നിർമ്മിതിയോ സ്ഥിതിചെയ്യുന്ന ഭൂമിയുടെ ന്യായവില;]

(viii) കെട്ടിടത്തിലെ എയർ കണ്ടീഷനിംഗ് സൗകര്യം;

S2[(ix) xxxx]

എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ, ഓരോ ഘടകത്തിന് ചട്ടങ്ങളിൽ നിർദ്ദേശിക്കുന്ന തരംതിരിവ് അനുസരിച്ചും ഓരോ തരത്തിനും നിശ്ചയിക്കുന്ന നിരക്കിലും, സെക്രട്ടറി, അതത് സംഗതിപോലെ, ഇളവുകൾ അനുവദിക്കുകയും വർദ്ധനവുകൾ വരുത്തുകയും ചെയ്യേണ്ടതാണ്:

എന്നാൽ, എല്ലാ ഇനങ്ങളിലുമായി അപ്രകാരം അനുവദിക്കാവുന്ന ആകെ ഇളവ് അടിസ്ഥാന വസ്തു നികുതിയുടെ എഴുപത്തിയഞ്ച് ശതമാനത്തിൽ അധികരിക്കുവാൻ പാടുള്ളതല്ല.

(8) (7)-ആം ഉപവകുപ്പ് പ്രകാരം അടിസ്ഥാന വസ്തു നികുതിയിൽ ഇളവുകൾ അനുവദിക്കുകയും വർദ്ധനവുകൾ വരുത്തുകയും ചെയ്തപ്രകാരമുള്ള തുക തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയിലേക്ക് ക്രമീകരിക്കേണ്ടതും അപ്രകാരം തിട്ടപ്പെടുത്തിയ തുക കെട്ടിടത്തിന്റെ വാർഷിക വസ്തു നികുതി ആയിരിക്കേണ്ടതുമാണ്.

(9) ഒരു കെട്ടിടത്തിന്റെ കാര്യത്തിൽ, (2)-ആം ഉപവകുപ്പിൽ പരാമർശിക്കുന്ന രണ്ടോ അതിലധികമോ ഉപയോഗങ്ങളോ അതിന്റെ ഉപവിഭാഗങ്ങളോ, (7)-ആം ഉപവകുപ്പിൽ പരാമർശിക്കുന്ന ഏതെങ്കിലും രണ്ടോ അതിലധികമോ ഘടകങ്ങളോ, ഒരു ഘടകത്തിന്റെ രണ്ടോ അതിലധികമോ തരങ്ങളോ ഒരേ സമയം ബാധകമാകുന്നപക്ഷം, പ്രസ്തുത കെട്ടിടത്തിന്റെ അതത് ഭാഗത്തിന് ബാധകമായ രീതിയിൽ വസ്തു നികുതി വെവ്വേറെ കണക്കാക്കി ആ കെട്ടിടത്തിന്റെ മൊത്തം വാർഷിക വസ്തു നികുതി തിട്ടപ്പെടുത്തേണ്ടതാണ്:

എന്നാൽ, കെട്ടിടത്തിന്റെ മേൽക്കൂരയുടെ നിർമ്മിതി, കെട്ടിടത്തിന്റെ തറയുടെ നിർമ്മിതി, S2[xxx] എന്നീ ഘടകങ്ങളിൽ ഏതെങ്കിലും ഒരു ഘടകത്തിന്റെ ഒന്നിലധികം തരങ്ങൾ ഒരു കെട്ടിടത്തിന് ഒരേസമയം ബാധകമാകുന്നപക്ഷം, പ്രസ്തുത കെട്ടിടത്തിന്റെ ആകെ തറവിസ്തീർണ്ണത്തിന്റെ പകുതിയിലധികം ഭാഗത്തിന് ബാധകമാകുന്ന തരത്തെ അടിസ്ഥാനമാക്കി കെട്ടിടത്തിന്റെ വാർഷിക വസ്തു നികുതി തിട്ടപ്പെടുത്തേണ്ടതാണ്.

