Skip to main content
[vorkady.com]

212. പഞ്ചായത്ത് ഫണ്ട്

(1) ഈ വകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി ഓരോ പഞ്ചായത്തും ഒരു ഫണ്ട് രൂപീകരിക്കേണ്ടതാണ്.

(2) (എ) E1[ബ്ലോക്ക് പഞ്ചായത്തിനോ ജില്ലാ പഞ്ചായത്തിനോ സർക്കാരിനോ വേണ്ടി സ്വീകരിക്കുന്ന പണം ഒഴികെ] ഗ്രാമപഞ്ചായത്ത് സ്വീകരിക്കുന്ന എല്ലാ പണവും ചേർത്ത് 'ഗ്രാമപഞ്ചായത്ത് ഫണ്ട്’ എന്ന പേരിൽ ഒരു ഫണ്ട് രൂപീകരിക്കേണ്ടതും അത് ഈ ആക്ടിലെയും അതിൻകീഴിലുണ്ടാക്കുന്ന ചട്ടങ്ങളുടെയും വ്യവസ്ഥകൾക്കനുസൃതമായി വിനിയോഗിക്കുകയും ചെലവാക്കുകയും ചെയ്യേണ്ടതുമാകുന്നു;

എന്നാൽ ഈ ആക്റ്റ് പ്രകാരം ചുമത്തിയ ഏതെങ്കിലും നികുതിയിൽ നിന്നോ സർച്ചാർജ്ജിൽ നിന്നോ കിട്ടുന്ന സംഖ്യ ഏതെങ്കിലും പ്രത്യേക പൊതു നൻമയ്ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിലേക്ക് നീക്കിവയ്ക്കണമെന്ന് നിർദ്ദേശിക്കുവാൻ, നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്. അപ്രകാരമുള്ള ഓരോ നികുതിയിലും അല്ലെങ്കിൽ അധികനികുതിയിലും നിന്നുള്ള വരുമാനവും അതിൽനിന്നുള്ള ചെലവും കാണിക്കുന്ന ഒരു പ്രത്യേക അക്കൗണ്ട് സൂക്ഷിക്കേണ്ടതാകുന്നു.

E1[(ബി) ഗ്രാമപഞ്ചായത്ത് ഫണ്ട് താഴെ പറയുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ്, അതായത്:-

(i) ഈ ആക്ട് പ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ ചുമത്തപ്പെട്ട നികുതികൾ, ഡ്യൂട്ടികൾ, കരങ്ങൾ, സർച്ചാർജ് എന്നിവയും വസ്തുവകകളിൽനിന്നും സംരംഭങ്ങളിൽനിന്നും ലഭിക്കുന്ന പാട്ടം, വാടക, മറ്റ് വരവുകൾ എന്നിവയും ലൈസൻസുകൾക്കും അനുവാദങ്ങൾക്കും വേണ്ടിയുള്ള ഫീസും പിഴകളും, ഗ്രാമപഞ്ചായത്തിന്റെ ഭരണത്തിലുള്ള ദാനസ്വത്തുക്കളിലും ട്രസ്സുകളിലും നിന്നുള്ള ആദായവും ആരും അവകാശപ്പെടാതെയുള്ള നിക്ഷേപങ്ങളും കണ്ടുകെട്ടിയ മറ്റ് വകകളും പുറംപോക്കുകൾ, മീൻപിടുത്ത സ്ഥലങ്ങൾ തുടങ്ങിയ മറ്റ് മാർഗ്ഗങ്ങളിൽ നിന്നുള്ള ആദായവും ഉൾപ്പെടെയുള്ള ഗ്രാമ പഞ്ചായത്തിന്റെ തനതായ വരുമാനവും കൂടാതെ, സർക്കാർ പിരിച്ചെടുത്ത നികുതികളുടെ വിഹിതമായി ഗ്രാമപഞ്ചായത്തിന്റെ പേരിലേക്ക് മാറ്റിയ തുകകളും സർക്കാർ നൽകിയ ഗ്രാന്റുകളും;

