Skip to main content
[vorkady.com]

E1[276. അപ്പിലും റിവിഷനും

(1) 235 ഐ, 235 ജെ, 235 എൻ, 235 ഡബ്ലിയു. 235 എക്സ് എന്നീ വകുപ്പുകളൊഴികെയുള്ള ഈ ആക്റ്റിൻ കീഴിലേയോ, അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലേയോ ബൈലാകളിലേയോ റഗുലേഷനുകളിലേയോ വ്യവസ്ഥകളനുസരിച്ച് നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ച് പ്രസിഡന്റോ, സെക്രട്ടറിയോ നൽകിയ നോട്ടീസിനോ പാസ്സാക്കിയ ഉത്തരവിനോ എടുത്ത നടപടിക്കോ എതിരെ പഞ്ചായത്തിൽ അപ്പീൽ നൽകാവുന്നതാണ്.

എന്നാൽ, നികുതി സംബന്ധിച്ച കാര്യങ്ങളെപ്പറ്റിയുള്ള അപ്പീൽ ഗ്രാമപഞ്ചായത്തിലെ ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റിയിൽ ഫയൽ ചെയ്യേണ്ടതാണ്.

(2) (1)-ആം ഉപവകുപ്പിൻ കീഴിൽ ഫയൽ ചെയ്ത ഒരു അപ്പീൽ തീരുമാനമാകാതെ നിലനിൽക്കുമ്പോൾ പ്രസിഡന്റിന് അപേക്ഷ നൽകുകയാണെങ്കിൽ ഉത്തരവുമൂലം അപ്പീലിനാധാരമായ നോട്ടീസിന്റെയോ ഉത്തരവിന്റെയോ മറ്റ് നടപടികളുടെയോ പ്രവർത്തനം നിർത്തി വയ്ക്കാവുന്നതാണ്. ഉത്തരവ് പാസ്സാക്കിയ ഓരോ കേസും പ്രസിഡന്റ്, അപ്രകാരം ഉത്തരവ് പാസ്സാക്കാനുണ്ടായ കാരണങ്ങൾ സഹിതം പഞ്ചായത്തിന്റെ അടുത്ത സാധാരണ യോഗത്തിൽ പഞ്ചായത്തിന് റിപ്പോർട്ട് നൽകേണ്ടതും പഞ്ചായത്ത്, ആ ഉത്തരവ് ഭേദഗതിയോടുകൂടിയോ അല്ലാതെയോ സ്ഥിരപ്പെടുത്തു കയോ, പിൻവലിക്കുകയോ ചെയ്യേണ്ടതും അല്ലാത്തപക്ഷം അത് റദ്ദായിപോകുന്നതാണ്. 

(3) (1)-ആം ഉപവകുപ്പ് പ്രകാരം ഫയൽചെയ്ത ഒരു അപ്പീൽ, അത് ലഭിച്ചശേഷം അറുപത് ദിവസത്തിനകം, പഞ്ചായത്തോ അല്ലെങ്കിൽ സ്റ്റാന്റിംഗ് കമ്മിറ്റിയോ അതിന് യുക്തമെന്ന് തോന്നുന്ന രീതിയിൽ തീർപ്പാക്കേണ്ടതാണ്.

(4)235 ഐ, 235 ജെ, 235 എൻ, 235 ഡബ്ലിയു. 235 എക്സ് എന്നീ വകുപ്പുകൾ പ്രകാരമുള്ള സെക്രട്ടറിയുടെ ഒരു നോട്ടീസിൻമേലോ ഉത്തരവിൻമേലോ നടപടിയിൻമേലോ ഉള്ള ഒരു അപ്പീൽ 271 എസ് വകുപ്പു പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി രൂപീകരിച്ച ട്രൈബ്യൂണലിൽ നൽകേണ്ടതും അതിന്, അപ്പീൽ നിലനിൽക്കുമ്പോൾ, അപേക്ഷയിൻമേൽ, ഒരുത്തരവുമൂലം പ്രസ്തുത നോട്ടീസിന്റെയോ ഉത്തരവിന്റെയോ നടപടിയുടെയോ പ്രവർത്തനം നിർത്തിവയ്ക്കാവുന്നതുമാണ്.

(5) പഞ്ചായത്ത് നൽകിയ ഏതെങ്കിലും നോട്ടീസിൻമേലോ പാസ്സാക്കിയ ഏതെങ്കിലും ഉത്തരവിൻമേലോ എടുത്ത ഏതെങ്കിലും നടപടിയിൻമേലോ ഉള്ള ഒരു അപ്പീലോ, ഏതെങ്കിലും അപ്പീലിൻമേൽ പഞ്ചായത്തോ സ്റ്റാന്റിംഗ് കമ്മിറ്റിയോ എടുത്ത ഒരു തീരുമാനത്തിൻമേലുള്ള ഒരു റിവിഷനോ 271 എസ് വകുപ്പുപ്രകാരം രൂപീകരിച്ച ട്രൈബ്യണലിന് നൽകേണ്ടതും, എന്നാൽ 
അപ്രകാരമുള്ള അപ്പീലോ റിവിഷനോ താഴെ പറയുന്ന വിഷയങ്ങളെ സംബന്ധിച്ചും ഇതിലേക്കായി നിർണ്ണ യിക്കപ്പെട്ടേക്കാവുന്ന മറ്റ് വിഷയങ്ങളെ സംബന്ധിച്ചും മാത്രമായിരിക്കുന്നതാണ്, അതായത്.-

(എ) നികുതിയോ, ഫീസോ, സെസ്സോ തിട്ടപ്പെടുത്തലും ആവശ്യപ്പെടലും പിരിക്കലും;

(ബി) വ്യാപാരത്തിനും, ഫാക്ടറികൾക്കും, മാർക്കറ്റുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും അനുവാദം നൽകലും ലൈസൻസ് നൽകലും,

(6) ഒരു അപ്പീലോ, റിവിഷനോ, നോട്ടീസിന്റെയോ ഉത്തരവിന്റെയോ, നടപടി എടുത്തതിന്റെയോ തീയതി മുതൽ മുപ്പത് ദിവസത്തിനുള്ളിൽ നൽകേണ്ടതും അപ്രകാരമുള്ള അപ്പീലോ റിവിഷനോ, അതതുസംഗതിപോലെ അത് ലഭിച്ചശേഷം അറുപത് ദിവസത്തിനകം തീർപ്പാക്കേണ്ടതുമാണ്.

(7) ഡിമാന്റ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ള നികുതി നൽകാത്തപക്ഷം നികുതി ചുമത്തിയതിനെതിരെ അപ്പീലോ, റിവിഷനോ നൽകാവുന്നതല്ല,

(8) ഈ വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ട്രൈബ്യൂണൽ നിലവിൽ വരുന്ന തീയതിക്ക് മുമ്പ് ഏതെങ്കിലും അധികാരസ്ഥാനത്തിന്റെ മുമ്പാകെ ഫയൽ ചെയ്തിട്ടുള്ളതും തീർപ്പാക്കാതെ നിൽക്കുന്നതുമായ എല്ലാ അപ്പീലുകളും റിവിഷനുകളും അങ്ങനെയുള്ള അധികാരസ്ഥാനം ട്രൈബ്യൂണലിന് കൈമാറേണ്ടതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.