(10) ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്കുകളും, ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വിവിധ മേഖലകളായി തരം തിരിച്ചുകൊണ്ടുള്ള വിജ്ഞാപനവും പ്രസിദ്ധപ്പെടുത്തിയശേഷം, അപ്രകാരമുള്ള വിവരങ്ങളും കെട്ടിടത്തിന്റെ തറവിസ്തീർണ്ണവും അടിസ്ഥാന വസ്തു നികുതിയിൽ അനുവദിക്കപ്പെടാവുന്ന ഇളവുകളും വരുത്താവുന്ന വർദ്ധനവുകളും അനുസരിച്ച് കെട്ടിട ഉടമകൾക്ക് അവരവരുടെ കെട്ടിടത്തിന്റെ വാർഷിക വസ്തു നികുതി സ്വയം നിർണ്ണയിക്കാൻ സഹായകമായ പൊതുവിവരങ്ങൾ, സെക്രട്ടറി ഒരു പൊതു നോട്ടീസ് മുഖേന പ്രസിദ്ധപ്പെടുത്തേണ്ടതും അപ്രകാരം പൊതു നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ S2[മുപ്പത് ദിവസത്തിനുള്ളിൽ] നിർണ്ണയിക്കപ്പെട്ട ഫാറത്തിൽ വസ്തു നികുതി സംബന്ധമായ റിട്ടേൺ സമർപ്പിക്കാൻ കെട്ടിട ഉടമകളോട് പ്രസ്തുത നോട്ടീസ് പ്രകാരം ആവശ്യപ്പെടേണ്ടതുമാണ്. ഫാറത്തിന്റെ മാതൃക/പകർപ്പ് കെട്ടിട ഉടമകൾക്ക് ഗ്രാമപഞ്ചായത്ത് സൗജന്യമായി ലഭ്യമാക്കേണ്ടതാണ്.

(11) നികുതി നിർണ്ണയം സംബന്ധിച്ച് ആവശ്യമായ വിവരങ്ങളും രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തിയ നികുതി റിട്ടേൺ അനുവദിക്കപ്പെട്ട സമയത്തിനകം കെട്ടിട ഉടമ അല്ലെങ്കിൽ അയാൾ അധികാരപ്പെടുത്തിയ ആൾ, സെക്രട്ടറി അല്ലെങ്കിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കേണ്ടതും കൈപ്പറ്റ് രസീത് വാങ്ങേണ്ടതുമാണ്.

S2[(12) xxxx]

(13) കെട്ടിട ഉടമ നൽകിയ നികുതി റിട്ടേണിന്റെയും കെട്ടിടത്തെ സംബന്ധിച്ച് സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകളുടെയും അടിസ്ഥാനത്തിൽ സെക്രട്ടറി കെട്ടിടത്തിന്റെ വാർഷിക വസ്തു നികുതി തിട്ടപ്പെടുത്തി, കെട്ടിട ഉടമയ്ക്ക് അഞ്ച് വർഷത്തേക്ക് ബാധകമായ ഡിമാന്റ് നോട്ടീസ് നൽകി കെട്ടിടത്തിന് വസ്തു നികുതി ചുമത്തേണ്ടതാണ്.

S2[(14) xxxx]

(15) ഒരു കെട്ടിടത്തിന് നിർണ്ണയിക്കപ്പെട്ട വാർഷിക വസ്തു നികുതി രണ്ട് അർദ്ധവാർഷിക ഗഡുക്കളായി ഒടുക്കേണ്ടതാണ്. ഏതൊരു അർദ്ധവർഷത്തേക്കുമുള്ള ഗഡു അർദ്ധവർഷത്തിന്റെ അവസാന ദിവസമോ അതിന് മുമ്പോ നൽകേണ്ടതും ആ തീയതിക്കകം നികുതി നൽകാതിരുന്നാൽ 209 ഇ വകുപ്പ് പ്രകാരമുള്ള പിഴ തൊട്ടടുത്ത ദിവസം മുതൽ ബാധകമായിരിക്കുന്നതുമാണ്:

എന്നാൽ, വാർഷിക വസ്തു നികുതി ആദ്യ അർദ്ധവർഷം തന്നെ ഒറ്റത്തവണയായി നൽകുന്നതിന് തടസ്സമുണ്ടായിരിക്കുന്നതല്ല.

