Skip to main content
[vorkady.com]

84. ആകസ്മിക ഒഴിവുകൾ നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പുകൾ

(1) അനുച്ഛേദം 243 ഇ-യിൽ പറഞ്ഞിട്ടുള്ള അതിന്റെ കാലാവധി കഴിയുംമുമ്പ് ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്ത് പിരിച്ചു വിടുകയോ അല്ലെങ്കിൽ ഒരു പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരു അംഗത്തിന്റെ സ്ഥാനം ഒഴിവാകുകയോ, ഒഴിവായതായി പ്രഖ്യാപിക്കപ്പെടുകയോ അല്ലെങ്കിൽ പഞ്ചായത്തിലേക്കുള്ള അയാളുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കപ്പെടുകയോ ചെയ്യുമ്പോൾ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, (2) ആം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി ഗസറ്റു വിജ്ഞാപനം വഴി, അതതു സംഗതിപോലെ, അപ്രകാരമുള്ള പഞ്ചായത്തിലെ നിയോജകമണ്ഡലങ്ങളോടോ ബന്ധപ്പെട്ട നിയോജകമണ്ഡലത്തോടോ അതതു സംഗതിപോലെ, പഞ്ചായത്തുരൂപീകരിക്കുന്നതിനോ അല്ലെങ്കിൽ ഒഴിവു നികത്തുന്നതിനോ വേണ്ടി വിജ്ഞാപനത്തിൽ പറയുന്ന തീയതിക്കു മുൻപ് ഒരു അംഗത്തേയോ, അംഗങ്ങളേയോ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടേണ്ടതും ഈ ആക്റ്റിലേയും അതിൻ കീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളിലേയും ഉത്തരവുകളിലെയും വ്യവസ്ഥകൾ സാദ്ധ്യമാകുന്നിടത്തോളം അങ്ങനെയുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച ബാധകമായിരിക്കുന്നതും ആകുന്നു.

(2) അപ്രകാരം ഉണ്ടായിട്ടുള്ള ഒഴിവ് അപ്രകാരമുള്ള ഏതെങ്കിലും നിയോജകമണ്ഡലത്തിൽ പട്ടികജാതികൾക്കോ, പട്ടികവർഗ്ഗങ്ങൾക്കോ സ്ത്രീകൾക്കോ വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തിലെ ഒഴിവാണെങ്കിൽ (1)-ആം ഉപവകുപ്പിൻ കീഴിൽ പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിൽ ആ സ്ഥാനം നികത്തുന്നതിനുള്ള ആൾ, അതതു സംഗതിപോലെ, പട്ടികജാതികളിലോ, പട്ടികവർഗ്ഗങ്ങളിലോ പെട്ട ആളോ അല്ലെങ്കിൽ ഒരു വനിതയോ ആയിരിക്കണമെന്ന് പ്രത്യേകം പറയേണ്ടതാണ്.