Skip to main content
[vorkady.com]

190. പഞ്ചായത്ത് പ്രസിഡന്റോ സെക്രട്ടറിയോ വരുത്തുന്ന വീഴ്ചയിൻമേൽ നടപടി എടുക്കുന്നതിനുള്ള അധികാരം

(1) ഈ ആക്റ്റുമൂലമോ അതിൻ കീഴിലോ ചുമത്തിയ ഏതെങ്കിലും കർത്തവ്യം നിറവേറ്റുന്നതിലോ അഥവാ സർക്കാർ നിയമാനുസൃതമായി പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവുകൾ നടപ്പിലാക്കുന്നതിലോ, ഒരു പഞ്ചായത്തോ അതിന്റെ പ്രസിഡന്റോ അഥവാ അതിന്റെ സെക്രട്ടറിയോ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് സർക്കാരിന് എപ്പോഴെങ്കിലും തോന്നുകയാണെങ്കിൽ അവർക്ക് രേഖാമൂലമായ ഉത്തരവുമൂലം, അങ്ങനെയുള്ള കർത്തവ്യം നിർവ്വഹിക്കുന്നതിനോ അഥവാ അങ്ങനെയുള്ള ഉത്തരവ് നടപ്പാക്കുന്നതിനോ ഉള്ള സമയം നിശ്ചയിക്കാവുന്നതാകുന്നു.

(2) (1)-ആം ഉപവകുപ്പു പ്രകാരം നിശ്ചയിച്ച സമയത്തിനകം അപ്രകാരമുള്ള കർത്തവ്യം നിറവേറ്റുകയോ അഥവാ അപ്രകാരമുള്ള ഉത്തരവ് നടപ്പാക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, സർക്കാരിന് എന്തുകൊണ്ട് ഈ വകുപ്പ് പ്രകാരം തുടർന്നുള്ള നടപടികൾ എടുക്കാൻ പാടില്ല എന്ന് വിശദീകരി ക്കുന്നതിന് ന്യായമായ ഒരവസരം, അതതു സംഗതിപോലെ, പഞ്ചായത്തിനോ അതിന്റെ പ്രസി ഡന്റിനോ അഥവാ അതിന്റെ സെക്രട്ടറിക്കോ നൽകിയതിനുശേഷം, ആ കർത്തവ്യം നിർവ്വഹിക്കുന്നതിനോ അഥവാ ആ ചുമതലകൾ നിർവ്വഹിക്കുന്നതിനോ ഏതെങ്കിലും ഉദ്യോഗസ്ഥനെയോ അധികാരിയേയോ നിയമിക്കാവുന്നതും അതു നിർവ്വഹിക്കുന്നതിനുള്ള ചെലവുകൾ സർക്കാർ പ്രത്യേകം പറയുന്ന സമയത്തിനകം പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും നൽകുന്നതിന് നിർദ്ദേശിക്കാവുന്നതുമാകുന്നു.

(3) (2)-ആം ഉപവകുപ്പുപ്രകാരം പഞ്ചായത്തിന്റെ ഫണ്ടിൽനിന്നുംനൽകാൻ സർക്കാർ നിർദ്ദേശിക്കുന്ന ചെലവുകൾ ആ ഉപവകുപ്പിൽ, വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം നൽകുന്നില്ലെങ്കിൽ സർക്കാരിന് അധികൃത വായ്പയുടെ ആവശ്യത്തിനുള്ള ചെലവുകൾ ഒഴികെ, ആ ഫണ്ടിൽ നിന്നുള്ള മറ്റേതെങ്കിലും ചെലവുകളേക്കാൾ മുൻഗണന നൽകിക്കൊണ്ട് ആ തുക നൽകുന്നതിന് മേൽപ്പറഞ്ഞ ഫണ്ട് കൈവശം വച്ചിരിക്കുന്ന ആളോട് നിർദ്ദേശിക്കുന്ന ഒരു ഉത്തരവ് പുറപ്പെടുവിക്കാവുന്നതാകുന്നു.

(4) (3)-ആം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള ആൾ, പഞ്ചായത്തിന്റെ വരവിലുള്ള ഫണ്ടുകൾ അനുവദിക്കുന്നിടത്തോളം ആ ഉപവകുപ്പ് പ്രകാരം സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അനുസരിക്കാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.