(16) (2)-ഉം (3)-ഉം ഉപവകുപ്പുകൾ പ്രകാരം ഒരു കെട്ടിടത്തിന് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്കിന് കെട്ടിടത്തിന്റെ ഉപയോഗക്രമത്തിന് അനുസരിച്ച് മാറ്റമുണ്ടാകുകയാണെങ്കിൽ അതും, (6)-ആം ഉപവകുപ്പിൽ പറയുന്ന കെട്ടിടത്തിന്റെ തറവിസ്തീർണ്ണത്തിൽ എന്തെങ്കിലും വ്യതിയാനം ഉണ്ടാവുകയാണെങ്കിൽ അതും, (7)-ആം ഉപവകുപ്പിൽ പറയുന്ന ഏതെങ്കിലും ഘടകത്തിൽ അല്ലെങ്കിൽ ഏതെങ്കിലും ഘടകത്തിന്റെ തരത്തിൽ എന്തെങ്കിലും വ്യതിയാനം ഉണ്ടാവുകയാണെങ്കിൽ അതും അതിനനുസൃതമായ ഇളവുകളും വർദ്ധനവുകളും കണക്കിലെടുത്ത് കെട്ടിടത്തിന്റെ വാർഷിക വസ്തു നികുതി സെക്രട്ടറി പുതുക്കി നിശ്ചയിക്കേണ്ടതാണ്. ഉപയോഗക്രമത്തിലും മറ്റും ഉണ്ടാകുന്ന വ്യതിയാനങ്ങൾ കെട്ടിട ഉടമ മുപ്പത് ദിവസത്തിനകം രേഖാമൂലം സെക്രട്ടറിയെ അറിയിക്കേണ്ടതും (10)-ആം ഉപവകുപ്പ് പ്രകാരമുള്ള പുതുക്കിയ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുമാണ്.

(17) കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം സംബന്ധിച്ച് സർക്കാരിന് കൊടുക്കേണ്ടതായ ഭൂനികുതി വല്ലതുമുണ്ടെങ്കിൽ അത് ആദ്യം ഈടാക്കുന്നതിന് വിധേയമായി വസ്തു നികുതി 208-ആം വകുപ്പ് പ്രകാരം വസ്തു നികുതിയിൻമേൽ സർച്ചാർജ്ജ് ചുമത്തിയിട്ടുണ്ടെങ്കിൽ അതും കെട്ടിടത്തിൻമേലും ഭൂമിയിൻമേലും അവയുടെ ഉള്ളിലോ മുകളിലോ കാണുന്നതും ആ നികുതിക്ക് ബാദ്ധ്യസ്ഥരായ ആളുകളുടെ വകയായതും ആയ ജംഗമ വസ്തു ഏതെങ്കിലുമുണ്ടെങ്കിൽ അതിന്മേലും ഉള്ള ആദ്യബാദ്ധ്യത ആയിരിക്കുന്നതാണ്.

(18) സർക്കാരിന്, ഏതവസരത്തിലും ഒരു കെട്ടിടത്തിന്റെ കാര്യത്തിൽ സെക്രട്ടറി നടത്തിയ വസ്തു നികുതി നിർണ്ണയത്തിന്റെ കൃത്യത പരിശോധിക്കാവുന്നതും ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് ഉചിതമായ നിർദ്ദേശം നൽകാവുന്നതും അത് പാലിക്കുവാൻ സെക്രട്ടറി ബാദ്ധ്യസ്ഥനായിരി ക്കുന്നതുമാണ്.

(19) സർക്കാരിന് ഗസറ്റ് വിജ്ഞാപനം മുഖേന, താഴെപ്പറയുന്നവ സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.

(i) സർക്കാർ നിശ്ചയിക്കുന്ന പരിധികൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തിൽ ബാധകമാക്കേണ്ട അടിസ്ഥാന വസ്തു നികുതി നിരക്കുകൾ നിശ്ചയിക്കുന്നതിനും അവ പ്രസിദ്ധപ്പെടുത്തുന്നതിനും ഗ്രാമപഞ്ചായത്ത് സ്വീകരിക്കേണ്ട നടപടിക്രമം;

S2[(ii) വാർഷിക വസ്തു നികുതിയുടെ വർദ്ധനവിന്റെ ഏറ്റവും കുറഞ്ഞ പരിധിയും ഏറ്റവും കൂടിയ പരിധിയും നിശ്ചയിക്കൽ;]

(iii) ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വിവിധ മേഖലകളായി തരം തിരിച്ച് വിജ്ഞാപനം പ്രസിദ്ധീകരിക്കൽ; 

(iv) അടിസ്ഥാന നികുതിയിൻമേൽ ഇളവുകളും വർദ്ധനവുകളും വരുത്തുന്നതിന് ബാധകമാക്കേണ്ട ഘടകങ്ങളുടെ തരംതിരിവും അതിന്റെ മാനദണ്ഡങ്ങളും ഓരോ തരത്തിനും ബാധകമായ ഇളവിന്റെ അഥവാ വർദ്ധനവിന്റെ തോതും;

(v) വസ്തു നികുതി നിർണ്ണയത്തിന് സഹായകമായ വിവരങ്ങളടങ്ങിയ റിട്ടേൺ നികുതി ദായകൻ സെക്രട്ടറിക്ക് സമർപ്പിക്കുന്നതിനുള്ള നടപടിക്രമവും റിട്ടേണിന്റെ ഫാറവും;

S2[(vi) xxxx]

