Skip to main content
[vorkady.com]

239. പഞ്ചായത്തിന് തങ്ങളുടെ ചുമതലകൾ നിറവേറ്റുന്നതിനുള്ള അധികാരം

(1) ഒരു പഞ്ചായത്ത്, ഈ ആക്റ്റോ മറ്റേതെങ്കിലും നിയമമോ പ്രകാരമോ അവയ്ക്കുകീഴിലോ അതിന് ഭരമേല്‍പ്പിച്ചു കൊടുത്തിട്ടുള്ള എല്ലാ അധികാരങ്ങളും വിനിയോഗിക്കുകയും എല്ലാ ചുമതലകളും നിർവ്വഹിക്കുകയും ചെയ്യേണ്ടതും ഈ ആക്റ്റിലെ വ്യവസ്ഥകൾ നിറവേറ്റുന്നതിന് സർക്കാർ അതിൽ നിക്ഷിപ്തമാക്കുന്നതോ അതിനെ ഭരമേല്‍പ്പിക്കുന്നതോ ആയ അങ്ങനെയുള്ള മറ്റു അധികാരങ്ങളും വിനിയോഗിക്കേണ്ടതും അങ്ങനെയുള്ള മറ്റു ചുമതലകളും നിർവ്വഹിക്കേണ്ടതുമാകുന്നു.

(2) അതിനെ ഭരമേല്‍പ്പിച്ചതോ അതിന് ഏല്‍പ്പിച്ചുകൊടുത്തതോ ആയ ചുമതലകൾ നിറവേറ്റുന്നതിന് ആവശ്യമുള്ളതോ അതിന് ആനുഷംഗികമായതോ ആയ എല്ലാ പ്രവർത്തികളും ചെയ്യാനുള്ള അധികാരം ഒരു പഞ്ചായത്തിനുണ്ടായിരിക്കുന്നതാണ്.

(3) മേൽപ്പറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്ക് ഭംഗം വരാതെ ഒരു ഗ്രാമപഞ്ചായത്തിന്, ഏതെങ്കിലും ഭൂമിയോ കെട്ടിടമോ,-

(എ) (i) അതിന്റെ അനാരോഗ്യകരമായ സ്ഥിതിമൂലമോ;

(ii) അതിൽ അഴുക്കുചാലോ, മാലിന്യമോ, കെട്ടിക്കിടക്കുന്ന ജലമോ ശേഖരിക്കപ്പെടുന്നതു മൂലമോ;

(iii) കാട്ടു ചെടികളോ, ഹാനികരമായ വൃക്ഷ സസ്യാദികളോ സ്ഥിതിചെയ്യുന്നതു മൂലമോ,

(iv) വിഷകരമായ ഇഴജന്തുക്കളോ മറ്റ് ഉപദ്രവകാരികളായ മൃഗങ്ങളോ, പ്രാണികളോ ഉള്ളതുമൂലമോ: അത് അയൽപക്കത്തിന് ഉപദ്രവകരമായിട്ടുള്ളതാണെങ്കിൽ അതിന്റെ ഉടമസ്ഥനോടോ കൈവശക്കാരനോടോ നോട്ടീസുമൂലം,

(ബി) അങ്ങനെയുള്ള നോട്ടീസിൽ പറഞ്ഞിട്ടുള്ള ന്യായമായ ഒരു കാലയളവിനുള്ളിൽ ആ ഉപദ്രവം ഇല്ലാതാക്കുന്നതിനാവശ്യമെന്നു തോന്നുന്ന അങ്ങനെയുള്ള നടപടി സ്വീകരിക്കുന്നതിന് ആവശ്യപ്പെടുകയും;

(സി) പൊതുജനാരോഗ്യത്തിനു ഹാനികരമെന്നു വിശ്വസിക്കപ്പെടുന്ന A2[ഏതെങ്കിലും അരുവിയിലേയോ, കിണറിലേയോ, കുളത്തിലേയോ മറ്റേതെങ്കിലും കുഴിയിലോ] ജലം ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനും;

(ഡി) കുടിവെള്ളത്തിനുവേണ്ടി നീക്കിവച്ചിട്ടുള്ള അരുവിയിലോ, കിണറിലോ, കുളത്തിലോ അഥവാ മറ്റു കുഴിയിലോ മറ്റേതെങ്കിലും ജലാശയത്തിലോ നിന്ന് കന്നുകാലികളെ കുടിപ്പിക്കുകയോ കുളിപ്പിക്കുകയോ, കഴുകുകയോ ചെയ്യുന്നതു നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിനും; അധികാരമുണ്ടായിരിക്കുന്നതാണ്.


A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995മുതൽ പ്രാബല്യത്തില്‍ വന്നു.