(ii) ഗ്രാമപഞ്ചായത്ത് രൂപം നൽകിയ സ്കീമുകളും പ്രോജക്ടടുകളും പ്ലാനുകളും നടപ്പാക്കുന്നതിനുവേണ്ടി സർക്കാർ നൽകിയ ഗ്രാന്റുകളും;

(iii) ഈ ആക്ട് പ്രകാരം ഗ്രാമപഞ്ചായത്തിനെ ഏൽപ്പിച്ചതോ വിട്ടുകൊടുത്തതോ ചുമതലപ്പെടുത്തിയതോ ആയ സ്കീമുകളോ പ്രോജക്ടടുകളോ പ്ലാനുകളോ നടപ്പാക്കുന്നതിനുവേണ്ടി സർക്കാർ നൽകുന്ന ഗ്രാന്റുകളും;

(iv) പൊതുജനങ്ങളിൽനിന്നും സർക്കാരേതര ഏജൻസികളിൽനിന്നും സംഭാവനയായോ അംശദായമായോ ശേഖരിച്ച പണവും;

(v) 197-ആം വകുപ്പനുസരിച്ച് കടം വാങ്ങിയ തുകയും.]  

(3) സർക്കാരിനോ ജില്ലാ പഞ്ചായത്തിനോ വേണ്ടി സ്വീകരിക്കുന്ന പണം ഒഴികെ ബ്ലോക്ക് പഞ്ചായത്ത് സ്വീകരിക്കുന്ന എല്ലാ പണവും ചേർത്ത് 'ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്’ എന്ന പേരിൽ ഒരു ഫണ്ട് രൂപീകരിക്കേണ്ടതും അത് ഈ ആക്റ്റിലെയും അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി വിനിയോഗിക്കുകയും ചെലവാക്കുകയും ചെയ്യേണ്ടതുമാണ്.

(4) സർക്കാരിനുവേണ്ടി സ്വീകരിക്കുന്ന പണം ഒഴികെ ജില്ലാ പഞ്ചായത്തിനുവേണ്ടി ലഭിക്കുന്ന എല്ലാ പണവും ചേർത്ത് 'ജില്ലാ പഞ്ചായത്ത് ഫണ്ട്' എന്ന പേരിൽ ഒരു ഫണ്ട് രൂപീകരിക്കേണ്ടതും അത് ഈ ആക്റ്റിലെയും അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി വിനിയോഗിക്കുകയും ചെലവാക്കുകയും ചെയ്യേണ്ടതുമാണ്. 

(5) (2) മുതൽ (4) വരെ ഉപവകുപ്പുകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും സർക്കാരിന് ഏതൊരു പഞ്ചായത്തിനോടും സർക്കാർ നിർണ്ണയിക്കാവുന്ന പ്രകാരമുള്ള വരവുകൾ വരവുവച്ചു കൊണ്ട് പ്രത്യേകം ഫണ്ടുകൾ രൂപീകരിക്കുന്നതിന് നിർദ്ദേശം നൽകാവുന്നതും അങ്ങനെയുള്ള ഫണ്ട് നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ വിനിയോഗിക്കുകയും ചെലവാക്കുകയും ചെയ്യേണ്ടതുമാണ്.

(6) (2) മുതൽ (4) വരെയുള്ള ഉപവകുപ്പുകളിൽ പരാമർശിച്ചിട്ടുള്ള ഗ്രാമപഞ്ചായത്ത് ഫണ്ടിലേക്കോ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിലേക്കോ അഥവാ ജില്ലാ പഞ്ചായത്ത് ഫണ്ടിലേക്കോ വരവ് വച്ചതും (5)-ആം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള മറ്റു ഫണ്ടിലേക്കും വരവുവച്ചതും ആയ തുകകൾ സർക്കാർ നിർദ്ദേശിച്ചേക്കാവുന്ന പ്രകാരം സർക്കാർ ട്രഷറിയിൽ പൊതു നിക്ഷേപ അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതാണ്.