(vii) വസ്തു നികുതി നിർണ്ണയം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പേരിൽ സ്വീകരിക്കേണ്ട നടപടികൾ;

(viii) ഓരോ കെട്ടിടത്തിന്റെയും അടിസ്ഥാന വസ്തുനികുതിയും, വാർഷിക വസ്തുനികുതിയും തിട്ടപ്പെടുത്തുന്നതിനുള്ള നടപടിക്രമം;

(ix) വസ്തു നികുതിയിൽ നിന്ന് ഒഴിവും മറ്റ് ഇളവുകളും നൽകൽ;

(x) ഏതെങ്കിലും ഒരു അർദ്ധവർഷത്തിൽ, ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഉൾപ്പെടുത്തിയതോ അതിൽ നിന്ന് ഒഴിവാക്കിയതോ ആയ പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങൾക്ക്, അല്ലെങ്കിൽ, ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പുതുക്കിപ്പണിയിച്ചിട്ടുള്ളതോ, പൊളിച്ചുമാറ്റിയിട്ടുള്ളതോ, ഒഴിവായി കിടക്കുന്നതോ ആയ കെട്ടിടങ്ങൾക്ക്, ഏത് പരിതസ്ഥിതികളിലും, ഏത് നിബന്ധനകൾക്ക് വിധേയമായും, വസ്തു നികുതി മുഴുവനുമോ അതിന്റെ ഏതെങ്കിലും ഭാഗമോ കൊടുക്കുവാൻ ബാദ്ധ്യസ്ഥമാണോ അല്ലെങ്കിൽ ആ ബാദ്ധ്യതയിൽ നിന്ന് വിമോചിതമാണോ, ആ പരിതസ്ഥിതികളും നിബന്ധനകളും;      

(xi) വസ്തു നികുതി നിർണ്ണയ രജിസ്റ്ററിൽ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച മാറ്റം രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമം;

(xii) വസ്തു നികുതി നിർണ്ണയവും ഈടാക്കലും സംബന്ധിച്ച് ആനുഷംഗികമായ മറ്റ സംഗതികൾ.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.  

Q. 2009ലെ31-ആംആക്റ്റ് പ്രകാരംവീണ്ടും ഭേദഗതി ചെയ്യപ്പെട്ടു.07.10.2009മുതൽ പ്രാബല്യത്തില്‍ വന്നു.

AF1. 2023-ലെ 18-ആം ആക്റ്റ് പ്രകാരം (ബി) ഖണ്ഡത്തിനു പകരം ചേർക്കപ്പെട്ടു. 01.04.2023 മുതൽ പ്രാബല്യത്തില്‍ വന്നു. അതിനു മുമ്പ് ഇങ്ങനെ,
“(ബി) മുകളിൽ (i) മുതൽ (vii) വരെയുള്ള ഓരോ ഇനം കെട്ടിടത്തിന്റെയും ഉപവിഭാഗങ്ങളും അവയ്ക്ക് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്കുകളുടെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പരിധികളും വിജ്ഞാപനം മൂലം സർക്കാരിന് നിശ്ചയിക്കാവുന്നതാണ്.”

AF2. 2023-ലെ 18-ആം ആക്റ്റ് പ്രകാരം (സി), (ഡി), (ഇ) ഖണ്ഡങ്ങൾ കൂട്ടിചേർക്കപ്പെട്ടു. 01.04.2023 മുതൽ പ്രാബല്യത്തില്‍ വന്നു.

