Skip to main content
[vorkady.com]

E1[191. പ്രമേയങ്ങൾ മുതലായവ നിറുത്തിവയ്ക്കാനും റദ്ദാക്കാനുമുള്ള അധികാരം

(1) സർക്കാരിന്, സ്വമേധയായോ, പ്രസിഡന്റോ സെക്രട്ടറിയോ ഒരംഗമോ റഫർ ചെയ്യുകയാണെങ്കിലോ, അല്ലെങ്കിൽ ഒരു പൗരനിൽനിന്നും ലഭിച്ച ഒരു ഹർജിയിൻമേലോ, പഞ്ചായത്ത് പാസ്സാക്കിയ ഒരു പ്രമേയമോ എടുത്ത തീരുമാനമോ,-

(എ) നിയമാനുസൃതം പാസ്സാക്കിയതല്ലെന്നോ എടുത്തതല്ലെന്നോ;

(ബി) ഈ ആക്ട് പ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ നൽകപ്പെട്ട അധികാരങ്ങൾക്ക് അതീതമാണെന്നോ അവയുടെ ദുർവിനിയോഗമാണെന്നോ;

(സി) മനുഷ്യജീവനോ ആരോഗ്യത്തിനോ സുരക്ഷയ്ക്കക്കോ സാമുദായിക ഐക്യത്തിനോ പൊതു സമാധാനത്തിനോ അപകടം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നോ, ലഹളയിലേക്കോ കലഹത്തിലേക്കോ നയിക്കുമെന്നോ;

(ഡി) പ്ലാനുകളോ പദ്ധതികളോ പരിപാടികളോ നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങളോ ഗ്രാന്റിന്റെ വ്യവസ്ഥകളോ ലംഘിച്ചുവെന്നോ-

അതിനു തോന്നുന്ന പക്ഷം, അപ്രകാരമുള്ള പ്രമേയമോ തീരുമാനമോ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യാവുന്നതാണ്.

(2) (1)-ആം ഉപവകുപ്പുപ്രകാരം ഒരു പ്രമേയമോ തീരുമാനമോ റദ്ദാക്കുന്നതിനോഭേദഗതി ചെയ്യുന്നതിനോ മുമ്പായി, സർക്കാർ ആ സംഗതി 271ജി വകുപ്പുപ്രകാരം രൂപീകരിച്ച ഓംബുഡ്സ്മാന്റെയോ അല്ലെങ്കിൽ 271-എസ് വകുപ്പുപ്രകാരം രൂപീകരിച്ച ട്രൈബ്യൂണലിന്റെയോ പരിഗണനക്കായി അയച്ചു കൊടുക്കേണ്ടതും അതതുസംഗതിപോലെ, ഓംബുഡ്സ്മാൻ അഥവാ ട്രൈബ്യൂണൽ, പഞ്ചായത്തിന് പറയാനുള്ളത് പറയാൻ ഒരു അവസരം നൽകിയശേഷം അതിന്റെ നിഗമനങ്ങളോടുകൂടിയ ഒരു റിപ്പോർട്ട് സർക്കാരിന് നൽകേണ്ടതും അതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് ആ പ്രമേയമോ തീരുമാനമോ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ശരിവയ്ക്കുകയോ ചെയ്യാവുന്നതുമാണ്.

(3) 276-ആം വകുപ്പുപ്രകാരം ട്രൈബ്യൂണൽ മുഖാന്തിരം ഹർജിക്കാരന് പകരമൊരു പരിഹാരം ലഭ്യമാണെങ്കിൽ, സർക്കാർ, പഞ്ചായത്തിന്റെ ഏതെങ്കിലും പ്രമേയമോ, തീരുമാനമോ റദ്ദാക്കുവാനോ ഭേദഗതി ചെയ്യുവാനോ ഉള്ള യാതൊരു ഹർജിയും പരിഗണിക്കുവാൻ പാടുള്ളതല്ല.

(4) പഞ്ചായത്തിന്റെ ഒരു പ്രമേയമോ തീരുമാനമോ (1)-ആം ഉപവകുപ്പുപ്രകാരം റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യേണ്ടതാണെന്ന് സർക്കാർ കരുതുന്നപക്ഷം അതിന് അപ്രകാരമുള്ള പ്രമേയമോ, തീരുമാനമോ നടപ്പാക്കുന്നത് തൽക്കാലത്തേക്ക് നിറുത്തി വയ്ക്കാവുന്നതും (2)-ആം ഉപവകുപ്പുപ്രകാരമുള്ള നടപടിക്രമം പൂർത്തിയാക്കി അവസാന തീർപ്പാകുന്നതുവരെ അത് നടപ്പാക്കുന്നത് മാറ്റി വയ്ക്കുവാൻ പഞ്ചായത്തിനോട് നിർദ്ദേശിക്കാവുന്നതുമാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.