M4[എന്നാൽ, ഏതെങ്കിലും പ്രത്യേക ആവശ്യത്തിനോ പദ്ധതിക്കോ വേണ്ടിയുള്ള ഫണ്ട് ദേശസാൽകൃത ബാങ്കിലോ 1969-ലെ കേരള സഹകരണ സംഘങ്ങൾ ആക്റ്റിൻകീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഏതെങ്കിലും സഹകരണ ബാങ്കിലോ നിക്ഷേപിക്കണമെന്ന് സർക്കാരോ കേന്ദ്രസർക്കാരോ പ്രത്യേകം നിഷ്കർഷിക്കുകയോ അപ്രകാരം ചെയ്യുവാൻ പ്രത്യേകം അനുമതി നൽകുകയോ ചെയ്യുന്നപക്ഷം പ്രസ്തുത ഫണ്ട് അങ്ങനെയുള്ള ബാങ്കുകളിൽ നിക്ഷേപിക്കാവുന്നതാണ്.]

(7) ഈ ആക്റ്റിന്റെയോ മറ്റേതെങ്കിലും നിയമത്തിന്റേയോ കീഴിൽ ലൈസൻസുകൾക്കും അനുവാദങ്ങൾക്കുമായി ഗ്രാമപഞ്ചായത്തിന് കിട്ടിയിട്ടുള്ള എല്ലാ ഫീസും E1[xxx] പ്രസ്തുത ഫീസ് എന്താവശ്യത്തിനുവേണ്ടി ചുമത്തുന്നുവോ അതിനുവേണ്ടി E1[വിനിയോഗിക്കേണ്ടതാണ്.]

E1[(8) സ്കീമുകളും പ്രോജക്ടടുകളും പ്ലാനുകളും നടപ്പാക്കുന്നതിനുവേണ്ടി സർക്കാർ നൽകിയ എല്ലാ ഗ്രാന്റുകളും അങ്ങനെയുള്ള ഗ്രാന്റുകൾ നൽകിയത് ഏതാവശ്യങ്ങൾക്കാണോ ആ ആവശ്യങ്ങൾക്കു വേണ്ടിമാത്രം വിനിയോഗിക്കേണ്ടതാണ്.

(9) പഞ്ചായത്ത് ഈ ആക്റ്റിലോ മറ്റ് ഏതെങ്കിലും നിയമത്തിലോ പറഞ്ഞിട്ടുള്ള അതിന്റെ ഏതെങ്കിലും ചുമതലയുമായി നേരിട്ട് ബന്ധപ്പെടാത്ത ഒരു ആവശ്യത്തിനായി, സർക്കാർ നിശ്ചയിക്കുന്ന വാർഷിക പരിധിയിൽ കവിഞ്ഞ് പഞ്ചായത്ത് ഫണ്ടിൽനിന്നും സംഭാവനയോ ഗ്രാന്റോ നൽകുവാനോ ചെലവ് ചെയ്യു വാനോ പാടുള്ളതല്ല.

(10) പഞ്ചായത്തിന്റെ വിവേചനം അനുസരിച്ചും പഞ്ചായത്ത് അതിന്റെ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയ പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ചെയ്യേണ്ടതായ ചെലവുകൾക്കായി പ്രാദേശികമായി ശേഖരിക്കുന്ന സംഭാവനകളിൽനിന്നും അംശദായത്തിൽനിന്നും ഒരു പ്രത്യേക ഫണ്ട് രൂപീ കരിക്കേണ്ടതും അതിന്റെ രൂപീകരണവും വിനിയോഗവും പഞ്ചായത്ത് ഇതിനായി ഉണ്ടാക്കുന്ന ബൈലാകൾ പ്രകാരമായിരിക്കേണ്ടതുമാണ്.] 


M4. 2005-ലെ 31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.08.2005 മുതൽ പ്രാബല്യത്തില്‍ വന്നു.  
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.