AF. (4)-ആം ഉപവകുപ്പ് 2013-ലെ 13-ആം ആക്റ്റ് പ്രകാരം 25.11.2012 മുതൽ പ്രാബല്യത്തില്‍ ഭേദഗതി ചെയ്യപ്പെട്ടു. 2023-ലെ 18-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്തു പകരം ചേർക്കപ്പെട്ടു. 01.04.2023 മുതൽ പ്രാബല്യത്തില്‍ വന്നു. അതിനു മുമ്പ് ഇങ്ങനെ,
“(4) (2)-ആം ഉപവകുപ്പ് പ്രകാരം സർക്കാർ നിശ്ചയിക്കുന്ന അടിസ്ഥാന വസ്തു നികുതി നിരക്കുകളുടെ പരിധികൾക്കും, അവയ്ക്ക് വിധേയമായി (3)-ആം ഉപവകുപ്പുപ്രകാരം ഗ്രാമപഞ്ചായത്ത് ഒരിക്കൽ നിശ്ചയിക്കുന്ന അടിസ്ഥാന വസ്തുനികുതി നിരക്കുകൾക്കും, അവ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ അഞ്ചുവർഷക്കാലയളവിലേക്ക് പ്രാബല്യമുണ്ടായിരിക്കുന്നതും, തുടർന്ന് ഓരോ അഞ്ചുവർഷക്കാലയളവും പൂർത്തിയാകുന്ന മുറയ്ക്ക് അടുത്ത അഞ്ചുവർഷക്കാലയളവിലേക്ക് പ്രാബല്യത്തിൽ വരത്തക്കവിധം അടിസ്ഥാന വസ്തുനികുതി നിരക്കുകൾ യഥാക്രമം സർക്കാരും ഗ്രാമപഞ്ചായത്തും നിലവിലുള്ള പരിധികളുടെയും നിരക്കുകളുടെയും മേൽ ഓരോ വർഷവും അഞ്ചു ശതമാനം എന്ന നിരക്കിൽ വർദ്ധനവ് വരുത്തി അപ്രകാരം അഞ്ച് വർഷക്കാലയളവ് പൂർത്തിയാകുമ്പോൾ ഇരുപത്തിയഞ്ച് ശതമാനം വർദ്ധനവ് വരുന്ന വിധത്തിൽ പുതുക്കി നിശ്ചയിക്കേണ്ടതാണ്. മേൽ പ്രസ്താവിച്ച പ്രകാരം നിരക്ക് പുതുക്കി നിശ്ചയിക്കുന്നതനുസരിച്ച നികുതി നിർണ്ണയം നടത്തുമ്പോൾ,-
(എ) പുതിയതും, പുതുക്കിപ്പണിതതും, ഉപയോഗ്രക്രമത്തിൽ മാറ്റം വരുത്തിയതുമായ കെട്ടിടങ്ങളുടെ കാര്യത്തിൽ സെക്രട്ടറി, നിർണ്ണയിക്കപ്പെട്ട പ്രകാരം നികുതി നിശ്ചയിക്കേണ്ടതും തുടർ നടപടി സ്വീകരിക്കേണ്ടതുമാണ്;
(ബി) ഖണ്ഡം (എ)-യിൽ പറഞ്ഞ വിഭാഗത്തിൽപ്പെടാത്തതും, തറ വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഒരിക്കൽ വാർഷിക വസ്തുനികുതി നിശ്ചയിച്ചതുമായ കെട്ടിടത്തിന്റെ കാര്യത്തിൽ, തുടർന്നുവരുന്ന അഞ്ചു വർഷക്കാലയളവിലേക്കുള്ള വാർഷിക വസ്തുനികുതി പുതുക്കി നിശ്ചയി ക്കലിനായി നിലവിലുള്ള വാർഷിക വസ്തുനികുതിയോടൊപ്പം ഇരുപത്തിയഞ്ച് ശതമാനം വർദ്ധനവ് വരുത്തി ഗ്രാമപഞ്ചായത്ത് നികുതി പുതുക്കി നിശ്ചയിക്കേണ്ടതും അതനുസരിച്ച അടുത്ത അഞ്ച് വർഷത്തേക്കുള്ള ഡിമാന്റ് നോട്ടീസ് സെക്രട്ടറി കെട്ടിട ഉടമയ്ക്ക് നൽകേണ്ടതുമാകുന്നു.
എന്നാൽ, ഇപ്രകാരമുള്ള വാർഷികവസ്തുനികുതി പുതുക്കിനിശ്ചയിക്കുമ്പോൾ (7)-ആംഉപവകുപ്പ് പ്രകാരമുള്ള ഇളവുകളോ വർദ്ധനവുകളോ ബാധകമായിരിക്കുന്നതല്ല.”

AF. (6)-ആം ഉപവകുപ്പ് 2023-ലെ 18-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്തു പകരം ചേർക്കപ്പെട്ടു. 01.04.2023 തീയതി പ്രാബല്യത്തില്‍ വന്നു. അതിനു മുമ്പ് ഇങ്ങനെ, 
“(6) ഒരു കെട്ടിടത്തിന്റെ തറ വിസ്തീർണ്ണത്തെ പ്രസ്തുത കെട്ടിടത്തിന് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്ക് കൊണ്ട് ഗുണിച്ച് കിട്ടുന്ന തുക, അതിന്റെ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയിലേക്ക് ക്രമീകരിച്ച പ്രകാരം ആ കെട്ടിടത്തിന്റെ അടിസ്ഥാന വസ്തു നികുതിയായിരിക്കുന്നതാണ്.

S2. 2013-ലെ 13-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്യപ്പെട്ടു. 25.11.2012 മുതൽ പ്രാബല്യത്തില്‍ വന്നു.